ബ്രഷിങ് മാത്രം പോര, ശ്രദ്ധിക്കണം വായ്ക്കുള്ളിലെ ഈ എട്ട് ഭാഗങ്ങളും; അവഗണിക്കരുത് ഈ ദന്ത പ്രശ്നങ്ങൾ

ഹാപ്പി മൗത്ത് ഫോര്‍ എ ഹാപ്പി ബോഡി എന്നതാണ് ഈ വര്‍ഷത്തെ ദന്താരോഗ്യ ദിനത്തിന്‌റെ പ്രമേയം തന്നെ

പല്ലുകള്‍... ആരും കാര്യമായ ശ്രദ്ധ കൊടുക്കാത്ത ഒന്നാണ്. ദന്താരോഗ്യത്തിന് ദിവസവും രണ്ടുനേരം പല്ലുതേച്ചാല്‍ മാത്രം മതിയെന്നു കരുതുന്നവരാണ് അധികവും. മോണയില്‍നിന്ന് രക്തം പൊടിഞ്ഞാലോ പല്ലില്‍ ഒരു കേടു കണ്ടാലോ അവഗണിച്ചു വിടാറുമുണ്ട്. അസഹനീയ വേദന വരുമ്പോഴാകും മറ്റ് മാര്‍ഗമില്ലാതെ ഒരു ദന്തരോഗ വിദഗ്ധനെ സമീപിക്കുക. മലയാളികളുടെ ദന്താരോഗ്യ ശീലങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്നും മോശം ദന്താരോഗ്യം ഏതെല്ലാം രോഗങ്ങളിലേക്കു നയിക്കുമെന്നും വിശദമാക്കുകയാണ് ലോകവദനാരോഗ്യ ദിനത്തില്‍ തിരുവനന്തപുരം ഗവ. അര്‍ബന്‍ ഡന്റല്‍ ക്ലിനിക്കിലെ കണ്‍സല്‍റ്റന്‌റ് പെരിയോഡോന്‌റിസ്റ്റ് ഡോ. ജി ആര്‍ മണികണ്ഠന്‍.

ബ്രഷിങ് മാത്രം പോര, ശ്രദ്ധിക്കണം വായ്ക്കുള്ളിലെ ഈ എട്ട് ഭാഗങ്ങളും;  അവഗണിക്കരുത് ഈ ദന്ത പ്രശ്നങ്ങൾ
ഇടവിട്ടുള്ള ഉപവാസം ഹൃദ്രോഗമരണ സാധ്യത വര്‍ധിപ്പിക്കുമോ? പഠനവുമായി ഗവേഷകര്‍

ശരിയായ ദന്താരോഗ്യം നിലനിര്‍ത്തേണ്ടതിന്‌റെ ആവശ്യകത

ഹാപ്പി മൗത്ത് ഫോര്‍ എ ഹാപ്പി ബോഡി എന്നതാണ് ഈ വര്‍ഷത്തെ വദനാരോഗ്യ ദിനത്തിന്‌റെ പ്രമേയംതന്നെ. ശരീരത്തിന്‌റെ മുഴുവന്‍ ആരോഗ്യത്തിന് വദനാരോഗ്യം എത്രത്തോളം പ്രധാനമാണെന്ന് ഈ പ്രമേയംതന്നെ വ്യക്തമാക്കുന്നുണ്ട്. ശരിയായ ദന്താരോഗ്യം നിലനിര്‍ത്തുന്നതില്‍ പലരും ഇപ്പോഴും പരാജയത്തിലാണെന്നതാണ് സത്യം. പലരും ഏറ്റവും അവസാനം പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് ദന്താരോഗ്യം. വര്‍ഷാവര്‍ഷം എക്‌സിക്യൂട്ടീവ് ചെക്ക് അപ്പുകള്‍ നടത്തുന്നവര്‍പോലും പല്ലുകളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കൊടുക്കാറില്ലെന്നതാണ് വാസ്തവം. പത്ത് ശതമാനത്തില്‍ താഴെ ആള്‍ക്കാരായിരിക്കും ഒരു ഡന്‌റല്‍ ചെക്ക് അപ്പിനായി പോകുന്നത്. പല്ലില്‍ ഒരു വേദന അനുഭവപ്പെട്ടാല്‍പോലും കൈയില്‍ കിട്ടുന്ന വേദനസംഹാരിയോ സ്വയം ഏതെങ്കിലും ആന്‌റിബയോട്ടിക്കുകളോ കഴിച്ച് ഫലം കിട്ടിയില്ലെങ്കിലാകും ദന്തരോഗ വിദഗ്ധനെ സമീപിക്കുക. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ആന്‌റിബയോട്ടിക്കുകള്‍പോലും കോഴ്‌സ് പൂര്‍ത്തിയാക്കാതെ വേദന കഴിയുമ്പോള്‍ സ്വയം നിര്‍ത്തുന്നവരുമുണ്ട്. ഇത് ബാക്ടീരിയകള്‍ പൂര്‍ണമായും നശിക്കാത്ത അവസ്ഥ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിന്‌റെ മുഴുവന്‍ ആരോഗ്യം പല്ലുകളെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ് ദന്താരോഗ്യം സംബന്ധിച്ച ശീലങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്താന്‍ ഏവരും ശ്രദ്ധിക്കേണ്ടതുണ്ട്.

