ദുരിതപെയ്ത്തില്‍ നേപ്പാള്‍ ;രണ്ട് മരണം, 28 പേരെ കാണാനില്ല

ദുരിതപെയ്ത്തില്‍ നേപ്പാള്‍ ;രണ്ട് മരണം, 28 പേരെ കാണാനില്ല

കിഴക്കൻ നേപ്പാളിലെ മൂന്നു ജില്ലകളിലാണ് മഴ കനത്ത നാശം വിതച്ചത്
Updated on
1 min read

കനത്ത മഴയെ തുടർന്ന് നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലില്‍ രണ്ട് മരണം . മലവെള്ളപ്പാച്ചിലില്‍ 28 പേരെ കാണാതായെന്നുമാണ് റിപ്പോർട്ട്. കിഴക്കൻ നേപ്പാളിലിപ്പോഴും കനത്ത മഴ തുടരുകയാണ്. ശംഖുവാസഭ ജില്ലയിലെ ഹെവാ നദിയിൽ ജല വൈദ്യുത പ​ദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനത്തിനെത്തിയ തൊഴിലാളികളിലൊരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇക്കൂട്ടത്തിലുള്ള 17 ജീവനക്കാരെ കാണാതായെന്നും ഒരു ഉദ്യോ​ഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

തപ്ലെജം​ഗ് ജില്ലയിലും ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് വീട് ഒലിച്ചു പോയവരിൽ ഒരു കുടുംബത്തിൽ മൂന്നു പേരെയും കാണാനില്ല. രക്ഷാപ്രവർത്തനം നടന്നു വരികയാണെന്നും കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നുമായിരുന്നു നേപ്പാൾ പോലീസിന്റെ പ്രതികരണം.

കനത്ത മഴയും വെള്ളപ്പൊക്കവും ഇതിനോടകം തന്നെ നിരവധി പാലങ്ങളും റോഡുകളും തകർത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ രക്ഷാ പ്രവർത്തകർക്ക് ദുരിത ബാധിത പ്രദേശങ്ങളിലേക്ക് എത്തിച്ചേരാൻ സാധിക്കാത്തതാണ് രക്ഷാ പ്രവർത്തനത്തിന്റെ പ്രധാന വെല്ലുവിളിയെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. ജലവൈദ്യുത പദ്ധതിയുടെ ഭാ​ഗമായെത്തിയ യന്ത്രങ്ങളും ഉപകരണങ്ങളുമൊക്കെ ഒഴുകി പോയെന്നും പ്രദേശത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.

കിഴക്കൻ നേപ്പാളിലെ മൂന്നു ജില്ലകളിലാണ് മഴ കനത്ത നാശം വിതച്ചത്. ശനിയാഴ്ച്ച വൈകുന്നേരം ആരംഭിച്ച മഴയാണ് ഇപ്പോഴും പെയ്യുന്നത്. ശംഖുവ സഭ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിലേർപ്പെട്ട തൊഴിലാളികളെയാണ് കാണാതായതെന്നും ഏഴു വീടുകൾ വെള്ളത്തിൽ ഒലിച്ചുപോയെന്നും ജില്ലാ പോലീസ് ഓഫീസ് മേധാവി ബീരേന്ദ്ര ​ഗോ​ഗർ സ്ഥിരീകരിച്ചു.

രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് നേപ്പാൾപ്രധാനമന്ത്രി പുഷ്പകമാവൽ ദഹൽ അറിയിച്ചിരുന്നു. കൂടാതെ രാജ്യത്ത് നടക്കുന്ന അനിഷ്ട സംഭവത്തിൽ ദുഃഖവും അദ്ദേഹം രേഖപ്പെടുത്തി. വെള്ളപ്പൊക്കത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സഹായത്തിനെത്താൻ സുരക്ഷാ ഏജൻസികളോടും പൊതുജനങ്ങളോടും അഭ്യർഥിക്കുകയായിരുന്നു അദ്ദേഹം. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ദിവസങ്ങളോളം മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. കനത്ത മഴ തുടരുന്നതിനാൽ ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശവും നൽകിയിരുന്നു. ജൂൺ മാസം മുതൽ സെപ്തംബർ വരെ തുടരുന്ന മൺസൂൺ കാലഘട്ടം ദക്ഷിണേന്ത്യൻ രാജ്യങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. നേപ്പാളിൽ കാലവർഷം കടുക്കുമെന്നും 1,25 ദശലക്ഷം പേരെ മൺസൂൺ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ.

logo
The Fourth
www.thefourthnews.in