100 പേര്‍ വിദേശികള്‍; സൗദിയില്‍ വധശിക്ഷകളുടെ എണ്ണം വര്‍ധിച്ചു
ആഗോളതലത്തില്‍ വധശിക്ഷയും മനുഷ്യാവകാശങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സൗദി അറേബ്യയില്‍ വധശിക്ഷകളുടെ എണ്ണം വര്‍ധിച്ചതായി കണക്കുകള്‍. 2024 ല്‍ ഇതുവരെ ഇരുന്നൂറിലധികം പേരെയാണ് സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് ഇരയാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നൂറ് പേരും വിദേശികളാണ് എന്നാണ് മറ്റൊരു പ്രത്യേകത. വധ ശിക്ഷകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുത്തനെയുള്ള ഉയര്‍ച്ചയാണ് 2024 ല്‍ രേഖപ്പെടുത്തിയത്. 2022, 2023 വര്‍ഷങ്ങളില്‍ യഥാക്രമം 34 പേരായിരുന്നു വധശിക്ഷയ്ക്ക് വിധേയരായത്. അതേസമയത്താണ് ഇത്തവണ രണ്ടിരട്ടി വിദേശികള്‍ വധശിക്ഷ ഏറ്റുവാങ്ങിയത്.
വധശിക്ഷ ഏറ്റുവാങ്ങിയ വിദേശികളില്‍ 21 പേര്‍ പാകിസ്താനികളും 20 പേര്‍ യെമനികളുമാണ്. സിറിയന്‍ പൗരന്‍മാരായ 14 പേരും 10 നൈജീരിയക്കാരും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഈജിപ്ത് (9), ജോര്‍ദാന്‍ (8), എത്യോപ്യ (7), ഇന്ത്യ, സുഡാന്‍, അഫ്ഗാന്‍ സ്വദേശികളായ മൂന്ന് പേര്‍ വീതവും ശ്രീലങ്ക എറിത്രിയ ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോപേരും പട്ടികയില്‍ ഉള്‍പ്പെടുന്നു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ പെട്ടവരാണ് വധശിക്ഷയ്ക്ക് വിധേയരായവരില്‍ ഭൂരിഭാഗവും എന്നതാണ് കണക്കുകളിലെ വര്‍ധനയ്ക്ക് സൗദി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് ഈ വര്‍ഷം നടന്ന 92 വധശിക്ഷകളില്‍ 69 എണ്ണവും വിദേശികളായിരുന്നു. വന്‍കിട മയക്കുമരുന്ന ഡീലര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച സാധാരണക്കാരാണ് ഇത്തരം കേസുകളില്‍ പിടിയിലായതും ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നതും. എന്നാല്‍ അറസ്റ്റിലാകുന്ന നിമിഷം മുതല്‍ ഇവരില്‍ പലരും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാക്കപെടുന്നതായും വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
വധശിക്ഷ കൂടിയ രാജ്യങ്ങളില്‍ ചൈനയ്ക്കും ഇറാനും പിന്നില്‍ മൂന്നാമതാണ് സൗദി അറേബ്യയുടെ സ്ഥാനമെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊലപാതകം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കായി വധ ശിക്ഷ ചുരുക്കുമെന്നായിരുന്നു 2022-ല്‍ ദി അറ്റ്‌ലാന്റിക്കിന് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ഉയര്‍ന്ന കണക്കുകള്‍ ഇതിന് തീര്‍ത്തും വിരുദ്ധമാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.