വായിലുള്ള പ്രശ്‌നങ്ങള്‍ കേവലം വായില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അത് ശരീരത്തിന്‌റെ മുഴുവന്‍ ആരോഗ്യത്തെയും ബാധിക്കുന്ന ഒന്നാണ്

വായ്‌നാറ്റം മുതല്‍ ഓറല്‍ കാന്‍സര്‍വരെ

പെട്ടെന്ന് ചികിത്സ തേടാന്‍ പ്രേരിപ്പിക്കുന്ന അസുഖങ്ങള്‍ മുതല്‍ ദന്തരോഗ വിദഗ്ധനെ സമീപിക്കാത്ത രോഗങ്ങള്‍വരെ ദന്താരോഗ്യവുമായി ബന്ധപ്പെട്ടുണ്ട്. പല്ലിന്‌റെ പോട് പെട്ടെന്ന് ചികിത്സ എടുക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്. കാരണം അതിന്റെ അഡ്വാന്‍സ് സ്റ്റേജ് എത്തുമ്പോള്‍ അസഹനീയമായ വേദന അനുഭവപ്പെടുമെന്നതുതന്നെ. അസഹനീയമായ വേദനകളില്‍ രണ്ടാം സ്ഥാനമാണ് പല്ലുവേദനയ്ക്ക് പറയുന്നത്. കേരള ആരോഗ്യവകുപ്പില്‍ നടത്തിയ ഒരു പഠനം പറയുന്നത് കേരളത്തിലെ 90 ശതമാനത്തോളം ആളുകളിലും മോണരോഗം ഉണ്ടെന്നാണ്. ദന്താരോഗ്യ പ്രശ്‌നങ്ങളിലെ ഒരു നിശബ്ദ കൊലയാളിയാണ് മോണരോഗം. ദന്തക്ഷയത്തെ അപേക്ഷിച്ച് ഒട്ടുംതന്നെ വേദന അനുഭവപ്പെടില്ല എന്നതാണ് പ്രത്യേകത. ബ്രഷ് ചെയ്യുമ്പോള്‍ വരുന്ന രക്തമോ അല്ലെങ്കില്‍ കോണോ ആപ്പിളോ പോലുള്ളവ കടിക്കുമ്പോള്‍ അതില്‍ വരുന്ന രക്തത്തിന്റെ പാടോ ആയിരിക്കും തുടക്കത്തിലെ ലക്ഷണം. ആ സമയത്ത് ആരും അതത്ര കാര്യമാക്കാറില്ല. കുറച്ചുകൂടി ഗുരുതരമായ ഘട്ടത്തിലേക്കു പോകുമ്പോള്‍ പല്ലുകള്‍ ആടാനും കൊഴിയാനും തുടങ്ങും. കൊഴിയുന്ന ഘട്ടം ആകുമ്പോഴാകും പലരും ഡോക്ടറെ സമീപിക്കുക. അപ്പോഴേക്കും അതിനെ രക്ഷിച്ച് കൊണ്ടുപോകാനുള്ള സമയവും കഴിഞ്ഞിരിക്കും.

