കടലാഴത്തിലേക്ക് ലോകം കണ്ണുനട്ട നാല് നാൾ; ടൈറ്റൻ പേടകത്തെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍

കടലാഴത്തിലേക്ക് ലോകം കണ്ണുനട്ട നാല് നാൾ; ടൈറ്റൻ പേടകത്തെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍

ടൈറ്റാനിക്ക് കാണാൻ വിനോദസഞ്ചാരികളുമായി പോയ ടൈറ്റൻ പേടകം കടലാഴങ്ങളിൽ മറഞ്ഞിട്ട് നാല് നാൾ. രക്ഷാപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ ചില സൂചനകൾ പ്രതീക്ഷ നല്‍കുന്നതാണ്
Updated on
4 min read

111 വര്‍ഷം മുന്‍പ് അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ആഡംബര കപ്പല്‍ ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സമുദ്രാന്തര സാഹസിക വിനോദയാത്രപോയ ടൈറ്റന്‍ പേടകത്തിനുവേണ്ടിയുള്ള അന്വേഷണം ഊർജിതമായി തുടരുകയാണ്. സമുദ്ര പേടകം കാണാതായിട്ട് ഇന്നേക്ക് നാല് ദിവസമായെങ്കിലും പ്രതീക്ഷ നല്‍കുന്ന ഒട്ടേറെ കാര്യങ്ങള്‍ രക്ഷാ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് എത്തുന്നുണ്ട്. പേടകത്തെക്കുറിച്ചും രക്ഷാപ്രവർത്തനത്തെക്കുറിച്ചും പ്രധാനപ്പെട്ട 10 കാര്യങ്ങൾ അറിയാം.

1. ടൈറ്റൻ മറഞ്ഞത് ഞായറാഴ്ച രാവിലെ എട്ടോടെ

ഞായറാഴ്ച രാവിലെ ആറിനാണ് (പ്രാദേശിക സമയം രാവിലെ ആറിന്) അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴത്തിലേക്ക് യാത്ര തിരിച്ച ടൈറ്റൻ പേടകം എട്ടുമണിയോടെ അപകടത്തിൽപ്പെട്ടതായതാണ് കരുതുന്നത്. യാത്ര തിരിച്ച് 1.45 മണിക്കൂറിനുശേഷം പേടകവുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. 1912ൽ മഞ്ഞുമലയിലിടിച്ച് തകർന്ന ടൈറ്റാനിക് കപ്പൽ കിടക്കുന്ന 3,800 മീറ്ററി(12,500 അടി)ലേക്ക് പേടകം എത്താൻ ഏകദേശം 2.5 മണിക്കൂർ എടുക്കും. പേടകത്തിന് എന്താണ് സംഭവിച്ചതെന്നോ എങ്ങനെയാണ് ആശയവിനിമയ ബന്ധം നഷ്ടമായതെന്നോ കപ്പലിന് എത്രത്തോളം അടുത്തെത്തിയെന്നോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

2. തിരച്ചിൽ നടത്തിയത് 25,900 ചതുരശ്ര കിലോ മീറ്ററിൽ

പേടകം കണ്ടെത്താനായി ഇതുവരെ പരിശോധിച്ചത് 10,000 ചതുരശ്ര മൈൽ (25,900 ചതുരശ്ര കിലോ മീറ്റർ). കാനഡയിലെ ന്യൂ ഫൗണ്ട്‌ലാന്‍ഡിലെ സെന്റ് ജോൺസിൽനിന്നാണ് ഞായറാഴ്ച തിരച്ചിൽ ആരംഭിച്ചത്. എന്നാൽ ഇതുവരെ പേടകം കണ്ടെത്താനായിട്ടില്ല. കാലാവസ്ഥയില്‍ ഇടക്കിടെയുണ്ടാവുന്ന മാറ്റങ്ങളാണ് രക്ഷപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്. യു എസ് കോസ്റ്റ് ഗാര്‍ഡ്, കനേഡിയന്‍ ജോയിന്റ് റെസ്‌ക്യൂ സെന്റര്‍, ഫ്രാന്‍സില്‍നിന്നുള്ള ഗവേഷണ കപ്പലുകള്‍ എന്നിവയാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായിരിക്കുന്നത്.

