റിയാലിറ്റി ഗെയിമിനിടെ വിര്‍ച്വലായി ലൈംഗിക പീഡനത്തിന് ഇരയായി; പരാതിയുമായി പതിനാറുകാരി, ആദ്യത്തെ കേസ്
വിര്‍ച്വല്‍ റിയാലിറ്റി ഗെയിമിനിടെ പീഡിപ്പിക്കപ്പെട്ടെന്ന പതിനാറുകാരിയുടെ പരാതിയില്‍ യുകെ പോലീസ് അന്വേഷണം ആരംഭിച്ചു. തന്റെ ഓണ്‍ലൈന്‍ ഗെയിം അവതാറിനെ ഒരുകൂട്ടം അപരിചിതര്‍ ഓണ്‍ലൈന്‍ ഗെയിമിനിടെ കൂട്ട ബലാത്സംഗം നടത്തിയെന്നാണ് കുട്ടിയുടെ പരാതി.
വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിച്ച് ഇമ്മേഴ്‌സീവ് ഗെയിമിനെത്തിയപ്പോഴാണ് സംഭവം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. ശാരീരികമായി ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ അനുഭവപ്പെടുന്ന മാനസ്സിക സമ്മര്‍ദം തന്നെയാണ് ഈ സമയത്ത് കുട്ടി അനുഭവിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യ കേസാണ് ഇത്. ഇത്തരം കുറ്റങ്ങള്‍ക്കെതിരായ നടപടിക്ക് കൃത്യമായ നിയമങ്ങളില്ലാത്തത് പോലീസിന് വെല്ലുവിളിയാണ്. വിര്‍ച്വല്‍ ബലാത്സംഗം നടന്ന സമയത്ത് ഏത് ഗെയിമാണ് കുട്ടി കളിച്ചുകൊണ്ടിരുന്നത് എന്നതിനെപ്പറ്റി പോലീസ് വ്യക്തമാക്കിയിട്ടില്ല.
വിഷയം ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് യുകെ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു. ഇങ്ങനെയൊന്നു നടന്നിട്ടില്ലെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ എളുപ്പമാണ്. പക്ഷേ, വിര്‍ച്വല്‍ ലോകത്തെ അവസ്ഥ അവിശ്വസനീയമാംവിധം ആഴത്തിലുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു. ഒരു കുഞ്ഞിനോട് വിര്‍ച്വലായി ഇത്രയും ക്രൂരത ചെയ്യാന്‍ സാധിക്കുന്നവര്‍ പുറത്തിറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്താന്‍ മടിയില്ലാത്തവര്‍ ആയിരിക്കും. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടിവരുമെന്നും ജെയിംസ് ക്ലെവര്‍ലി കൂട്ടിച്ചേര്‍ത്തു.
മെറ്റയുമായി സഹകരിച്ചുള്ള വിര്‍ച്വല്‍ ഗെയിം ആയ ഹോറിസണ്‍ വേള്‍ഡില്‍ നിരവധി ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മെറ്റ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം പെരുമാറ്റങ്ങള്‍ക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ സ്ഥാനമില്ലെന്നും അതുകൊണ്ടാണ് എല്ലാ ഉപയോക്താക്കള്‍ക്കും ഒരു അതിര്‍ത്തി നിര്‍ണയിച്ച് നല്‍കിയിരിക്കുന്നതെന്നും മെറ്റ പ്രതികരിച്ചു. ഇതിലൂടെ പരിചയമില്ലാത്ത ആളുകളെ അകറ്റിനിര്‍ത്താന്‍ സാധിക്കുമെന്നും മെറ്റ കൂട്ടിച്ചേര്‍ത്തു.