ബ്രഷിങ് മാത്രം പോര, ശ്രദ്ധിക്കണം വായ്ക്കുള്ളിലെ ഈ എട്ട് ഭാഗങ്ങളും;  അവഗണിക്കരുത് ഈ ദന്ത പ്രശ്നങ്ങൾ
ചൂട് കൂടുന്നു, കേരളത്തില്‍ ചിക്കന്‍പോക്‌സും വ്യാപിക്കുന്നു; രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദന്തക്ഷയത്തിനും മോണരോഗത്തിനും പുറമേ കാണുന്ന മറ്റൊരു പ്രശ്‌നം പല്ലുപുളിപ്പാണ്. മറ്റൊരു പ്രധാന പ്രശ്‌നം വായ്ക്കകത്ത് വരുന്ന അള്‍സര്‍ അഥവാ വായ്പ്പുണ്ണാണ്. വേദനയോടു കൂടിയ വായ്പ്പുണ്ണുകള്‍ അര്‍ബുദത്തിനു മുന്നോടിയായുള്ളത് ആകണമെന്നില്ല. വേദന ഇല്ലാതെ ആറു മാസമായിട്ടും ഉണങ്ങാതെ നില്‍ക്കുന്ന വായ്പ്പുണ്ണുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ ചിലപ്പോള്‍ പൂര്‍വാര്‍ബുദ അവസ്ഥയിലുള്ളവയാകും. രണ്ടാഴ്ചയില്‍ കൂടുതല്‍ അള്‍സറുകള്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കണ്ട് അര്‍ബുദത്തിന്‌റേതായ മാറ്റങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

സാധാരണയായി കാണപ്പെടുന്ന മറ്റൊരു ദന്താരോഗ്യ പ്രശ്‌നമാണ് വായ്‌നാറ്റം. ഇത് പലരുടെയും ആത്മവിശ്വാസത്തെതന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലെത്തിക്കാറുണ്ട്. എന്തെങ്കിലും അപകടത്തില്‍ പല്ലുകള്‍ പൊട്ടുക, താടിയെല്ലിനുണ്ടാകുന്ന പൊട്ടല്‍ താടിയെല്ലിലെ സന്ധികള്‍ക്കുണ്ടാകുന്ന പ്രശ്‌നം കാരണം വായതുറക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് ദന്താരോഗ്യവുമായി ബന്ധപ്പെട്ട് സാധാരണ കാണപ്പെടുന്ന മറ്റു പ്രശ്‌നങ്ങള്‍.

ദന്താരോഗ്യപ്രശ്‌നങ്ങളും മറ്റ് രോഗങ്ങളും

ദന്താരോഗ്യത്തിന്‌റെ പ്രമേയം സൂചിപ്പിക്കുന്നതുപോലെ വായിലുള്ള പ്രശ്‌നങ്ങള്‍ കേവലം വായില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അത് ശരീരത്തിന്‌റെ മുഴുവന്‍ ആരോഗ്യത്തെയും ബാധിക്കുന്ന ഒന്നാണ്. പഠനങ്ങള്‍ പറയുന്നത് വായിലെ അണുക്കളുമായി ബന്ധപ്പെട്ട് 44-ല്‍പ്പരം അസുഖങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്നാണ്. ദന്താരോഗ്യവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സാധ്യത പറയുന്ന ഒന്ന് പ്രമേഹമാണ്. നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹമുള്ള ഒരാളിന് മോണരോഗം മൂര്‍ഛിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. നേരേ തിരിച്ച് മോണരോഗം നിയന്ത്രണവിധേയമല്ലാത്ത ആളുകളില്‍ പ്രമേഹവും നിയന്ത്രണവിധേയമാകാറില്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മോണവീക്കമുള്ള കേസുകളില്‍ എച്ച്ബിഎവണ്‍സി (മൂന്നു മാസത്തെ പഞ്ചസാരയുടെ ശരാശരി) വളരെക്കൂടുതലായി സൂചിപ്പിക്കുകയും അതിനുശേഷം മരുന്ന് ഉപയോഗിച്ച് ആഴത്തില്‍ പല്ലുകള്‍ വൃത്തിയാക്കിയശേഷം നോക്കിയാല്‍ എച്ച്ബിഎവണ്‍സിയില്‍ ഗണ്യമായ കുറവും കാണാം. മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹരോഗികള്‍ കുറഞ്ഞത് മൂന്നുമാസം കൂടുമ്പോള്‍ ദന്താരോഗ്യ വിദഗ്ധനെ സമീപിച്ച് പരിശോധന നടത്തേണ്ടതുണ്ട്.

