കൊല്ലപ്പെട്ട ഹാദിസ് നജാഫി
കൊല്ലപ്പെട്ട ഹാദിസ് നജാഫി

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാനില്‍ ഇരുപതുകാരി വെടിയേറ്റ് കൊല്ലപ്പെട്ടു; മുഖത്തും കഴുത്തിലുമടക്കം ആറോളം വെടിയുണ്ടകള്‍

പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലേക്ക് നടന്നടുക്കുന്ന ഹാദിസ് നജാഫിയുടെ വീഡിയോ വൈറലായിരുന്നു
Updated on
1 min read

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇരുപതുകാരി കൊല്ലപ്പെട്ടു. ഹാദിസ് നജാഫി എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും മുഖത്തും കഴുത്തിലുമടക്കം ആറോളം വെടിയുണ്ടകള്‍ ഹാദിസിന് ഏറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സമൂഹമാധ്യമങ്ങളിലെ വീഡിയോകളിലൂടെ ശ്രദ്ധേയയായ ഹാദിസ് നജാഫിയുടെ സംസ്‌കാരത്തിന്റെ ദൃശ്യങ്ങളും കുടുംബം പുറത്ത് വിട്ടിട്ടുണ്ട്. മരണത്തിന് തൊട്ടുമുന്‍പ് ഹാദിസ് മുടി പിന്നിലേക്ക് കെട്ടി തല മറയ്ക്കാതെ, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലേക്ക് നടന്നടുക്കുന്ന ഹാദിസ് നജാഫിയുടെ വീഡിയോ വൈറലായിരുന്നു. പിന്നാലെ വിദ്യാര്‍ഥിയുടെ മരണ വാര്‍ത്തയാണ് പുറംലോകമറിയുന്നത്.

ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ അറസ്റ്റിലാവുകയും പോലീസ് കസ്റ്റഡിയിലിരിക്കെ മരിക്കുകയും ചെയ്ത 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിന് തൊട്ടുപിന്നാലെയാണ് ഇറാനില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നത്. തലയ്ക്ക് മാരകമായ പ്രഹരങ്ങളേറ്റ മഹ്‌സ കോമയിലായിരുന്നുവെന്ന് മെഡിക്കല്‍ രേഖകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ മരണകാരണം ഹൃദയാഘാതമാണെന്നാണ് ഇറാന്‍ അധികൃതര്‍ അവകാശപ്പെടുന്നത്.

പ്രതിഷേധങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെടുകയും 1200 ഓളം പേര്‍ ഇതുവരെ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധം രൂക്ഷമായ ഇടങ്ങളില്‍ ഇന്റര്‍നെറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇറാന്‍ ഭരണകൂടത്തിന്‍റെ മതമൌലികവാദവും ഏകാതിപത്യ മനോഭാവവും അവസാനിപ്പിക്കണമെന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

logo
The Fourth
www.thefourthnews.in