പുസ്തകമേളയില്‍ ഉടലെടുത്ത ആശയം; സൗദിയിലുണ്ട് വനിതകള്‍ക്ക് മാത്രമായൊരു പ്രസിദ്ധീകരണ സ്ഥാപനം
വനിതകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യമായ സൗദി അറേബ്യയില്‍ നിന്ന് അടുത്തകാലത്തായി സ്ത്രീ സ്വാതന്ത്ര്യത്തിന്റെ നല്ല വാര്‍ത്തകളാണ് വരുന്നത്. ഇക്കൂട്ടത്തില്‍ ഇടം പിടിക്കുകയാണ് സൗദി അറേബ്യയിൽ സ്ത്രീകൾ നടത്തുന്ന ആദ്യത്തെ പബ്ലിഷിങ് ഹൗസ്. നാല് വർഷം മുൻപ് കിഴക്കൻ പ്രവിശ്യയിൽ നടന്ന ഒരു പുസ്തകമേളയിൽ പങ്കെടുത്ത സൗദി വനിതകളുടെ കൂട്ടായ്മയാണ് ഈ പ്രസിദ്ധീകരണ സ്ഥാപനം ആരംഭിച്ചത്.
വനിതാ എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഈ സ്ഥാപനം അച്ചടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത്. രാജ്യത്തിന്റ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സംഭവം. തുടക്കക്കാരായ എഴുത്തുകാരെയും ഈ വനിതാ കൂട്ടായ്മ പ്രോത്സാഹിപ്പിക്കുന്നു. ജോലിക്കാരിൽ 90 ശതമാനവും സ്ത്രീകളാണ് എന്നതാണ് താന്‍ ഈ സ്ഥാപനത്തിലേക്ക് എത്താന്‍ കാരണമെന്ന് എഴുത്തുകാരി ഫാത്മ അൽ ബക്‌ഷി പറയുന്നു.
സൗദി അറേബ്യയില്‍ സ്ത്രീ സ്വാതന്ത്ര്യവും അവകാശവുമായി ബന്ധപ്പെട്ട നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിച്ചുവരികയാണ്. ഒരു കാലത്ത് സ്ത്രീകൾക്ക് പരിമിതികൾ ഏറെയായിരുന്നു. സ്ത്രീകൾക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഒരു വലിയ മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു. രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച വിഷൻ 2030, തൊഴില്‍ രംഗത്തുള്ള സ്ത്രീകളുടെ വളർച്ചയടക്കം നിരവധി മാറ്റങ്ങളാണ് രാജ്യത്ത് കൊണ്ടുവന്നത്. ഭരണ-നയതന്ത്ര തലത്തിലടക്കം സ്ത്രീ സാന്നിധ്യം കാണാം.