ബ്രഷിങ് മാത്രം പോര, ശ്രദ്ധിക്കണം വായ്ക്കുള്ളിലെ ഈ എട്ട് ഭാഗങ്ങളും;  അവഗണിക്കരുത് ഈ ദന്ത പ്രശ്നങ്ങൾ
വിറ്റാമിന്‍ ബി3 കൂടുന്നത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും; അറിഞ്ഞിരിക്കാം അപകടസാധ്യതകള്‍

സിഒപിഡി പോലുള്ള ശ്വാസകോശ രോഗമുള്ളവരിലും ദന്താരോഗ്യം മോശമാകാറുണ്ട്. കോവിഡ് സമയത്ത് ഹമദ് ആശുപത്രി നടത്തിയ പഠനത്തില്‍ കിടന്നു ചികിത്സ വേണ്ടിവന്നവരിലും വെന്‌റിലേറ്ററിലായ രോഗികളിലും ശ്വാസകോശ പ്രശ്‌നത്തിലേക്കു പോയതില്‍ ഒരു ഘടകമായി വായയുടെ ശുചിത്വം പറയുന്നുണ്ട്. വായയുടെ ആരോഗ്യം മോശമായിരുന്നവരില്‍ ശ്വാസകോശരോഗങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോണരോഗത്തിനു കാരണമാകുന്ന ബാക്ടീരിയകള്‍ ഉല്‍പാദിപ്പിക്കുന്ന സ്രവങ്ങള്‍ രക്തത്തിലൂടെ ശരീരത്തിന്‌റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച് ഹൃദയധമനികളിലെ വ്യാസം കുറയ്ക്കുകയും ഹൃദ്രോഗത്തിനു മുന്നോടിയായുള്ള അതിറോസ്‌ക്ലിറോസിസിനു കാരണമാകുകയും ചെയ്യുന്നുണ്ട്. രക്തസമ്മര്‍ദമുള്ളവരും ഹൃദ്രോഗികളും പ്രമേഹരോഗികളും ദന്താരോഗ്യത്തില്‍ അധികശ്രദ്ധ കൊടുക്കണം.

ഒരറ്റത്ത് പ്രമേഹവും മറ്റേ അറ്റത്ത് മോണരോഗവുമുണ്ടെങ്കില്‍ ഇവയ്ക്ക് ഒരു പാലമായി കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ ഒബീസിറ്റി പ്രവര്‍ത്തിക്കുന്നതായി പറയുന്നുണ്ട്. അതായത് ദുര്‍മേദസ് ഉള്ളവരില്‍ മോണരോഗം മൂര്‍ഛിക്കുകയും തിരിച്ച് ഡയബസിറ്റി (പ്രമേഹവും ദുര്‍മേദസുമുള്ള വ്യക്തികളില്‍) ഉള്ളവരില്‍ മോണരോഗ സാധ്യത കൂടുതലുമാണ്.

ഇതിനു പുറമേ പക്ഷാഘാതം, അല്‍ഷിമേഴ്‌സ് എന്നിവയുമായും മോണരോഗത്തിനു ബന്ധമുണ്ട്. ഗര്‍ഭിണികളിലെ നിയന്ത്രണവിധേയമല്ലാത്ത മോണവീക്കം ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെ പ്രതികൂലമായി ബാധിക്കുകയും ഭാരക്കുറവുള്ള കുഞ്ഞുങ്ങള്‍ക്കും മാസം തികയാതെയുള്ള പ്രസവത്തിനും അബോര്‍ഷനും കാരണമാകുന്നതായും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ദന്തപ്രശ്‌നങ്ങള്‍ ഗുരുതരമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട വായിലെ മാറ്റങ്ങള്‍

സ്വയം ചികിത്സയ്ക്കു പകരം സ്വയം പരിശോധന നടത്തുക. ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുന്നതിനൊപ്പം എട്ട് ഭാഗങ്ങള്‍ സ്വയം പരിശോധിക്കുകയും വേണം. ചുണ്ടിന്‌റെ ഉപരിഭാഗം, ചുണ്ടിന്‌റെ വശങ്ങള്‍, ചുണ്ടിന്‌റെ ഉള്‍ഭാഗം, കവിളിന്‌റെ ഉള്‍ഭാഗം, നാവിന്‌റെ വശങ്ങള്‍, നാവിന്‌റെ അടിഭാഗം, മോണ, അണ്ണാക്ക് ഈ എട്ട് ഭാഗങ്ങള്‍ എല്ലാ ദിവസവും നിരീക്ഷിക്കണം. എങ്കില്‍ മാത്രമേ എന്തെങ്കിലും മാറ്റം ഉണ്ടായാല്‍ മനസിലാക്കാനാകൂ.

