റഷ്യൻ യുദ്ധമേഖലയിൽ കുടുങ്ങി ഇന്ത്യക്കാർ; വാഗ്നര്‍സേനയില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ട്, ഇടപെട്ട് കേന്ദ്രം
റഷ്യൻ യുദ്ധമേഖലയിൽ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായി സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. 12 ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ വാഗ്നർസേനയിൽ ചേർന്ന് അധിനിവേശ പ്രവർത്തങ്ങളുടെ ഭാഗമാകാൻ നിർബന്ധിക്കുന്നതായും വിവരങ്ങളുണ്ട്. ഇവരുടെ മോചനത്തിനായി ഇടപെടലുകൾ നടത്തുന്നുണ്ടന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒപ്പം യുക്രെയ്ൻ- റഷ്യ യുദ്ധത്തിന്റെ സംഘർഷ മേഖലകളിൽ നിന്ന് വിട്ട് നിൽക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
റഷ്യൻ സൈന്യത്തിൽ പിന്തുണ ജോലികൾ നേടിയിട്ടുള്ള ഇന്ത്യൻ പൗരന്മാരെ യുക്രെയ്നെതിരെയുള്ള സൈനിക നടപടികൾക്കായി റഷ്യ ഉപയോഗിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. "കുറച്ച് ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിൽ സപ്പോർട്ട് ജോലികൾക്കായി ചേർന്നിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. ഇന്ത്യൻ എംബസി അവരെ നേരത്തെ വിട്ടയക്കുന്നതിനായിബന്ധപ്പെട്ട റഷ്യൻ അധികാരികളുമായി ഈ വിഷയം പതിവായി ചർച്ച ചെയ്യുന്നുണ്ട്. എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും സംഘർഷത്തിൽ നിന്ന് അകന്ന് നിൽക്കാനും ഞങ്ങൾ അഭ്യർഥിക്കുന്നു," വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു.
റഷ്യയുടെ സൈനിക സുരക്ഷാ സഹായികൾ ആയി ജോലി നേടി നൽകാമെന്ന് പറഞ്ഞ കബളിപ്പിച്ചാണ് ഇന്ത്യക്കാരെ ഏജന്റുമാർ റഷ്യയിലേക്ക് അയച്ചത് എന്നാണ്‌വിവരം. ഇത്തരത്തിൽ എത്തിയവർ എല്ലാം ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇത്തരത്തിൽ രാജ്യം വിട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് സൂചന. റഷ്യ-യുക്രെയ്ൻ അതിർത്തിയിൽ മരിയോപോൾ,ഖാർകിവ് , റോസ്തോവ്-ഓൺ-ഡോവ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നത്.
കഴിഞ്ഞ ആഴ്ച എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. റഷ്യയിൽ കുടുങ്ങിയ ഹൈദരാബാദ് സ്വദേശിയുടെ കുടുംബമാണ് ഒവൈസിയെ സമീപിച്ചത്. ഇതുപ്രകാരം ആളുകളെ തിരികെയെത്തിക്കണമെന്നും അവരുടെ ജീവൻ അപകടത്തിലെന്നെന്നും ഒവൈസി എക്‌സിൽ വിദേശകാര്യ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരുന്നു. കർണാടക മന്ത്രി പ്രിയങ്ക ഖാർഗെയും സമാനമായ വിഷയം ചൂണ്ടിക്കാണിച്ചിരുന്നു. സ്വകാര്യ കൂലിപ്പടയാളി സംഘമായ വാഗ്നർ ഗ്രൂപ്പാണ് ഇവരെ റിക്രൂട്ട് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ നേപ്പാളിൽ നിന്ന് ഇത്തരത്തിൽ 200 പേർ സൈന്യത്തിന്റെ ഭാഗമാകാൻ റഷ്യയിൽ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിൽ യുദ്ധത്തിൽ പങ്കാളികൾ ആയിരുന്ന ആറ് നേപ്പാൾ പൗരന്മാർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി കഴിഞ്ഞ ഡിസംബറിൽ നേപ്പാൾ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. നേപ്പാൾ പൗരന്മാരെ ഇനി റിക്രൂട്ട് ചെയ്യരുതെന്നും , അവശേഷിക്കുന്നവരെ തിരിച്ചയക്കണെമന്നും നേപ്പാൾ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. യുക്രെയ്നിലെ റഷ്യൻ അധിനിവേശം മൂന്ന് വർഷം പിന്നിടുമ്പോള്‍ ഇതാദ്യമായാണ് ഇന്ത്യക്കാർ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ ഭാഗമാകുന്നത്.