World Cancer Day 2023 |അസമത്വം ഒഴിവാക്കി കാൻസറിനെ നേരിടാം; വേണം തുടര്‍ പരിചരണവും പുനരധിവാസവും
അർബുദത്തെ കുറിച്ചുള്ള അവബോധം മുൻകാലങ്ങളേക്കാൾ മെച്ചപ്പെട്ടെങ്കിലും ഇന്നും കാൻസർ ഒരു ഭീതിയായി സമൂഹത്തിൽ തുടരുന്നു. രോഗലക്ഷണങ്ങൾ കണ്ടിട്ടും മാസങ്ങളോളം ചികിത്സ തേടാതെ, മൂർച്ഛിച്ച ഘട്ടത്തിൽ ആശുപത്രിയിൽ എത്തുന്ന രോഗികൾ 2023ലും ഉണ്ടെന്നുള്ളത് നിർഭാഗ്യകരമാണ്. സാമൂഹ്യ മാധ്യമങ്ങളുടെയും സാങ്കേതിക വിപ്ലവത്തിന്റെയും ഈ കാലത്ത് ചികിത്സയെക്കുറിച്ച് ശരിയായ വിവരം കിട്ടാതെ അല്ലെങ്കിൽ ശരിയായ മാർഗനിർദേശം ലഭിക്കാതെ കാൻസർ രോഗി മരിക്കുന്നു എന്നുള്ളതും ദുഃഖകരമാണ്.
കാൻസർ ചികിത്സയിൽ നിലനിൽക്കുന്ന ഈ അസമത്വങ്ങൾ പരിഹരിക്കുക എന്നതിന് ഊന്നൽ നൽകുന്നതാണ് ഈ വർഷത്തെ കാൻസർ ദിനസന്ദേശം. ക്ലോസ് ദ കെയർ ഗ്യാപ് (Close The Care Gap)
കാൻസർ ചികിത്സയിലുള്ള അസമത്വങ്ങൾ പലതരമാണ്.
● നമ്മുടെ കാൻസർ ചികിത്സാ സൗകര്യങ്ങൾ പര്യാപ്തമാണെങ്കിലും നഗരങ്ങളിൽ ആണ് മിക്ക ചികിത്സ കേന്ദ്രങ്ങളും. അതുകൊണ്ട് തന്നെ ദൂരെ ഗ്രാമങ്ങളിലുള്ള രോഗികൾ ചികിത്സ തേടാൻ വിഷമിക്കുന്നു – അസമത്വം
● നമ്മുടെ കേരളത്തിൽ കേൾക്കാറില്ലെങ്കിലും പെൺകുട്ടി ആയതിന്റെ പേരിൽ ചികിത്സിക്കാൻ മടിക്കുന്ന മാതാപിതാക്കൾ അസാധാരണമല്ല - അസമത്വം
● പ്രായമായ മാതാപിതാക്കളെ കാൻസർ പോലുള്ള രോഗം വന്നാൽ ചികിത്സിക്കേണ്ട എന്ന് ചിന്തിക്കുന്ന മക്കളും അസാധാരണമല്ല. ചിലപ്പോൾ കാര്യമായി പാർശ്വഫലങ്ങൾ ഇല്ലാതെ ചികിത്സിക്കാവുന്ന ഒരു ഘട്ടത്തിൽ ആയിരിക്കും മേൽപ്പറഞ്ഞ കാൻസർ – അസമത്വം
● കാൻസർ ചികിത്സാരംഗത്ത് വന്നിരിക്കുന്ന പുരോഗതി അതിശയിപ്പിക്കുന്നത് തന്നെ. പക്ഷേ ഈ വന്നിരിക്കുന്ന നൂതന ചികിത്സകൾ ചെലവേറിയതാണ്. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത നമ്മുടെ ഭൂരിഭാഗം രോഗികൾക്കും നൂതന ചികിത്സ പലതും ലഭിക്കാതെ പോകുന്നു - അസമത്വം
മേൽപ്പറഞ്ഞ അസമത്വങ്ങളെല്ലാം പരിഹരിക്കാവുന്നതാണ് എന്നത് പ്രതീക്ഷ നൽകുന്ന വസ്തുതയാണ്. കാൻസർ അവബോധം ഇനിയും സമൂഹത്തിൻ്റെ അടിത്തട്ടിലേക്ക് എത്തിക്കാൻ ഇന്നത്തെ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താൻ നാമെല്ലാവരും പ്രയത്നിക്കണം. അറിവില്ലായ്മകൊണ്ട് (രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും) ഉടലെടുക്കുന്ന മേൽപ്പറഞ്ഞ അസമത്വങ്ങളും പരിഹരിക്കാവുന്നതാണ്. നൂതന ചികിത്സകൾ പലതും ചെലവേറിയതാണെങ്കിലും, പല പുതിയ മരുന്നുകളും തദ്ദേശീയമായി നിർമിച്ചു തുടങ്ങുമ്പോൾ ചികിത്സാ ചെലവ് ഗണ്യമായി കുറയുമെന്നത് പ്രത്യാശ നൽകുന്ന വസ്തുതയാണ്. അസമത്വങ്ങൾ ഇല്ലാത്ത ഒരു കാൻസർ ചികിത്സാരംഗം വിദൂരമല്ല എന്ന പ്രതീക്ഷയോടെ ഇത് സാക്ഷാത്കരിക്കാൻ നമുക്കെല്ലാവർക്കും പ്രയത്നിക്കാം.
(തയ്യാറാക്കിയത്: ഡോ. അരുൺ ഫിലിപ്പ്, സീനിയർ ഓങ്കോളജിസ്റ്റ്, ആലുവാ രാജഗിരി ആശുപത്രി)