യജമാനദമ്പതികളെ തേടി വളർത്തുപൂച്ച താണ്ടിയത് 1300 കിലോമീറ്റർ; താരമായി റെയ്ൻ ബു
തന്റെ യജമാനദമ്പതികളെ തേടി 1300 കിലോമീറ്ററുകളോളം നടന്ന് ഒടുവിൽ ചിലരുടെ സഹായത്തോടെ അവരെ കണ്ടെത്തിയ ഒരു പൂച്ചയെക്കുറിച്ച് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ വിശ്വസിച്ചേ പറ്റൂ, സംഭവം നടന്നത് അമേരിക്കയിലാണ്. റെയ്ൻ ബു എന്ന വളർത്തുപൂച്ചയാണ് കഥയിലെ നായകൻ.
ജൂണിൽ അമേരിക്കയിലെ യെല്ലോ സ്റ്റോൺ ദേശീയോദ്യാനം സന്ദർശിക്കവെയാണ് ബെന്നി-സൂസൻ ദമ്പതികൾക്ക് അവരുടെ പ്രിയപ്പെട്ട വളർത്തു പൂച്ച റെയ്‌ൻ ബുവിനെ നഷ്ടപ്പെടുന്നത്. അവിടെയെല്ലാം ഒരുപാട് തേടിയെങ്കിലും കണ്ടെത്താനായില്ല. വളരെയധികം വേദനയോടെ ആണെങ്കിലും അവർ മടങ്ങി. പിന്നീട് 60 ദിവസങ്ങൾക്കിപ്പുറമാണ് ദമ്പതികൾക്ക് ഒരു ഫോൺ കോൾ വരുന്നത്. റെയ്ൻ ബുവിന്റെ ദേഹത്ത് ഘടിപ്പിച്ചിട്ടുള്ള ട്രാക്കിങ് ചിപ്പിൽനിന്ന് സിഗ്നൽ ലഭിച്ചുവെന്നായിരുന്നു ആ സന്ദേശം.
അമേരിക്കയിലെ ചില സംസ്ഥാനങ്ങളേക്കാൾ കൂടുതൽ വിസ്‌തീർണമുള്ള പ്രദേശമാണ് യെല്ലോസ്റ്റോൺ വനമേഖല. അവിടെ ചുറ്റിക്കറങ്ങുന്നതിനിടെ എന്തിനെയോ കണ്ട് വനത്തിനുള്ളിലേക്ക് ഓടിപോകുകയായിരുന്നു റെയ്ൻ ബു. ഒടുവിൽ തിരികെയെത്തിയപ്പോൾ യജമാനന്മാർ പോയിക്കഴിഞ്ഞിരുന്നു. പിന്നീട് അവരെ തേടിയുള്ള നടപ്പായിരുന്നു. അങ്ങനെ റെയ്ൻ ബു താണ്ടിയത് 1,287 കിലോമീറ്ററാണ്. നടന്ന് കാലിഫോർണിയയിലെത്തിയ റെയ്ൻ ബുവിനെ ഒരു സ്ത്രീയാണ് അടുത്തുള്ള മൃഗ സംരക്ഷണ വകുപ്പിന് കൈമാറിയത്.
ഓഗസ്റ്റ് ആദ്യമായാണ് റെയ്ൻ ബുവിന്റെ ശരീരത്തിലെ മൈക്രോ ചിപ്പിൽനിന്ന് സിഗ്നൽ ലഭിച്ചത്. അതോടെയാണ് പെറ്റ് വാച്ച് എന്ന മൃഗസംരക്ഷണ സൊസൈറ്റി ബെന്നി -സൂസൻ ദമ്പതികൾക്ക് വിവരം കൈമാറുന്നത്. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം തിരികെ ലഭിച്ച തങ്ങളുടെ വളർത്തുപൂച്ചയുടെ കഥ, സൂസൻ ഫേസ്ബുക്കിലാണ് ആദ്യം കുറിച്ചത്. റെയ്ൻ ബുവിന് ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളും ആഹാരങ്ങളും എല്ലാദിവസവും ഒരുക്കി വയ്ക്കുമായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.
ഒരു പൂച്ച ആയിരത്തിലധികം കിലോമീറ്ററുകൾ നടന്നുവെന്ന അത്ഭുതമാണ് ദമ്പതികൾക്കും കഥ കേട്ട എല്ലാവർക്കും. അതേകുറിച്ച് വിവരം എന്തെങ്കിലും ലഭിക്കുന്നവർ അറിയിക്കണമെന്നും സൂസന്റെ ഫേസ്ബുക് കുറിപ്പിൽ അഭ്യർത്ഥിച്ചിരുന്നു.