3. പ്രതീക്ഷയായി ശബ്ദ തരംഗം

ടൈറ്റൻ പേടകത്തില്‍നിന്നുള്ളതെന്ന് കരുതുന്ന ശബ്ദതരംഗങ്ങൾ ലഭിച്ചുവെന്നതാണ് അതിജീവനം സംബന്ധിച്ച് ആശ്വാസം നൽകുന്ന ഏറ്റവും പുതിയ വാര്‍ത്ത. തിരിച്ചലിനിടെ കടലിന്റെ അടിത്തട്ടിൽനിന്ന് മുഴക്കങ്ങൾ കേട്ടതായി യുഎസ് കോസ്റ്റ് ഗാർഡ് അറിയിക്കുകയായിരുന്നു. അറ്റലാന്‍റിക് സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് കാനഡയുടെ പി-3 നിരീക്ഷണ വിമാനമാണ് മുഴക്കങ്ങൾ പിടിച്ചെടുത്തത്. സോണാര്‍ കിരണങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഓരോ 30 മിനുട്ടിനിടയിലും മുഴക്കം കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സ്ഥലത്ത് വിശദമായ തിരച്ചിൽ പുരോഗമിക്കുകയാണ്.

4. അവശേഷിക്കുന്നത് വ്യാഴാഴ്ച രാവിലെ വരെയുള്ള ഓക്‌സിജന്‍

പേടകത്തില്‍ ഇനി 24 മണിക്കൂറത്തേക്കുള്ള ഓക്‌സിജന്‍ മാത്രമാണുള്ളതെന്നാണ് ഇന്ന് രാവിലെ പുറത്തുവന്ന റിപ്പോർട്ടുകൾ. വ്യാഴാഴ്ച രാവിലെ ഉപയോഗിക്കാനുള്ള ഓക്സിജൻ പേടകത്തിലുണ്ടെന്ന് ഓഷ്യൻ ഗേറ്റ് എക്സ്പിഡീഷൻസ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നു. അടിയന്തര ഉപയോഗത്തിനായി 96 മണിക്കൂറത്തേക്കുള്ള ഓക്‌സിജനാണ് ടൈറ്റനില്‍ സൂക്ഷിച്ചിരുന്നതെന്നും കമ്പനി വെബ്സൈറ്റ് പറയുന്നു.

5. നിയന്ത്രണം നഷ്ടമാകാൻ കാരണം കൺട്രോളറിന്റെ പ്രശ്നമോ?

സഹായക്കപ്പലിൽ ഒരു ചങ്ങാടത്തിലാണ് സമുദ്രപേടകം അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് കൊണ്ടുപോവുക. സമുദ്രപേടകം വെള്ളത്തിൽ മുങ്ങുന്നതോടെ ചങ്ങാടത്തിൽ നിന്ന് വേർപ്പെടും. ടൈറ്റൻ പേടകം നിയന്ത്രിക്കാന്‍ ഉപയോഗിച്ചത് ഓഫ്-ദി-ഷെല്‍ഫ് ലോജിടെക് ഗെയിമിങ് കണ്‍ട്രോളറാണ്. സിബിഎസ് ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. അത്തരമൊരു കണ്‍ട്രോളര്‍ ഉപയോഗിച്ച് ടൈറ്റന്‍ പ്രവര്‍ത്തിപ്പിച്ചതാവാം പേടകം മുങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

6. ടൈറ്റനിലുള്ളത് ഉടമയടക്കം 5 പേർ

ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്സാദ ദാവൂദ്, മകന്‍ സുലേമാന്‍ എന്നിവരും ടൈറ്റന്‍ ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്‌സ്പെഡീഷന്‍സിന്റെ സിഇഒ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ് ടൈറ്റൻ പേടകത്തിലുള്ളത്.

7. മിനി വാനിന്റെ വലുപ്പം, 5 പേർക്കുള്ള യാത്രയ്ക്ക് സൗകര്യം

മുങ്ങിക്കപ്പലുകള്‍ക്ക് സമാനമായതും എന്നാല്‍ വളരെ പരിമിതമായ പരിധിക്കുള്ളില്‍ സഞ്ചരിക്കുന്നതുമായ ജലവാഹനങ്ങളാണ് സമുദ്രപേടകങ്ങള്‍. ഇത് വിന്യസിക്കാനും വീണ്ടെടുക്കാനും ഒരു സഹായ കപ്പൽ ആവശ്യമാണ്. ലോഞ്ചിങ് പ്ലാറ്റ്‌ഫോമിൽനിന്ന് വേർപ്പെട്ടാൽ മണിക്കൂറിൽ നാല് കിലോമീറ്റർ വേഗത്തിലാണ് പേടകം സഞ്ചരിക്കുക

അഞ്ച് പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം മാത്രമാണ് സമുദ്രവാഹിനിക്കകത്ത് ഉണ്ടാവുക. ഒരു പൈലറ്റും നാല് യാത്രക്കാരും. ഒരു മിനിവാനിന്റെ അത്രയും സ്ഥലമുള്ള ടൈറ്റൻ പേടകത്തിന് 76.7 മീറ്ററാണ് നീളം. ഭാരം 23,000 പൗണ്ടും. കാർബൺ, ഫൈബർ, ടൈറ്റാനിയം കൊണ്ടാണ് നിർമിച്ചത്. പേടകത്തിന്റെ ഇരുഭാഗത്തും ടൈറ്റാനിയം കവചങ്ങളും എയറോസ്പേസും ഉണ്ട്.

