ഒമാനില്‍ അതിശക്തമായ മഴയും വെള്ളപ്പൊക്കവും; പന്ത്രണ്ട് മരണം, മരിച്ചവരില്‍ കൊല്ലം സ്വദേശിയും
ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ മരണം പന്ത്രണ്ട് ആയി. മരിച്ചവരില്‍ മലയാളിയായ കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനും ഉള്‍പ്പെടുന്നതായാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ വിദ്യാര്‍ത്ഥികളും രണ്ട് സ്വദേശികളും ഒരു പ്രവാസിയും ഉള്‍പ്പെടുന്നുവെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാണാതായ എട്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
കനത്ത മഴയെ തുടര്‍ന്ന് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. നേരത്തെ അല്‍ മുദൈബിയിലെ വാദി അല്‍ ബത്തയില്‍ ഒരു കുട്ടിയുടെ മൃതദേഹം വെള്ളക്കെട്ടില്‍ നിന്നു കണ്ടെത്തിയിരുന്നു. പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ റോഡുകളിലും സബ് വേകളിലും സ്‌കൂളുകളിലും റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ കെട്ടിടങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആളുകളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വെള്ളത്തിനടിയിലായ പല സ്ഥലങ്ങളില്‍ നിന്നും താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
വെള്ളപ്പൊക്ക സാഹചര്യത്തില്‍ മസ്‌കറ്റ്, നോര്‍ത്ത് അല്‍ ഷര്‍ഖിയ, സൗത്ത് അല്‍ ഷര്‍ഖിയ, അല്‍ ദഖിലിയ, അല്‍ ദാഹിറ ഗവര്‍ണറേറ്റുകളിലെ പൊതു, സ്വകാര്യ, രാജ്യാന്തര സ്‌കൂളുകള്‍ക്ക് ഏപ്രില്‍ 15 തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.