അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ഫൈനൽ: ടിക്കറ്റ് കിട്ടിയില്ല; തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം
അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിന് മണിക്കൂറുകൾക്ക് മുൻപ് ഇറാഖിലെ സ്റ്റേഡിയത്തിന് പുറത്തെ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേർ മരിച്ചു. തെക്കൻ ഇറാഖ് നഗരമായ ബസ്രയിലെ പാം ട്രങ്ക് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് അപകടം. ഇറാഖ് സമയം വൈകുന്നേരം ഏഴ് മണിക്ക് ഫൈനൽ കിക്ക് ഓഫ് ചെയ്യാനിരിക്കെയാണ് അപകടമുണ്ടായത്. സംഭവത്തിൽ 80 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക ഇറാഖി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും ഫൈനൽ മത്സരം കൃത്യ സമയത്ത് തന്നെ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ടിക്കറ്റ് ഇല്ലാത്ത 60,000-ത്തിലധികം ആളുകൾ സ്റ്റേഡിയത്തിന് പുറത്ത് എത്തിയിരുന്നെന്നാണ് റിപ്പോർട്ടുകള്‍
ഇന്ന് നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനലിൽ ആതിഥേയരായ ഇറാഖ് ഒമാനെയാണ് നേരിടുക. ഈ അപൂർവ്വ ഹോം അന്താരാഷ്ട്ര മത്സരം സ്റ്റേഡിയത്തിന് പുറത്ത് ടിക്കറ്റ് ഇല്ലാതെ കാണാനായി പുലർച്ചെ മുതൽ ആയിരക്കണക്കിന് ആരാധകർ തടിച്ചുകൂടിയിരുന്നു. അപകടത്തിന് പിന്നാലെ ഫൈനൽ മത്സരത്തിന് ടിക്കറ്റ് ലഭിക്കാത്തവരോട് സ്റ്റേഡിയത്തിന് ചുറ്റുമുള്ള പ്രദേശം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് ഇറാഖ് ആഭ്യന്തര മന്ത്രാലയം പ്രസ്താവയിറക്കിയിരുന്നു.
സ്റ്റേഡിയം നിറഞ്ഞുവെന്നും എല്ലാ ഗേറ്റുകളും അടച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി, "ഗൾഫ് കപ്പ് 25-ാം പതിപ്പിന്റെ അവസാന മത്സരം അതിമനോഹരമായ രൂപത്തിൽ നടക്കാൻ" അധികാരികളെ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. മത്സരം കാണാൻ ബസ്രയിലെ വിവിധ പൊതു സ്ഥലങ്ങളിൽ കൂറ്റൻ സ്‌ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇറാഖി ഫുട്ബോൾ ഫെഡറേഷന്റെ കണക്കുകൾ പ്രകാരം എട്ട് രാജ്യങ്ങൾ പങ്കെടുക്കുന്ന അറേബ്യൻ ഗൾഫ് കപ്പിലെ അവസാന മത്സരത്തിന്റെ 90 ശതമാനം ടിക്കറ്റുകളും കിക്കോഫിന് മുമ്പായി വിറ്റു പോയിട്ടുണ്ട്. എന്നാൽ ടിക്കറ്റ് ഇല്ലാത്ത 60,000-ത്തിലധികം ആളുകൾ സ്റ്റേഡിയത്തിന് പുറത്ത് എത്തിയിരുന്നെന്നാണ് റിപ്പോർട്ടുകള്‍.
അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ദീർഘകാലം വിലക്കുണ്ടായിരുന്ന രാജ്യമാണ് ഇറാഖ്. 1979ന് ശേഷം ആദ്യമായാണ് ഇറാഖ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. യുദ്ധത്തിൽ തകർന്ന ഇറാഖിന്റെ പ്രതിച്ഛായ ആകെ മാറ്റാനുള്ള അവസരമായാണ് രാജ്യം ഗൾഫ് കപ്പ് ആതിഥേയത്വത്തെ കണ്ടിരുന്നത്.