8. സ്വകാര്യ ഉടമസ്ഥതിയിലുള്ള ലോകത്തെ ഏക സമുദ്രപേടകം

ഓഷ്യൻ ഗേറ്റ് എക്സ്പിഡീഷൻസ് 2015 ൽ സൈക്ലോപ്സ് എന്ന സമുദ്രപേടകം ആദ്യമായി പരീക്ഷിച്ചതിന് പിന്നാലെയാണ് വിനോദ സഞ്ചാരികൾക്ക് ടൈറ്റാനിക്ക് കാണാൻ അവസരം നൽകുന്ന ടൂറിസം പദ്ധതി ആശയം ഉടലെടുത്തത്. ഒരു സഞ്ചാരിക്ക് 2,50,000 ഡോളറാണ് (ഏകദേശം രണ്ടു കോടി രൂപ) യാത്രാ നിരക്ക്.

ലോകത്തിലെ തന്നെ സ്വകാര്യ ഉടമസ്ഥതിയിലുള്ള ഏക സമുദ്രപേടകമാണ് ടൈറ്റൻ. സാധാരണ, അന്തർവാഹിനിക്ക് മാസങ്ങളോളം കടലിൽ കഴിയാൻ സാധിക്കുമ്പോൾ ടൈറ്റൻ സാധാരണയായി 10 മുതൽ 11 മണിക്കൂർ വരെയാണ് കടലിൽ ചെലവഴിക്കുക. ഒരു പര്യവേഷണയാത്രയ്ക്ക് എട്ട് മണിക്കൂറോളമാണ് ആവശ്യം. 2018 ലെ ആദ്യ പരീക്ഷണ ദൗത്യത്തിൽ പേടകവുമായുള്ള ബന്ധം കപ്പലിന് രണ്ട് മണിക്കൂറിലധികം നഷ്ടമായിരുന്നു.

9. ടൈറ്റൻ പേടകം ഒന്‍പത് ദിവസം വരെ നീളുന്ന പര്യവേഷണങ്ങള്‍ കഴിവുള്ളത്

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സ്ഥിതി ചെയ്യുന്ന വെള്ളത്തിനടിയിലുള്ള മലയിടുക്കുകളിലേക്കും സഞ്ചരിക്കാന്‍ ഒന്‍പത് ദിവസം വരെ നീണ്ടുനില്‍ക്കുന്ന പര്യവേഷണങ്ങള്‍ നടത്താൻ കഴിവുള്ളതാണ് ടൈറ്റൻ പേടകമെന്നാണ് ഉടമകളായ ഓഷ്യൻ ഗേറ്റ് എക്സ്പിഡീഷൻസ് അവകാശപ്പെടുന്നത്. വാണിജ്യ പദ്ധതികള്‍ക്കും ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കും വേണ്ടി ക്രൂഡ് സബ്‌മെര്‍സിബിളുകളും നല്‍കുന്നതായും കമ്പനി വെബ്സൈറ്റിൽ പറയുന്നു. എയ്റോസ്പേസ് എഞ്ചിനീയറും പൈലറ്റുമായ റഷാണ്, വാഷിങ്ടണ്ണിലെ എവററ്റ് ആസ്ഥാനമായി 2009-ല്‍ കമ്പനി സ്ഥാപിക്കുന്നത്.

10. പേടകം നിര്‍മ്മിച്ചത് നാസയുടെ സഹായത്തോടെ

സമുദ്രാന്തര സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന സ്വകാര്യ മറൈൻ കമ്പനിയായ ഓഷ്യൻ ഗേറ്റ് എക്സ്പിഡീഷൻസ് എന്ന കമ്പനിയുടേതാണ് കാണാതായ ടൈറ്റൻ പേടകം. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ സഹായത്തോടെയാണ് പേടകം നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ട്. നാസയുടെ അലബാമയിലെ മാര്‍ഷല്‍ സ്പേസ് ഫ്‌ളൈറ്റ് സെന്ററിലെ എൻനീയര്‍മാരുമായി കൂടിയാലോചിച്ച് നിര്‍മിച്ചതാണ് ടൈറ്റന്‍. നാസയുമായുള്ള സ്പേസ് ആക്റ്റ് കരാര്‍ വഴിയാണ് സഹകരണമുണ്ടായത്.

logo
The Fourth
www.thefourthnews.in