ഏഷ്യന്‍ രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓറല്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതായി കാണാം. ഇതില്‍ എല്ലാവര്‍ക്കും അര്‍ബുദത്തിലേക്കു നയിക്കുന്ന ശീലം വേണമെന്നു നിര്‍ബന്ധമില്ല. പുകവലി ശീലമുള്ളവര്‍ക്കോ പുകവലി ജന്യ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കോ മാത്രം ഓറല്‍ കാന്‍സര്‍ വരണമെന്നില്ല. വിഷാദ രോഗമുള്ളവര്‍ക്കും ഒരുപാട് വിഷമം അനുഭവിക്കുന്ന ആള്‍ക്കാര്‍ക്കുമൊക്കെ അതുവഴിയുണ്ടാകുന്ന രാസവസ്തുക്കള്‍ പലപ്പോഴും ഓറല്‍ കാന്‍സറുണ്ടാക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദൈനംദിന ഭക്ഷണശീലങ്ങള്‍, അതായത് അജിനോമോട്ട പോലുള്ളതും കളര്‍ ചേര്‍ന്ന ഭക്ഷണപദാര്‍ഥങ്ങളിലുമൊക്കെയുള്ള കെമിക്കലുകള്‍ ജനിതകവ്യവസ്ഥയില്‍ ഒരാഘാതം സൃഷ്ടിച്ചിട്ടുണ്ടാകും. ഇതിനെ ഫസ്റ്റ് ഹിറ്റ് എന്നു പറയും. രണ്ടാമത്തെ ഹിറ്റ് എപ്പോഴാണ് കിട്ടുന്നതെന്നതാണ് കാന്‍സര്‍ എപ്പോള്‍ വരണമെന്ന് തീരുമാനിക്കുന്നത്. ചിലര്‍ക്ക് ജീവിതാവസാനംവരെ ഒരു ഹിറ്റ് ആയിരിക്കും. അതായത് കാന്‍സറിനു കാരണമാകുന്ന ഒരു ശീലം വേണമെന്ന് നിര്‍ബന്ധമില്ല.

ബ്രഷിങ് മാത്രം പോര, ശ്രദ്ധിക്കണം വായ്ക്കുള്ളിലെ ഈ എട്ട് ഭാഗങ്ങളും;  അവഗണിക്കരുത് ഈ ദന്ത പ്രശ്നങ്ങൾ
ജപ്പാൻ ആരോഗ്യമേഖലയ്ക്ക് വെല്ലുവിളി ഉയർത്തി 'സ്ട്രെപ് ടോക്സിക് ഷോക്ക്'; കാരണം കണ്ടെത്താനാകാതെ ആരോഗ്യപ്രവർത്തകർ

നേരത്തേ തിരിച്ചറിയാന്‍ പറ്റുന്ന ഒന്നാണ് ഓറല്‍ കാന്‍സര്‍. ഓറല്‍ കാന്‍സറിന്‌റെ പൂര്‍വാര്‍ബുദ അവസ്ഥകളില്‍ ഏറ്റവും പ്രധാനമാണ് ലൂക്കോപ്ലേക്കിയ അഥവാ ധവളപടലം എന്നു പറയുന്ന വെള്ളപ്പാട. ഇതുപോലെയുള്ള മറ്റൊന്നാണ് വായിലുള്ള വെള്ളപ്പാട. അത്പക്ഷേ നാവില്‍ ഒരു സ്പൂണ്‍വച്ച് ഉരസുമ്പോള്‍ പാട പോലെ ഇളകിവരും. ഇത് ഫംഗസാണ്. ലൂക്കോപ്ലേക്കിയ സ്പൂണ്‍വച്ച് ഉരസിയാല്‍ ഇളകിപ്പോരാത്തതാണ്. ഇതുപോലെ ചുവന്ന പാടുകളുമുണ്ട്. ഇതിനെ ശോണപടലം എന്നു പറയും. ഇവയ്ക്ക് ഒട്ടും വേദന അനുഭവപ്പെടില്ല. കുറച്ച്‌നാള്‍ കഴിയുമ്പോള്‍ ഇത് കാന്‍സറിനു കാരണമായി മാറും. ആദ്യ സ്‌റ്റേജില്‍ ഇത് കണ്ടെത്താന്‍ കഴിഞ്ഞാല്‍ അടുത്ത സ്‌റ്റേജിലേക്ക് കടക്കാതെ തടയാനാകും. എല്ലാ ദിവസവും ബ്രഷ് ചെയ്യുമ്പോള്‍ മാറ്റങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്.

