ചികിത്സയില്ല, പ്രതിരോധം മാത്രം; വെസ്റ്റ് നൈല്‍ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കാം
മഴക്കാലം രോഗങ്ങളുടെ പെരുമഴക്കാലം കൂടിയാണെന്ന് പറയുന്നത് വെറുതെയല്ല. അതുവരെ കാണുകയും കേള്‍ക്കുകയും ചെയ്യാത്ത പല രോഗങ്ങളും മഴക്കാലമാകുമ്പോള്‍ മെല്ലെ തലപൊക്കിത്തുടങ്ങും. മഴക്കാലത്തെ വെള്ളക്കെട്ടുകളിലും മലിനജലത്തിലുമൊക്കെ പെറ്റുപെരുകുന്ന എലിയും കൊതുകുമൊക്കെയാണ് മഴക്കാലത്ത് രോഗങ്ങള്‍ പടരാന്‍ പ്രധാന കാരണം. ഡെങ്കിപ്പനിയും എലിപ്പനിയും ചിക്കുന്‍ഗുനിയയുമൊക്കെ കണ്ടു ശീലിച്ചവര്‍ക്ക് അത്ര പരിചിതമല്ലാത്തൊരു പേരാണ് വെസ്റ്റ് നൈല്‍. സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ചുള്ള ഒരു മരണം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതോടെ ആ രോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുന്നു.
പക്ഷികളും കൊതുകുകളുമാണ് ഈ വൈറസിനെ വഹിക്കുന്നത്
ക്യുലക്‌സ് കൊതുകുകള്‍ പരത്തുന്ന പകര്‍ച്ചാവ്യാധിയാണ് വെസ്റ്റ് നൈല്‍. ഡെങ്കിപ്പനിയെയും ചിക്കുന്‍ ഗുനിയയെയും പോലെ അത്രവേഗം പടര്‍ന്ന് പിടിക്കില്ലെങ്കിലും വെസ്റ്റ് നൈലിനെ സൂക്ഷിക്കണം. 1937 ല്‍ ഉഗാണ്ടയിലാണ് ആദ്യമായി വെസ്റ്റ് നൈല്‍ കണ്ടെത്തിയത്. ഫ്ലാവി വിഭാഗത്തില്‍ പെടുന്ന വൈറസുകളാണ് രോഗകാരി. പക്ഷികളും കൊതുകുകളുമാണ് ഈ വൈറസിനെ വഹിക്കുന്നത്. വൈറസ് വാഹകരായ പക്ഷികളില്‍ നിന്ന് ചോരകുടിക്കുന്ന ക്യൂലക്‌സ് കൊതുകുകളാണ് അപകടകാരികളായി മാറുന്നത്. വൈറസ് കൊതുകുകളിലേക്ക് പ്രവേശിക്കുകയും പിന്നീട് അത് മനുഷ്യരിലേക്ക് എത്തുകയും ചെയ്യുന്നു.
കൊതുക് കടിയിലൂടെയാണ് പ്രധാനമായും രോഗം പടര്‍ന്ന് പിടിക്കുക. ഇത് ആളുകളിലൂടെ നേരിട്ടുപകരാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ ചിലപ്പോള്‍ അവയവദാന ശസ്ത്രക്രിയ, രക്തദാനം, മുലപ്പാല്‍ എന്നിവയിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കെത്താന്‍ സാധ്യതയുണ്ട്. ഈ രോഗത്തിന് പ്രതിരോധ വാക്‌സിന്‍ ഇല്ലെന്നതാണ് വലിയ വെല്ലുവിളി, കൊതുകുകടിയേല്‍ക്കാതെ നോക്കുക എന്നത് മാത്രമാണ് മുന്നിലുള്ള പോംവഴി. വലിയ അപകടകാരിയല്ലെങ്കിലും 50 വയസിന് മുകളിലുള്ളവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും ഈ വൈറസ് അപകടകാരിയാണ്.
ലക്ഷണങ്ങള്‍
സാധാരണ വൈറല്‍ പനിക്ക് ഉണ്ടാകുന്ന ലക്ഷണങ്ങള്‍ തന്നെയാണ് വെസ്റ്റ് നൈലിനും ഉണ്ടാകുന്നത്. വൈറസ് ബാധയേറ്റ കൊതുകുകള്‍ കടിച്ചാല്‍ മൂന്ന് മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗബാധയുണ്ടാകും. കണ്ണുവേദന, പനി, ഛര്‍ദ്ദി, ശരീരവേദന, തലവേദന, വയറിളക്കം, ചര്‍മത്തിലെ തടിപ്പുകള്‍ എന്നിവയാണ് ഇതിന്റെ പ്രധാന രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാവരിലും ഇത് പ്രകടമാകണമെന്നില്ല, 80 ശതമാനം പേരിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടാകില്ല. 20 ശതമാനം ആളുകളില്‍ മാത്രമാണ് ലക്ഷണങ്ങള്‍ കാണിക്കുന്നത്.
ഇത് തലച്ചോറിനെ ബാധിച്ചാല്‍ പക്ഷാഘാതം മസ്തിഷ്‌ക ജ്വരം, ബോധക്ഷയം പോലുള്ള ഗുരുതരമായ അവസ്ഥയിലേക്കും പോകാം.
വെസ്റ്റ് നൈലിന്റെ നേരിയ ലക്ഷണങ്ങളുള്ളവര്‍ വളരെ വേഗത്തില്‍ സുഖം പ്രാപിക്കുന്നു. എന്നാല്‍ ചിലരില്‍ ഇത് മാസങ്ങളോളം നീണ്ടു നിന്നേക്കാം. എന്നാല്‍ ഇത് തലച്ചോറിനെ ബാധിച്ചാല്‍ പക്ഷാഘാതം മസ്തിഷ്‌ക ജ്വരം, ബോധക്ഷയം പോലുള്ള ഗുരുതരമായ അവസ്ഥയിലേക്കും പോകാം. രോഗബാധിതരായ ഒരു ശതമാനം ആളുകളില്‍ ഇത് വെസ്റ്റ് നൈല്‍ ന്യൂറോ ഇന്‍വേസീവ് ഡിസീസ് എന്ന അവസ്ഥയിലേക്ക് മാറിപ്പോയേക്കാം. വൈറസ് കേന്ദ നാഡീ വ്യൂഹത്തെ ബാധിക്കുമ്പോൾ മെനിഞ്ചൈറ്റിസ്, മസ്തിഷ്‌ക വീക്കം തുടങ്ങിയ ഗുരുതരമായ അവസ്ഥയിലേക്ക് പോകും. കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നത് ചിലപ്പോള്‍ മരണത്തിലേക്കും കൊണ്ടെത്തിച്ചേക്കാം.
പ്രതിരോധം എങ്ങനെ?
കൃത്യമായൊരു ചികിത്സയില്ലെന്നത് തന്നെയാണ് വെസ്റ്റ് നൈലിന്റെ ഏറ്റവും വലിയ വെല്ലുവിളി. കൊതുകുകടിയില്‍നിന്ന് രക്ഷനേടുക എന്നതാണ് രോഗത്തില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗം. കൊതുകുകള്‍ വളരുന്ന ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുക, കൊതുക് വലകള്‍ ഉപയോഗിക്കുക, ശരീരം മൂടുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സിക്കുക, സ്വയ ചികിത്സ ഒഴിവാക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.