ഗാസയിൽ പത്ത് ലക്ഷത്തിലധികം പേര്‍ പട്ടിണിക്കും മരണത്തിനും ഇടയില്‍; ജൂലൈ പകുതിയോടെ ക്ഷാമം മൂര്‍ധന്യാവസ്ഥയിലെത്തും

ഗാസയിൽ പത്ത് ലക്ഷത്തിലധികം പേര്‍ പട്ടിണിക്കും മരണത്തിനും ഇടയില്‍; ജൂലൈ പകുതിയോടെ ക്ഷാമം മൂര്‍ധന്യാവസ്ഥയിലെത്തും

പോഷകാഹാരക്കുറവും പട്ടിണിയും ഗാസയിലെ കുട്ടികളെ നിത്യരോഗാവസ്ഥയിലേക്ക് തള്ളിവിടുകയാണ്.
Updated on
2 min read

ഇസ്രയേല്‍ ആക്രമണത്തില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ട ഗാസയ്ക്ക് മുന്നിലുള്ളത് വലിയ മാനുഷിക പ്രതിസന്ധിയെന്ന് മുന്നറിയിപ്പ്. യുദ്ധക്കെടുതിയ്‌ക്കൊപ്പം വിശപ്പ് ദുരിതം വിതച്ച ഗാസയില്‍ ഇതിനോടകം നിരവധി പലസ്തീനികള്‍ മരണത്തിന് കീഴടങ്ങിക്കഴിഞ്ഞു. പോഷകാഹാരക്കുറവും പട്ടിണിയും ഗാസയിലെ കുട്ടികളെ നിത്യരോഗാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. ഗാസയില്‍ ക്ഷാമം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടില്ല എന്നത് മാത്രമാണ് യാഥാര്‍ഥ്യമെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ഗാസയിലെ വടക്കന്‍ മേഖലയില്‍ ജൂലൈ 15നകം പത്ത് ലക്ഷത്തോളം പേര്‍ പട്ടിണിയും മരണവും നേരിടേണ്ടിവരുമെന്നാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്യൂസ് നെറ്റ് എന്ന സംഘടന ചൂണ്ടിക്കാട്ടുന്നത്.

ഗാസയിലെ പട്ടിണിയുടെ വ്യാപ്തി ഇതുവരെ പൂര്‍ണമായി വെളിപ്പെട്ടിട്ടില്ല. വിവര ശേഖരണത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും സൈനിക നടപടി തിരിച്ചടിയാകുന്ന നിലയുണ്ട്. പലസ്തീനികള്‍ നേരിട്ട ഭക്ഷ്യക്ഷാമത്തിന്റെ യഥാര്‍ഥ കണക്ക് പുറത്തുവരാതിരിക്കുന്ന സാഹചര്യത്തില്‍ മേഖല ക്ഷാമം എന്ന അവസ്ഥയിലേക്ക് എത്തിപ്പെട്ടിട്ടുണ്ടോ എന്നതാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്നും സംഘടനകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാസയിൽ പത്ത് ലക്ഷത്തിലധികം പേര്‍ പട്ടിണിക്കും മരണത്തിനും ഇടയില്‍; ജൂലൈ പകുതിയോടെ ക്ഷാമം മൂര്‍ധന്യാവസ്ഥയിലെത്തും
'പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണം'; ലോകരാജ്യങ്ങളോട് യുഎ‍ൻ വിദഗ്ധസംഘത്തിന്റെ ആഹ്വാനം

