ഫ്രഞ്ച് തിരഞ്ഞെടുപ്പ് ആദ്യഘട്ടം ആരംഭിച്ചു; പ്രീ പോളുകളിൽ തീവ്രവലതുപക്ഷത്തിന് മുൻതൂക്കം

ഫ്രഞ്ച് തിരഞ്ഞെടുപ്പ് ആദ്യഘട്ടം ആരംഭിച്ചു; പ്രീ പോളുകളിൽ തീവ്രവലതുപക്ഷത്തിന് മുൻതൂക്കം

577 അംഗങ്ങളുള്ള ദേശീയ അസംബ്ലിയിൽ 289 അംഗങ്ങളുടെ പിന്തുണയാണ് പാർട്ടികൾക്ക് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്
Updated on
1 min read

ഫ്രഞ്ച് ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിച്ചു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ദേശീയ അസംബ്ലി പിരിച്ചുവിട്ടതോടെയാണ് ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. 577 അംഗങ്ങളുള്ള ദേശീയ അസംബ്ലിയിൽ 289 അംഗങ്ങളുടെ പിന്തുണയാണ് പാർട്ടികൾക്ക് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്.

തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ജൂലൈ ഏഴിന് നടക്കും. അതേസമയം തിരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ പാർട്ടികൾ അധികാരത്തിൽ എത്തുമെന്നാണ് എക്‌സിറ്റ് പോളുകൾ പറയുന്നത്. ഫ്രാൻസിന്റെ സാമ്പത്തിക രംഗവും ഉക്രെയ്‌നിനുള്ള പാശ്ചാത്യ പിന്തുണകളും ഫ്രാൻസിന്റെ ആണവായുധ ശേഖരവുമെല്ലാം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

രാജ്യത്ത് ഉയരുന്ന പണപ്പെരുപ്പവും സാമ്പത്തിക ആശങ്കകളും മുൻനിർത്തി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിൽ നിരാശരാണ് ഫ്രഞ്ച് വോട്ടർമാർ എന്നാണ് എക്‌സിറ്റ് പോളുകൾ പറയുന്നത്.

ഫ്രഞ്ച് തിരഞ്ഞെടുപ്പ് ആദ്യഘട്ടം ആരംഭിച്ചു; പ്രീ പോളുകളിൽ തീവ്രവലതുപക്ഷത്തിന് മുൻതൂക്കം
റഷ്യൻ ആക്രമണത്തിന് പിന്നാലെ കൂടുതൽ ദീർഘദൂര മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും ആവശ്യപ്പെട്ട് സെലൻസ്കി

49.5 മില്ല്യൺ പേർക്കാണ് ഫ്രാൻസിൽ വോട്ടവകാശമുള്ളത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് എട്ടുമണിവരെ നീളും. അതേസമയം സംഘർഷ സാധ്യത നിലനിൽക്കുന്ന ന്യൂ കാലിഡോണിയയിൽ രാത്രി 8 മുതൽ രാവിലെ 6 വരെ കർഫ്യു നിലനിൽക്കുന്നുണ്ട്. ഇതിനാൽ പ്രാദേശിക സമയം വൈകീട്ട് 5 മണി വരെ മാത്രമേ വോട്ടെടുപ്പ് നടക്കുകയുള്ളു.

1853 മുതൽ ഫ്രാൻസ് അധികാരം പിടിച്ചെടുത്ത കാലിഡോണിയയിൽ സ്വാതന്ത്ര്യത്തിനായുള്ള സംഘർഷമാണ് നടക്കുന്നത്. രണ്ടാഴ്ചയായി തുടരുന്ന സംഘർഷത്തിൽ ഇതിനോടകം ഒന്‍പതു പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ.

ഫ്രഞ്ച് തിരഞ്ഞെടുപ്പ് ആദ്യഘട്ടം ആരംഭിച്ചു; പ്രീ പോളുകളിൽ തീവ്രവലതുപക്ഷത്തിന് മുൻതൂക്കം
ഇടറിപ്പോയ സംവാദം, ബൈഡന്റെ പതര്‍ച്ച ട്രംപിന് വിജയമാകുമോ?

യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് തിരിച്ചടി നേരിട്ടതോടെയാണ് മാക്രോൺ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതേസമയം 2027-ൽ തന്റെ പ്രസിഡൻഷ്യൽ കാലാവധി അവസാനിക്കുന്നതിനുമുമ്പ് താൻ സ്ഥാനമൊഴിയില്ലെന്നാണ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഫ്രാൻസിൽ തീവ്രവലതുപക്ഷ പാർട്ടികൾ അധികാരത്തിൽ വരുന്നത് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തലുകൾ.

റഷ്യയുമായുള്ള യുദ്ധത്തിനായി ഉക്രെയ്നന് ദീർഘദൂര ആയുധങ്ങൾ നൽകുന്നത് തുടരുന്നതിൽ നിന്ന് മാക്രോണിനെ തടയാൻ പ്രധാനമന്ത്രിയുടെ അധികാരങ്ങൾ ഉപയോഗിക്കുമെന്നാണ് വലതുപക്ഷ നേതാവായ ബാർഡെല്ല പറയുന്നത്.

ഫ്രാൻസിൽ ജനിച്ചവരുടെ പൗരത്വത്തിനുള്ള അവകാശത്തെയും പാർട്ടി ചോദ്യം ചെയ്തിട്ടുണ്ട്, ഇരട്ട പൗരത്വമുള്ള ഫ്രഞ്ച് പൗരന്മാരുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കുമെന്നും പ്രഖ്യാപനമുണ്ട്. ഇത് അടിസ്ഥാന മനുഷ്യാവകാശങ്ങളെ ഹനിക്കുന്നതായും ഫ്രാൻസിന്റെ ജനാധിപത്യ ആശയങ്ങൾക്ക് ഭീഷണിയാണെന്നും നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in