പെണ്‍കൂട്ടിന്റെ കരുത്തായി പ്രയാണ

പെണ്‍കൂട്ടിന്റെ കരുത്തായി പ്രയാണ

സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് പ്രാക്കോള്‍
Updated on
2 min read

'ഒരു സ്ത്രീക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യം, അവളുടെ യഥാര്‍ത്ഥ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുകയാണ് ' - അമേരിക്കന്‍ എഴുത്തുകാരിയും ഫെമിനിസ്റ്റുമായ അഡ്രിയന്‍ റിച്ച് പറഞ്ഞത് പോലെ സ്ത്രീകള്‍ക്കായി അവരുടെ യഥാര്‍ഥ സാധ്യതകളെ തുറന്നുകാട്ടുകയാണ് പ്രാക്കോള്‍. സ്ത്രീ ശാക്തീകരണത്തില്‍ വലിയ മുന്നേറ്റമാകുകയാണ് പ്രാക്കോള്‍ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ഒരുകൂട്ടം സ്ത്രീകള്‍. സ്ത്രീ ശാത്കീകരണം ലക്ഷ്യമാക്കി സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് പ്രാക്കോള്‍.

ഇന്ത്യയിലെ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം പുരുഷന്മാരെ അപേക്ഷിച്ച് താരതമ്യേനെ വളരെ കുറവാണ്. സ്ത്രീകള്‍ക്ക് സംരഭകത്വത്തിലേക്ക് വരണമെന്നുണ്ടെങ്കിലും സാമ്പത്തിക പിന്തുണ ഇല്ലാത്തതും സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന പലവിധ തടസങ്ങളുമൊക്കെ അവരെ പിന്നോട്ട് വലിക്കും. ഇവിടെയാണ് പ്രാക്കോളിന്റെ പ്രാധാന്യം. പ്രാക്കോളിലൂടെ കുറച്ച് സ്ത്രീകള്‍ ചേര്‍ന്ന് കുറേ സ്ത്രീകളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കാനുള്ള ശ്രമത്തിലാണ്. സ്വന്തമായി ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിറ്റഴിക്കാന്‍ സാധിക്കാതെ വരുന്ന സ്ത്രീ സംരഭകര്‍ക്ക് പ്രാക്കോള്‍ എന്ന ഇ-കൊമോഴ്സ് സൈറ്റില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. അവര്‍ക്ക് ഉത്പന്നങ്ങള്‍ ഈ പ്ലാറ്റ്ഫോം വഴി വിറ്റഴിക്കാം. വിപണി കണ്ടെത്താനും മറ്റ് പിന്തുണകള്‍ക്കും പ്രാക്കോള്‍ അവരെ സഹായിക്കും.

 ചീഫ് ഒപ്പറേറ്റിങ്ങ് ഓഫീസര്‍ നിഷാ സോമന്‍
ചീഫ് ഒപ്പറേറ്റിങ്ങ് ഓഫീസര്‍ നിഷാ സോമന്‍

പ്രയാണ കളക്ടീവ് എന്നതിന്റെ ചുരുക്കരൂപമാണ് പ്രാക്കോള്‍. ടീം അംഗങ്ങള്‍ പലരും പലയിടത്തായത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും പരിമിതികള്‍ എല്ലാം മറികടന്ന് പ്ലാറ്റ്ഫോം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ടെന്ന് സ്ഥാപനത്തിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ നിഷാ സോമന്‍ 'ദ ഫോര്‍ത്തി'നോട് പറഞ്ഞു. ഈ വര്‍ഷം തന്നെ മറ്റ് രാജ്യങ്ങളിലേക്ക് കൂടി ഉത്പന്നങ്ങള്‍ കയറ്റി അയക്കാനുള്ള ശ്രമത്തിലാണ് പ്രാക്കോള്‍ ടീം. 2019ല്‍ അഞ്ച് സ്ത്രീകള്‍ ചേര്‍ന്ന് ആരംഭിച്ച പ്ലാറ്റ്ഫോം മറ്റ് പിന്തുണകള്‍ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് തന്നെ ഇപ്പോള്‍ മാത്രമാണ് വരുമാനം ഉണ്ടാക്കാന്‍ തുടങ്ങിയതെന്ന് നിഷ പറയുന്നു.

