മിന്നിത്തിളങ്ങാൻ വേണ്ടത് ഫിനാൻഷ്യൽ ഫ്രീഡം; വനിതാ ദിനത്തിൽ പോസ്റ്ററുകളുമായി താരങ്ങള്‍
സ്ത്രീകൾക്ക് ഫ്രീഡം മാത്രമല്ല വേണ്ടത്, ഫിനാൻഷ്യൽ ഫ്രീഡമാണ്. മിന്നല്‍ മുരളിയിലെ ഉഷ്യ്ക്ക് ജീവിതം മുഴുവന്‍ ഓരോരുത്തരെ ആശ്രയിക്കേണ്ടി വന്നു, സ്വന്തമായി വരുമാനമില്ലാത്തതിനാല്‍. നിങ്ങള്‍ ബ്രൂസ്ലീ വിജിയെ പോലെയാവൂ...സ്വന്തം കാലില്‍ നില്‍ക്കൂ. പറയുന്നത് ബേസില്‍ ജോസഫാണ്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ശ്രദ്ധേയമായ ക്യാംപെയ്നുമായി വനിതാ ശിശു വികസന വകുപ്പ് രംഗത്തെത്തിയത്. സിനിമാ രംഗത്ത് നിന്നുളളവരാണ് ക്യാമ്പയിന്റെ ഭാഗമായി അണിനിരന്നത്. ഇനി വേണം പ്രതികരണം എന്ന ഹാഷ് ടാഗോടെയാണ് ക്യാമ്പയ്ൻ
നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ സിനിമയായ മിന്നൽ മുരളിയിലെ ഉഷ ഓരോ കാലത്തും ഓരോ വ്യക്തികളെ ആശ്രയിച്ചിരുന്നത് സാമ്പത്തികമായ അസമത്വം നേരിട്ടതിനാലായിരുന്നു. മിന്നിത്തിളങ്ങാൻ സ്ത്രീകൾക്ക് വേണ്ടത് ഫിനാൻഷ്യൽ ഫ്രീഡമാണെന്നും, അക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നുമാണ് വീഡിയോയിലൂടെ താരം പറയുന്നത്.
'ജാക്കി വെപ്പ് ജോക്കല്ല' എന്ന പോസ്റ്ററുമായി നിൽക്കുന്ന അനാർക്കലി മരിക്കാറിന്റെ പോസ്റ്റാണ് ഇതിൽ ഏറെ ചർച്ചയായത്. വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ മോണ്‍സ്റ്ററിലെ സംഭാഷണങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പോസ്റ്റർ. മോൺസ്റ്ററിലെ ചില സംഭാഷണങ്ങൾ സ്ത്രീ വിരുദ്ധമാണെന്ന വിമർശനം ഉയർന്നിരുന്നു. സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങൾ തമാശയായി കാണാനുളളതല്ലെന്നും അത്തരം തമാശകളെ നിസ്സാരമാക്കി കാണേണ്ടെന്നും പ്രതികരിക്കണമെന്നുമാണ് പോസ്റ്റിൽ പറയുന്നത്.
സ്ത്രീധനം ചോദിക്കുന്ന വരനെ ഇനി ആവശ്യമില്ലെന്ന പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് നടി നിരഞ്ജന അനൂപാണ്. ഇതിന് പുറമെ തുല്യവേതനം അവകാശമാണെന്നും അത് നടപ്പാക്കാത്ത കാലത്തോളം നീതി നടപ്പാകില്ലെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ഒരേ ജോലിക്ക് ഒരേ കൂലി എന്ന് ക്യാപ്ഷനോടു കൂടിയ പോസ്റ്റ് സംവിധായിക മോനിഷ മോഹനാണ് പങ്കുവെച്ചിരിക്കുന്നത്. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വേതന അസമത്വങ്ങൾക്കെതിരെയാണ് പോസ്റ്റ്. ഇത് സ്ത്രീ സമൂഹത്തിന് വേണ്ടി മാത്രമുളള പോരാട്ടമല്ലെന്നും ആരോഗ്യകരമായ ഒരു സമൂഹത്തിന് വേണ്ടിയുളള പോരാട്ടം കൂടിയാണെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.