പുകയില ഉപയോഗിക്കാതെ മുറുക്കുന്ന ചില ആള്‍ക്കാരുണ്ട്. അവരുടെ വിചാരം പുകയില ഉപയോഗിക്കാത്തതുകൊണ്ട് പ്രശ്‌നമില്ലെന്നാണ്. എന്നാല്‍ പുകയിലയോടൊപ്പം പ്രശ്‌നമുള്ള ഒന്നാണ് അടയ്ക്ക അഥവാ പാക്ക്. പാക്കിലുള്ള ചില ആല്‍ക്കലോയ്ഡുകളാണ് ഓറല്‍ സബ്മ്യൂക്കസ് ഫൈബ്രോസിസ് എന്ന അവസ്ഥ ഉണ്ടാക്കുന്നത്. വായിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളാണ് ഇത്തരം അവസ്ഥയിലേക്കെത്തിക്കുന്നത്. അതിനാല്‍ ദിവസവും വായ പരിശോധിച്ച് മാറ്റങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തണം.

പല്ലും തലച്ചോറും തമ്മില്‍ ബന്ധമുണ്ടെന്നും പല്ല് പിഴുതെടുക്കുമ്പോള്‍ തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്നും മുകളിലെ കോമ്പല്ല് എടുക്കാന്‍ പാടില്ല, അത് കണ്ണുമായി ബന്ധപ്പെട്ടുള്ളതാണെന്നും കാഴ്ച പോകുമെന്നൊക്കെ പറയാറുണ്ട്. ഇവയെല്ലാം വെറും തെറ്റിദ്ധാരണ മാത്രമാണ്

ദന്തക്ഷയത്തിന് മുന്നോടിയായി ആദ്യം വരുന്നത് ചോക്കിട്ട് ഉരയ്ക്കുമ്പോഴുള്ളതുപോലെ ചെറിയ വെള്ളപ്പാടുകളായിരിക്കും. കുറച്ചുകൂടിയാകുമ്പോള്‍ അത് കടുകുമണിയുടെ വലുപ്പത്തിലാകും. ആദ്യമേ ദന്തരോഗ വിദഗ്ധനെ സമീപിച്ചാല്‍ ചെറിയൊരു ഫില്ലിങ്ങില്‍ ഈ പ്രശ്‌നം പരിഹരിക്കാനായേക്കും.

മോണരോഗത്തിന്‌റേതായി കാണുന്ന ആദ്യ ലക്ഷണം പല്ലുതേയ്ക്കുമ്പോഴുണ്ടാകുന്ന ബ്ലീഡിങ്ങോ മോണയിലുണ്ടാകുന്ന നിറവ്യത്യാസമോ ആയിരിക്കും. ഇതും നേരത്തേ കണ്ടെത്തിയാല്‍ അടുത്ത സ്‌റ്റേജിലേക്കെത്താതെ തടയാനാകും.

ദന്താരോഗ്യവുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍

പല്ലും തലച്ചോറും തമ്മില്‍ ബന്ധമുണ്ടെന്നും പല്ല് പിഴുതെടുക്കുമ്പോള്‍ തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്നും മുകളിലെ കോമ്പല്ല് എടുക്കാന്‍ പാടില്ല, അത് കണ്ണുമായി ബന്ധപ്പെട്ടുള്ളതാണെന്നും കാഴ്ച പോകുമെന്നൊക്കെ പറയാറുണ്ട്. ഇവയെല്ലാം വെറും തെറ്റിദ്ധാരണ മാത്രമാണ്. മറ്റ് മാര്‍ഗങ്ങളില്ലെങ്കില്‍ മാത്രമേ ഇപ്പോള്‍ പല്ല് എടുക്കാറുള്ളു. പല്ല് എടുക്കുന്നത് തലച്ചോറുമായോ കാഴ്ചയോ കേള്‍വിയുമായോ ഒന്നും ബന്ധപ്പെടുന്നില്ല.