ഗ്രാമങ്ങളില്‍ വനിതാ സംരംഭകത്വത്തിന് ധാരാളം സാധ്യത ഉണ്ടെങ്കിലും മതിയായ പരിശീലനമോ മൂലധനമോ പലര്‍ക്കും ലഭിക്കാറില്ല. കുടുംബശ്രീയുടേത് പോലുള്ള പദ്ധതികള്‍ ഗ്രാമങ്ങളില്‍ സ്ത്രീശാക്തീകരണത്തിനായുണ്ടെങ്കിലും സംരംഭകത്വത്തിലേക്ക് എത്തുന്നത് വിരലിലെണ്ണാവുന്ന സ്ത്രീകള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ ഗ്രാമീണ - വനിതാ സംരംഭകര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കി ഒരു വലിയ സാമൂഹിക മാറ്റത്തിനാണ് പ്രാക്കോള്‍ ലക്ഷ്യമിടുന്നത്. വനിതകള്‍ക്ക് സംരംഭക പരിശീലനം, മാര്‍ഗ നിര്‍ദേശം, സൗജന്യ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം, സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നല്‍കി വനിതാ സംരഭകരെ സൃഷ്ടിക്കുന്നതില്‍ പ്രോക്കോള്‍ വലിയ പങ്കുവഹിക്കുന്നു.

ആരോഗ്യപരവും സുസ്ഥിരവുമായ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിലാണ് കൂട്ടായ്മ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് നിഷ സോമന്‍ പറയുന്നു. വളര്‍ന്നുവരുന്ന സംരംഭകരുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ്, അവരുടെ ബ്രാന്‍ഡ് ഓണ്‍ലൈനില്‍ പ്രോത്സാഹിപ്പിച്ച്, വിപണി ഉണ്ടാക്കിക്കൊടുക്കുന്ന ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തനമാണ് പ്രാക്കോളിന്റേത്.

സിഇഒ ഡോക്ടര്‍ ചന്ദ്ര വദന
സിഇഒ ഡോക്ടര്‍ ചന്ദ്ര വദന

പതിമൂന്നോളം സ്ത്രീകള്‍ അമരക്കാരായ പ്രാക്കോളിന്റെ സിഇഒ ഡോക്ടര്‍ ചന്ദ്ര വദനയാണ്. ഒരു സാമൂഹിക സംരംഭകയായ ചന്ദ്ര, സംരംഭകത്വ വഴികളില്‍ നേരിട്ട ബുദ്ധിമുട്ടുകളില്‍ നിന്നാണ് ഇത്തരത്തിലുള്ള സ്ത്രീകള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലേക്ക് എത്തുന്നത്. അവിടെ നിന്നാണ് ഒരുപാട് സ്ത്രീകളെ അവരുടെ സ്വപ്നങ്ങളിലേക്ക് വഴി നടത്താന്‍ സഹായിക്കുന്നതിനായി പ്രാക്കോള്‍ ആരംഭിക്കുന്നത്. ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ നിഷാ സോമന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം വനിതകളാണ് പ്രാക്കോളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകുന്നത്.

വനിതാ സംരംഭകരുടെ വലിയൊരു മുന്നേറ്റത്തിന് ലക്ഷ്യമിടുന്ന പ്രാക്കോള്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും നിഷ പറയുന്നു. ആയിരക്കണക്കിന് സ്ത്രീകളെ സ്വന്തംകാലില്‍ നില്‍ക്കാന്‍ സഹായിക്കാനും രാജ്യത്തിന്റെ വികസത്തിന് മുതല്‍കൂട്ടാകാനും പ്രാക്കോളിന് സാധിക്കും. ഒറ്റയ്ക്ക് പോരാടുന്ന ഒരു സ്ത്രീയുടെ മുന്നില്‍ ദുഷ്‌കരമായൊരു യാത്രയുണ്ട്. ആ യാത്ര എളുപ്പമാക്കാനായി വിജയത്തിലേക്ക് ഒരുമിച്ചു മുന്നേറുകയാണ് പ്രക്കോളിലൂടെ ഒരു കൂട്ടം സ്ത്രീകള്‍.

logo
The Fourth
www.thefourthnews.in