പട്ടിണിയുടെ മൂര്‍ധന്യം അഥവാ ക്ഷാമം എന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ള അന്താരാഷ്ട്ര മാനദണ്ഡം കണക്കാക്കുന്നത് ഒരു പ്രദേശത്തെ 20 ശതമാനം കുടുംബങ്ങളും ഭക്ഷണത്തിന്റെ കടുത്ത അഭാവത്തെ അഭിമുഖീകരിക്കുന്ന നിലയുണ്ടാകുമ്പോഴാണ്. കുട്ടികളില്‍ മൂന്നിലൊന്ന് പേരും പോഷകാഹാരക്കുറവ് നേരിടുന്ന സാഹചര്യവും ക്ഷാമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നു. പതിനായിരം പേരില്‍ രണ്ട് മുതിര്‍ന്നവരോ നാല് കുട്ടികളോ മതിയായ ഭക്ഷണത്തിന്റെ അഭാവത്തില്‍ മരിക്കുന്ന സാഹചര്യവും ക്ഷാമത്തിന്റെ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവിടെയാണ് ഗാസയിലെ യഥാർഥ കണക്കുകള്‍ ലഭ്യമല്ലെന്ന അന്താരാഷ്ട്ര ഏജന്‍സികളുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

അതേസമയം മധ്യ ഗാസയിലെ വിവിധ മേഖലകളില്‍ ഇസ്രയേല്‍ ഇപ്പോഴും കനത്ത ആക്രമണം അഴിച്ചുവിടുകയാണ്. അല്‍ നുസേറിയത്തിലെ യുഎന്‍ ദുരിതാശ്വാസ ക്യാമ്പിന് സമീപം ഉണ്ടായ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ഭരണകൂടം അറിയിച്ചു. അതിഭീകരമായ കൂട്ടക്കൊല എന്നാണ് പലസ്തീന്‍ ആരോഗ്യ വിഭാഗം ആക്രമണത്തെ വിശേഷിപ്പിച്ചത്. ആക്രമണത്തില്‍ മുപ്പതില്‍ അധികം പേര്‍ കൊല്ലപ്പെട്ടു എന്നാണ് പലസ്തീന്‍ ന്യൂസ് ഏജന്‍സിയായ വഫ പറയുന്നത്.

ഗാസയിൽ പത്ത് ലക്ഷത്തിലധികം പേര്‍ പട്ടിണിക്കും മരണത്തിനും ഇടയില്‍; ജൂലൈ പകുതിയോടെ ക്ഷാമം മൂര്‍ധന്യാവസ്ഥയിലെത്തും
അമേരിക്കയുടെ ഗാസ വെടിനിർത്തല്‍ കരാർ അംഗീകരിച്ച് ഇസ്രയേല്‍; സഖ്യസർക്കാരിനെ നിലനിർത്താന്‍ നെതന്യാഹു

മധ്യ ഗാസയിലെ ഡെയ്ര്‍ അല്‍ ബലായില്‍ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായി ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ആറുപേരുടെ മൃതദേഹം പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സന്നദ്ധസേവകര്‍ കണ്ടെടുത്തു. ഷെല്ലാക്രമണമുണ്ടായ അല്‍ ജഫ്രാവിയില്‍ പരുക്കേറ്റ എട്ടുപേരെ ആശുപത്രിയിലേക്കുമാറ്റി.

അതിനുമുമ്പായി മധ്യ ഗാസയിലെ അല്‍ മഗാസി, അല്‍ ബുറെയ്ജ് അഭയാര്‍ഥിക്യാമ്പുകളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആരോഗ്യസംവിധാനങ്ങള്‍ താറുമാറായ മധ്യഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ പരിക്കേറ്റവരെ ചികിത്സിക്കാന്‍ ബന്ധുക്കള്‍ ബുദ്ധിമുട്ടുകയാണ്. അല്‍ അഖ്സ ആശുപത്രി മാത്രമാണ് പ്രവര്‍ത്തനക്ഷമമായ ഏക ആശുപത്രി. മധ്യഗാസയില്‍ കഴിയുന്ന പത്ത് ലക്ഷത്തോളം പേരും ഈ ആശുപത്രിയെ ആശ്രയിച്ചാണ് കഴിയുന്നത്. റഫായില്‍നിന്നു കുടിയൊഴിഞ്ഞെത്തിയതുള്‍പ്പെടെ മേഖലയില്‍ ഇപ്പോഴുള്ള 10 ലക്ഷത്തോളം പേരുടെ ഏക അത്താണിയാണത്. അതേസമയം ഗാസയിലെ ആകെ മരണം 36,586 ആയി.

logo
The Fourth
www.thefourthnews.in