ഗ്രാമീണ സ്ത്രീകളുടെ മെന്‍സ്ട്രല്‍ കപ്പ് വിപ്ലവം; ആർത്തവ ശുചിത്വത്തിന്റെ കനകപുര മാതൃക
ആര്‍ത്തവ ശുചിത്വത്തില്‍ നാഴികക്കല്ലാവുന്ന പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കര്‍ണാടകയിലെ കനകപുര ഗ്രാമം. കനകപുരയിലെ 36 വില്ലേജുകളില്‍ നിന്നുള്ള 8000ത്തിലധികം സ്ത്രീകള്‍ മെന്‍സ്ട്രല്‍ കപ്പിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. ആര്‍ത്തവത്തെ കുറിച്ചും ആര്‍ത്തവ ശുചിത്വത്തെ കുറിച്ചും സംസാരിക്കാന്‍ ഇന്ത്യയില്‍ നഗരങ്ങളിലെ സ്ത്രീകള്‍ പോലും മടിക്കുന്നുവെന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഗ്രാമീണ സ്ത്രീകളുടെ ഈ മുന്നേറ്റം.
രണ്ട് വര്‍ഷം മുന്‍പാണ് കനകപുരയില്‍ 'അസാന്‍ മെൻസ്ട്രൽ കപ്പ് കമ്പനി'യുടെയും 'ബേളകു ട്രസ്റ്റി'ന്റേയും നേതൃത്വത്തില്‍ സ്ത്രീ ശുചിത്വം ലക്ഷ്യമാക്കിയുള്ള ക്യാമ്പയിനിന് തുടക്കമിട്ടത്. കനകപുരയിലെ പ്രായമായ സ്ത്രീകള്‍ തുണിയും യുവതികള്‍ പാഡും മാത്രമായിരുന്നു അതുവരേയും ഉപയോഗിച്ച് പോന്നത്. അവര്‍ക്കിടയിലേക്കാണ് മെന്‍സ്ട്രല്‍ കപ്പിന്റെ സാധ്യതകള്‍ അവതരിപ്പിച്ചത്.
ആര്‍ത്തവ ദിവസങ്ങളില്‍ തുണി ഉപയോഗിക്കുന്നത് വലിയ പ്രായോഗിക പ്രശ്‌നങ്ങളാണ് സ്ത്രീകൾക്കുണ്ടാക്കിയിരുന്നത് . ശുചിയാക്കി സൂക്ഷിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. തുണികള്‍ കഴുകിയ ശേഷം എവിടെ ഉണക്കുമെന്നതായിരുന്നു പ്രതിസന്ധിയെന്ന് കനകപുരയിലെ അമ്മമാര്‍ പറയുന്നു. അര്‍ധരാത്രി വരെ കാത്തിരുന്ന ശേഷം ആരും കാണാതെ ആര്‍ത്തവ തുണികള്‍ അലക്കുകയും ഉണക്കിയെടുക്കുകയും ചെയ്യേണ്ടിയിരുന്ന കാലം അവസാനിച്ചതില്‍ ഏറെ സന്തുഷ്ടരാണ് ഓരോരുത്തരും. പാഡ് ഉപയോഗിക്കുന്ന സ്ത്രീകൾ, വലിയ വില കൊടുക്കാനില്ലാത്തതിനാല്‍ ഗുണമേന്മ കുറഞ്ഞ കമ്പനികളുടെ ഉത്പന്നങ്ങളായിരുന്നു ആശ്രയിച്ചിരുന്നത്. ഉപയോഗിച്ച പാഡ് നശിപ്പിക്കലായിരുന്നു അവരുടെ പ്രധാന പ്രശ്നം. ഉപയോഗശേഷം പൊതിഞ്ഞ് കിടക്കയ്ക്കടിയിലാണ് പാഡുകള്‍ സൂക്ഷിച്ചിരുന്നത്. ആര്‍ത്തവ ദിവസങ്ങള്‍ അവസാനിക്കുമ്പോള്‍ ഗ്രാമം ഉറങ്ങിയതിന് ശേഷം, അർധരാത്രിയിൽ കത്തിച്ചുകളയുന്നതായിരുന്നു രീതി. ''അതെല്ലാം പഴങ്കഥയായിരിക്കുന്നു. ഇപ്പോള്‍ ആര്‍ത്തവ ദിവസങ്ങളെ പേടിക്കാറേയില്ല. ഇത്ര മനോഹരമായി ഈ ദിവസങ്ങള്‍ കടന്നുപോകുമെന്ന് സ്വപ്നം കണ്ടത് പോലുമല്ല'' കനകപുരയിലെ സ്ത്രീകള്‍ പറയുന്നു.
കാലമേറെയായി പേറുന്ന ആർത്തവ ദിവസങ്ങളിലെ ഈ ബുദ്ധിമുട്ടുകൾ ജീവിതം പോലും വെറുക്കുന്ന വിധം സ്ത്രീകളെ മാറ്റിയിരുന്നു. ജീവിതം സുന്ദരമാക്കണമെന്ന ആഗ്രഹമാണ് കനകപുരയിലെ സ്ത്രീകളെ മെൻസ്ട്രൽ കപ്പിനെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. ആദ്യമാദ്യം ചെറിയ പേടിയൊക്കെ ഉണ്ടായിരുന്നെങ്കിലും അവരെല്ലാം വേഗത്തില്‍ തന്നെ പുതിയ രീതിയോട് തദ്ദാത്മ്യപ്പെട്ടെന്ന് ക്യാമ്പയിനിന് നേതൃത്വം നൽകിയവർ പറയുന്നു. സുരക്ഷിത ആർത്തവ ദിനങ്ങൾ, ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ദൈനംദിന പ്രവൃത്തികൾ ചെയ്യാനാവുക, പാഡിനായി മാറ്റിവെച്ചിരുന്ന തുക സമ്പാദ്യത്തിലേക്ക് മാറ്റാനാവുക തുടങ്ങി എത്രയോ സാധ്യതകളാണ് മെൻസ്ട്രൽ കപ്പിലൂടെ കനകപുരയിലെ സ്ത്രീകൾ നേടിയെടുത്തത്.
ഓരോ വീടുകളും കയറിയിറങ്ങി മെന്‍സ്ട്രല്‍ കപ്പ് ഉപയോഗത്തിന്റെ സാധ്യതകളെ പറ്റി സംസാരിച്ചാണ് ബോധവത്കരണം നടത്തിയത് . മെന്‍സ്ട്രല്‍ കപ്പ് ഉപയോഗത്തെ കുറിച്ചുള്ള വിശദമായ വീഡിയോകളും ഇവരെ കാണിച്ചു. 10 വില്ലേജുകളില്‍ 2500 സ്ത്രീകള്‍ക്ക് കപ്പ് വിതരണം ചെയ്തായിരുന്നു തുടക്കം. ഇപ്പോഴത് 36 വില്ലേജുകളിലെ 8000 സ്ത്രീകളിലെത്തി നില്‍ക്കുന്നു. ഇനിയും കൂടുതല്‍ ഗ്രാമീണ സ്ത്രീകളിലേക്ക് മെന്‍സ്ട്രല്‍ കപ്പ് ബോധവത്കരണം എത്തിക്കണമെന്നാണ് ക്യാമ്പയിന്റെ ലക്ഷ്യം.