ഗാസയില്‍ ഇസ്രയേൽ വ്യോമാക്രമണം ശക്തം; ആക്രമണങ്ങൾ ഭയപ്പെടുത്തുന്നതെന്ന് ലോകാരോഗ്യ സംഘടന

ഗാസയില്‍ ഇസ്രയേൽ വ്യോമാക്രമണം ശക്തം; ആക്രമണങ്ങൾ ഭയപ്പെടുത്തുന്നതെന്ന് ലോകാരോഗ്യ സംഘടന

അൽ-ബുറൈജ് ക്യാമ്പ്, തെക്കൻ ഗാസയിലെ റഫാ, ഗാസ നഗരം എന്നിങ്ങനെ മുനമ്പിലെ പലയിടങ്ങളിലായി തിങ്കളാഴ്ച രാത്രി ഉടനീളം ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു
Updated on
1 min read

ഗാസയിലെ നുസീറിയത് അഭയാർഥി ക്യാമ്പിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. പലസ്തീൻ വാർത്ത ഏജൻസിയായ വഫായുടെ റിപ്പോർട്ട് പ്രകാരം, കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. അൽ-ബുറൈജ് ക്യാമ്പ്, തെക്കൻ ഗാസയിലെ റഫാ, ഗാസ നഗരം എന്നിങ്ങനെ പലയിടങ്ങളിലായി തിങ്കളാഴ്ച രാത്രി ഉടനീളം ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു.

വടക്കൻ ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രിക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ഭയപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചു. ഇവിടെ കഴിഞ്ഞ ദിവസം നടന്ന ഷെല്ലാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. നിലവിൽ ആശുപത്രിയെ ഇസ്രയേലി ടാങ്കുകൾ വളഞ്ഞിരിക്കുകയാണ്. അകത്തുള്ളവർക്ക് പുറത്തേക്ക് പോകാൻ സാധിക്കാത്ത തരത്തിലാണ് ഇസ്രയേൽ സൈന്യത്തിന്റെ ഉപരോധം. രക്ഷപ്പെടാൻ ശ്രമിച്ച സാധാരണക്കാർക്ക് നേരെ സൈന്യം വെടിയുതിർത്തതായും ഡബ്ള്യു എച്ച് ഒയുടെ പ്രസ്താവനയിൽ പറയുന്നു.

സബ്ബത്ത് ആക്രമണത്തിന് ശേഷം വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ 335 ആക്രമണങ്ങൾ ഇസ്രയേൽ സേന നടത്തിയിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്

“കഴിഞ്ഞ ആറാഴ്‌ചയ്‌ക്കുള്ളിൽ ആരോഗ്യ സംവിധാനങ്ങൾക്ക് നേരെ ഒന്നിലധികം ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ആശുപത്രികളിൽ ഉണ്ടായിരുന്ന രോഗികൾ, അഭയാർഥികൾ എന്നിവരുടെ കൂട്ടപലായനത്തിനും മരണങ്ങൾക്കും നിരവധി അപകടങ്ങൾക്കും ഇത് ഇടയാക്കി. ഒക്ടോബര് ഏഴിന് ശേഷം കുറഞ്ഞത് അഞ്ച് ആക്രമണങ്ങളെങ്കിലും ഇന്തോനേഷ്യൻ ആശുപത്രിക്ക് നേരെ നടന്നിട്ടുണ്ട്. സുരക്ഷിത കേന്ദ്രങ്ങളായിരിക്കേണ്ട ആശുപത്രികളെ മരണത്തിന്റെയും വിനാശത്തിന്റെയും നിരാശയുടെയും വേദികളാക്കി മാറ്റുമ്പോൾ ലോകത്തിന് നിശബ്ദമായിരിക്കാൻ കഴിയില്ല" ലോകാരോഗ്യ സംഘടന പറഞ്ഞു.

ഗാസയില്‍ ഇസ്രയേൽ വ്യോമാക്രമണം ശക്തം; ആക്രമണങ്ങൾ ഭയപ്പെടുത്തുന്നതെന്ന് ലോകാരോഗ്യ സംഘടന
'പലസ്തീനികൾ പരീക്ഷണ വസ്തുക്കൾ, ഗാസ ആയുധ പ്രദർശന വേദി'; ആയുധക്കച്ചവടത്തിലെ ഇസ്രയേലിന്റെ മനുഷ്യത്വ വിരുദ്ധ ഫോർമുല

സബ്ബത്ത് ആക്രമണത്തിന് ശേഷം വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ 335 ആക്രമണങ്ങൾ ഇസ്രയേൽ സേന നടത്തിയിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. അതേസമയം, ഹമാസിന്റെ പക്കലുള്ള ബന്ദികളെ മോചിപ്പിക്കാനുള്ള ചർച്ചകൾക്ക് വലിയ പുരോഗതിയുണ്ടെന്ന് അമേരിക്ക അറിയിച്ചു.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ യുദ്ധനിയമങ്ങൾ പാലിക്കണമെന്നും സാധാരണ പൗരന്മാരെ പരിഗണിക്കണമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. തിങ്കളാഴ്ച യുക്രെയ്ൻ സന്ദർശന വേളയിൽ, ഹമാസിനെതിരായ ആക്രമണത്തിൽ യുഎസ് നൽകുന്ന ആയുധങ്ങൾ ഇസ്രയേൽ ഉപയോഗിക്കുന്ന രീതിയെക്കുറിച്ച് ആശങ്കയുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഓസ്റ്റിന്‍. ഗാസയിലെ ജനങ്ങൾക്ക് മാനുഷിക സഹായം ലഭിക്കുന്നതിന് തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യണം. ഹമാസല്ല പലസ്തീൻ ജനത എന്നും ഓസ്റ്റിൻ പറഞ്ഞു. ഇതുവരെ 13,300 പേർ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in