റൂട്ട് കനാല്‍ ചികിത്സയിലൂടെയോ മോണരോഗത്തിന്‌റെ ചികിത്സയിലൂടെയോ ഒരു രീതിയിലും രക്ഷപ്പെടുത്താന്‍ സാധിക്കില്ലെന്ന് ഉറപ്പുള്ള പല്ലുകള്‍ മാത്രമേ ഇപ്പോള്‍ എടുക്കാറുള്ളു. പല്ലില്‍ കമ്പി ഇടുക പോലുള്ള ചികിത്സയുടെ ഭാഗമായും പല്ലുകള്‍ നീക്കം ചെയ്യാറുണ്ട്. ദന്തക്ഷയംവന്നാല്‍ റൂട്ട് കനാല്‍ ചികിത്സയിലൂടെ പല്ല് നീക്കം ചെയ്യാതെ സംരക്ഷിക്കാം. റൂട്ട് കനാല്‍ ചികിത്സവീണ്ടും ആവര്‍ത്തിക്കേണ്ടി വരുമെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ ചിലപ്പോള്‍ ഒരു അഞ്ച് ശതമാനം കേസുകളില്‍ വീണ്ടും അണുബാധ ഉണ്ടാക്കാം. 95 മുതല്‍ 97 ശതമാനം കേസുകളിലും കൃത്യമായി ചെയ്താല്‍ വിജയസാധ്യത കൂടിയ ചികിത്സാരീതിയാണ് റൂട്ട് കനാല്‍.

ബ്രഷിങ് മാത്രം പോര, ശ്രദ്ധിക്കണം വായ്ക്കുള്ളിലെ ഈ എട്ട് ഭാഗങ്ങളും;  അവഗണിക്കരുത് ഈ ദന്ത പ്രശ്നങ്ങൾ
'റെസ്ഡിഫ്ര'; നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ പ്രതിരോധത്തിനുള്ള ആദ്യ മരുന്ന്, എഫ്ഡിഎ അംഗീകാരം

ദന്താരോഗ്യ ചികിത്സയില്‍ വന്ന മാറ്റങ്ങളും എഐയുടെ സ്വാധീനവും

2020 മുതല്‍ ഇങ്ങോട്ട് ഡിജിറ്റല്‍ ഡന്‌റിസ്ട്രി എന്നു പറയാറുണ്ട്. പണ്ട് പല്ലിന്‌റെ അളവെടുക്കണമെങ്കില്‍ പേസ്റ്റും ഒരു വസ്തുവുമൊക്കെ ഉപയോഗിച്ചായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്‌കാനേഴ്‌സ് ഉപയോഗിച്ച് 15 മിനിട്ടുകൊണ്ട് മുഴുവന്‍ പല്ലുകളുടെയും അളവെടുക്കാന്‍ സാധിക്കും. പല്ല് മുഴുവന്‍ എടുത്തശേഷം പുതിയ പല്ല് വയ്ക്കണമെങ്കില്‍ മോണ ഉണങ്ങിയശേഷം മൂന്നുമാസംവരെയൊക്കെ കാത്തിരിക്കേണ്ടി വരുമായിരുന്നു. ഇപ്പള്‍ 48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ മുഴുവന്‍ പല്ലുകളും വയ്ക്കാന്‍ സാധിക്കും.

ഭിന്നശേഷി കുട്ടികളിലും നിര്‍ദേശങ്ങള്‍ അനുസരിക്കാനാകാത്ത കുട്ടികളിലും ദന്തചികിത്സ പ്രയാസമുള്ള ഒന്നായിരുന്നു. ഇവര്‍ക്ക് അനസ്‌തേഷ്യയൊക്കെ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാലിപ്പോള്‍ കോണ്‍ഷ്യസ് സഡേഷന്‍ വഴി ഇത് എളുപ്പത്തിലാക്കാം. അതായത് കുട്ടി ബോധത്തിലായിരിക്കും, അതേസമയം ചെറിയ മയക്കത്തിലുമായിരിക്കും. നൈട്രസ് ഓക്‌സൈഡ് എന്ന വാതകത്തിന്‌റെ സഹായത്തോടെ ഡന്‌റല്‍ ചെയറില്‍തന്നെ സൗകര്യപ്രദമായി ദന്തചികിത്സ ചെയ്യാനാകും.

