വീണ്ടും മാസ്കുകളുടെ കാലം; അനുഭവം പാഠമാക്കാം
രാജ്യത്ത് കോവിഡ് 19, എച്ച്3എൻ2 കേസുകൾ വീണ്ടും വർധിക്കുന്നെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കോവിഡ് കൂടുതല്‍ ആളുകളിലേക്ക് പകരാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോവിഡ് -19 വാക്സിനും മറ്റ് പ്രതിരോധ നടപടികളും സ്വീകരിക്കുന്നതിന്റെ ഭാഗമായി പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുന്നതും പ്രധാനമാണ്. കോവിഡിനെതിരെ പ്രതിരോധം തീർക്കാൻ ഏത് മാസ്കാണ് മികച്ചതെന്ന് പലപ്പോഴും സംശയമുണ്ടാകാം. സർജിക്കൽ മാസ്കുകൾ, തുണി മാസ്കുകൾ, എൻ 95, കെഎൻ 95 മുതലായ ധാരാളം മാസ്കുകൾ വിപണിയിൽ ലഭ്യമാണ്. ഏത് മാസ്കാണ് മികച്ച സംരക്ഷണം നൽകുന്നത്, അവ എങ്ങനെ തിരഞ്ഞെടുക്കാം തുടങ്ങിയ സംശയങ്ങൾ സ്വാഭാവികമാണ്.
മാസ്കുകളിൽ ഏതാണ് മികച്ചത്?
കോവിഡ് 19, എച്ച് 3 എൻ 2 തുടങ്ങിയവ വായുവിലൂടെ പകരുന്നതിനാൽ, മാസ്ക് ധരിക്കുക പ്രധാനമാണ്. മാസ്കുകൾ മൂക്കും വായും കൃത്യമായി മൂടുന്നുണ്ടെന്ന് ഉറപ്പാക്കണം.
കെഎൻ 95, എൻ 95 മാസ്‌കുകള്‍ സമാനമായതും ഏറ്റവും കൂടുതൽ സംരക്ഷണം നൽകുന്നതുമാണ്. സുരക്ഷയുടെ കാര്യത്തിൽ ഇതിന് തൊട്ടുതാഴെ വരും സർജിക്കൽ മാസ്കുകൾ. തുണി മാസ്കുകകളാണ് സുരക്ഷയിൽ ഏറ്റവും പിറകിൽ. എന്നാൽ മാസ്ക് ധരിക്കാത്തതിലും ഭേദമാണ് ഏതെങ്കിലും ഒരു മാസ്ക് ധരിക്കുന്നത്.
എൻ 95 മാസ്കുകൾ 95 ശതമാനവും വായൂ കണങ്ങളെ പ്രതിരോധിക്കുന്നതായാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കൂടുതൽ അപകട സാധ്യതയില്ലാത്ത അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവർക്ക് തുണി മാസ്ക്കുകള്‍ ഉപയോഗിക്കാം. മാളുകള്‍, കടകള്‍ തുടങ്ങി പൊതുവിടങ്ങളില്‍ ജോലി ചെയ്യുന്നവർക്കും ബസ് ഡ്രൈവർമാർ ഉള്‍പ്പെടെയുള്ളവർക്കും സർജിക്കല്‍ മാസ്കുകള്‍ മികച്ച സംരക്ഷണം നല്‍കുന്നു. എന്നാല്‍, കോവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തുന്നവർക്കും ഹൈ റിസ്ക് വിഭാഗത്തിൽ പെട്ടവർക്കും എൻ 95 /കെഎൻ95 മാസ്‌കുകളാണ് ഉത്തമം.
കോട്ടൻ തുണി മാസ്കുകൾ എല്ലാ ദിവസവും മാറ്റേണ്ടത് നിർബന്ധമാണ്. അവ സോപ്പ് ഉപയോഗിച്ച് കഴുകി വെയിലിൽ ഉണക്കിയെടുത്തശേഷം മാത്രമേ പിന്നീട് ഉപയോഗിക്കാൻ പാടുള്ളൂ. അലർജിയുള്ളവർ എൻ 95 ഉപയോഗിക്കുന്നതാണ് ഉത്തമം
മാസ്കുകൾ എങ്ങനെ ഉപയോഗിക്കണം?
മാസ്കുകൾ ഉപയോഗിക്കുന്നതിൽ മാത്രമല്ല, കൃത്യമായ ഇടവേളകളിൽ അവ മാറ്റുന്നതിലും ശ്രദ്ധവേണം. കെഎൻ 95, എൻ 95 മാസ്‌കുകള്‍ ഒറ്റത്തവണ ഉപയോഗിക്കാനായാണ് നിർമിച്ചിരിക്കുന്നത്. എന്നാൽ, ദിവസേന കുറച്ചു സമയത്തേക്കാണ് ഉപയോഗിക്കുന്നതെങ്കിൽ അവ രണ്ടോ മൂന്നോ ദിവസം വരെ ഉപയോഗിക്കാം.
തുണി മാസ്കുകൾ കഴുകി ഉപയോഗിക്കാവുന്നതാണ്. അതേസമയം, സർജിക്കൽ മാസ്കുകൾ ഒറ്റത്തവണ ഉപയോഗത്തിനാണ്. കൃത്യമായ ഇടവേളകളിൽ ഇവ മാറ്റേണ്ടതുണ്ട്. അവ ഏറിയാൽ ആറ് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ മാത്രമേ സംരക്ഷണം നൽകുന്നുള്ളൂ. കോട്ടൻ തുണി മാസ്കുകൾ എല്ലാ ദിവസവും മാറ്റേണ്ടത് നിർബന്ധമാണ്. അവ സോപ്പ് ഉപയോഗിച്ച് കഴുകി വെയിലിൽ ഉണക്കിയെടുത്തശേഷം മാത്രമേ പിന്നീട് ഉപയോഗിക്കാൻ പാടുള്ളൂ. അലർജിയുള്ളവർ എൻ 95 ഉപയോഗിക്കുന്നതാണ് ഉത്തമമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
കോവിഡ് കേസുകള്‍ അനുദിനം വർധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,158 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം 44,998 ആയി.