ബ്രഷിങ് മാത്രം പോര, ശ്രദ്ധിക്കണം വായ്ക്കുള്ളിലെ ഈ എട്ട് ഭാഗങ്ങളും;  അവഗണിക്കരുത് ഈ ദന്ത പ്രശ്നങ്ങൾ
ലോക ഉറക്കദിനം: നിസാരമല്ല ഉറക്കമില്ലായ്മ; കാത്തിരിക്കുന്നത് പ്രമേഹം മുതല്‍ അര്‍ബുദം വരെയുള്ള രോഗങ്ങള്‍

നിര്‍മിത ബുദ്ധിയില്‍ ചില സങ്കീര്‍ണ നാഡീവ്യൂഹങ്ങളുണ്ട്. അത് ദന്തചികിത്സയുടെ ചില മേഖലകളിലൊക്കെ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഓറല്‍ കാന്‍സറിനു മുന്നോടിയായി ചില ദശകളില്‍ നഗ്നനേത്രങ്ങള്‍കൊണ്ട് തിരിച്ചറിയാനാകാത്ത മാറ്റങ്ങളുണ്ടാകാറുണ്ട്. ലൈറ്റ് ഉപയോഗിച്ച് ഇവ തിരിച്ചറിയുന്ന ടെക്‌നോളജി ഇപ്പോഴുണ്ട്. മൈക്രോലെവലിലുള്ള കാര്യങ്ങള്‍ കുറച്ചുകൂടി വേഗത്തില്‍ എഐ വഴി മനസിലാക്കാനാകും. 2030 ആകുമ്പോഴേക്കും ദന്തക്ഷയത്തിലും മോണരോഗത്തിലുമൊക്കെ രോഗനിര്‍ണയത്തിന് എഐ സഹായിക്കും.

എന്നാല്‍ നിര്‍മിതബുദ്ധിക്ക് ചില പരിമിതികളുമുണ്ട്. ഡേറ്റാബേസും ഇതിനനുസരിച്ച് വിപുലപ്പെടുത്തേണ്ടി വരും. എഐ കൃത്യമായി എടുക്കണമെങ്കില്‍ അതിനനുസരിച്ചുള്ള ഇന്‍പുട്ട് നല്‍കേണ്ടിവരും. രേഖപ്പെടുത്തുന്ന വിവരങ്ങളില്‍ എന്തെങ്കിലും തെറ്റ് വന്നാല്‍ പതിന്‍മടങ്ങായാകും എഐ രജിസ്റ്റര്‍ ചെയ്യുന്നത്.

ദന്താരോഗ്യ ശീലങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍

ബോധവല്‍ക്കരണം നല്‍കുന്നതനുസരിച്ച് ആളുകള്‍ ദന്താരോഗ്യത്തെക്കുറിച്ച് ബോധവാന്‍മാരാകുന്നുണ്ട്. എങ്കിലും വിദ്യാസമ്പന്നരമായി മുന്നിലുള്ളവരില്‍പ്പോലും ഓറല്‍ഹൈജീന്‍ ചിലപ്പോള്‍ വളരെ മോശമായി കാണാറുണ്ട്. പല്ലുകളുടെ സംരക്ഷണം എങ്ങനെ നല്‍കണമെന്നത് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ കുറച്ച്കൂടി വ്യത്യാസം വരാന്‍ സാധ്യതയുണ്ട്.

ശാസ്ത്രീയമായ രീതിയില്‍ എല്ലാ ദിവസവും ബ്രഷ് ചെയ്യുക. ദിവസവും വായ നിരീക്ഷിക്കുകയും മാറ്റങ്ങള്‍ തിരിച്ചറിയുകയും ചെയ്യുക, വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും ദന്താരോഗ്യ വിദഗ്ധനെ സമീപിച്ച് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തുക. മോണയുടെ ആരോഗ്യം അടിസ്ഥാനമായി ഉണ്ടായിരിക്കണം. ആരോഗ്യമുള്ള പല്ലുകള്‍ക്കായി കൃത്യമായ ദന്താരോഗ്യ നിര്‍ദേശങ്ങള്‍ പിന്തുടരുക, അനാവശ്യ മരുന്നുകളും സ്വയം ചികിത്സയും ഒഴിവാക്കുക. ദന്താരോഗ്യ പ്രശ്‌നങ്ങള്‍ ശരീരത്തിന്‌റെ മുഴുവന്‍ ആരോഗ്യത്തെയും ബാധിക്കുമെന്ന് ഓര്‍ക്കുക.

Related Stories

No stories found.
logo
The Fourth
www.thefourthnews.in