'25 അഫ്ഗാനികളെ കൊന്നിട്ടുണ്ട്': ഹാരി രാജകുമാരന്റെ ആത്മകഥയെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍

'25 അഫ്ഗാനികളെ കൊന്നിട്ടുണ്ട്': ഹാരി രാജകുമാരന്റെ ആത്മകഥയെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍

പൈലറ്റെന്ന നിലയില്‍ ആറ് ദൗത്യങ്ങളുടെ ഭാഗമായാണ് മനുഷ്യ ജീവനുകള്‍ എടുത്തതെന്ന് പുസ്തകത്തില്‍ പറയുന്നതായി ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു
Updated on
2 min read

പൈലറ്റായിരിക്കെ അഫ്ഗാനിസ്ഥാനില്‍ 25 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന ഹാരി രാജകുമാരന്റെ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് മാധ്യമങ്ങള്‍. അടുത്തയാഴ്ച പുറത്തിറങ്ങുന്ന ഹാരിയുടെ 'സ്പെയർ' എന്ന ആത്മകഥയെ ഉദ്ധരിച്ചാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. പൈലറ്റെന്ന നിലയില്‍ ആറ് ദൗത്യങ്ങളുടെ ഭാഗമായാണ് മനുഷ്യ ജീവനുകള്‍ എടുത്തതെന്ന് പുസ്തകത്തില്‍ പറയുന്നതായി ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള അഭിമാനമോ ലജ്ജയോ തനിക്കില്ലെന്നും ഹാരി ആത്മകഥയില്‍ പറയുന്നു. ഏറെ നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകത്തില്‍ അഫ്ഗാനിലെ ആളുകളുടെ ജീവനെടുക്കാൻ കാരണമായ ആറോളം ദൗത്യങ്ങളെക്കുറിച്ചും വെളിപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പാച്ചെ ഹെലികോപ്റ്റർ പൈലറ്റായിരിക്കെയാണ് ഹാരി അഫ്ഗാനില്‍ വിവിധ ദൗത്യങ്ങളുടെ ഭാഗമായത്. ഫോർവാർഡ് എയർ കൺട്രോളറായി 2007-2008ല്‍ അഫ്ഗാനില്‍ സേവനമനുഷ്ഠിച്ച ഹാരി 2012-2013ല്‍ യുദ്ധ ഹെലികോപ്റ്റർ പറത്തിയിരുന്നു. ദൗത്യത്തിന്റെ ഭാഗമായാണ് ആളുകളുടെ ജീവനെടുത്തത്. ഹെലികോപ്റ്ററിന്റെ മുന്നിലുള്ള കാമറകൾ വഴിയാണ് എത്ര ആളുകളെ കൊന്നുവെന്ന കൃത്യമായ വിവരം ലഭിച്ചത്. ആളുകളുടെ ജീവനെടുക്കേണ്ടി വന്നതിൽ അഭിമാനമോ ലജ്ജയോ ഇല്ലെന്ന് ഹാരി പറയുന്നു. ലക്ഷ്യങ്ങൾക്ക് വേണ്ടി തടസങ്ങൾ ഇല്ലാതാക്കുന്നത് ചെസ് ബോർഡിൽ നിന്ന് കരുക്കൾ വെട്ടി മാറ്റുന്നത് പോലെയാണെന്നാണ് വിശദീകരണം. ഇത്തരം ആളുകളോട് കരുണയും ദയയും കാണിക്കുന്നവർ മനുഷ്യത്വത്തിനോട് ശത്രുത പുലർത്തുന്നവരാണ്. അവരോട് പോരാടുന്നത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യത്തിനുള്ള പ്രതികാര നടപടിയാണെന്നും ഹാരിയുടെ വാക്കുകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാന്‍ ദൗത്യങ്ങളെയും കൊല്ലപ്പെട്ട താലിബാന്‍കാരുടെ എണ്ണവും ഉള്‍പ്പെടെ പുതിയ പുസ്തകത്തില്‍ വിവരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

ഭീകരവാദത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് യുഎസ് നേതൃത്വത്തില്‍ നാറ്റോ സേന അഫ്ഗാന്‍ മണ്ണിലെത്തിയത്. ഘട്ടംഘട്ടമായുള്ള പിന്മാറ്റത്തിനൊടുവില്‍ 2021 ഓഗസ്റ്റില്‍ യുഎസ് സേന പൂര്‍ണമായും പിന്മാറി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിനിടെ സാധാരണക്കാര്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ്, ഹാരിയുടെ വെളിപ്പെടുത്തല്‍. അഫ്ഗാന്‍ ദൗത്യങ്ങളെയും കൊല്ലപ്പെട്ട താലിബാന്‍കാരുടെ എണ്ണവും ഉള്‍പ്പെടെ പുതിയ പുസ്തകത്തില്‍ വിവരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മേഗന്‍ മാര്‍ക്കലിനെ ചൊല്ലി മൂത്ത സഹോദരനും കിരീടാവകാശിയുമായ വില്യം രാജകുമാരനുമായുണ്ടായ തര്‍ക്കത്തെക്കുറിച്ചും പുസ്തകം വിവരിക്കുന്നു

മേഗന്‍ മാര്‍ക്കലിനെ ചൊല്ലി മൂത്ത സഹോദരനും കിരീടാവകാശിയുമായ വില്യം രാജകുമാരനുമായുണ്ടായ തര്‍ക്കത്തെക്കുറിച്ചും പുസ്തകം വിവരിക്കുന്നു. രൂക്ഷമായ തര്‍ക്കത്തിനിടെ വില്യം തന്നെ തറയിലടിച്ചെന്നാണ് ഹാരിയുടെ വെളിപ്പെടുത്തല്‍. പിതാവായ ചാൾസ് രാജാവിനോട് കാമിലയെ രണ്ടാമത് വിവാഹം കഴിക്കരുതെന്ന് കുട്ടികളായിരുന്ന പ്രായത്തിൽ മക്കളായ തങ്ങൾ അപേക്ഷിച്ചിരുന്നുവെന്നും കൗമാര കാലത്ത് കൊക്കെയ്‌ൻ ഉപയോഗിച്ച കാര്യവും ഉള്‍പ്പെടെ പുസ്തകത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

logo
The Fourth
www.thefourthnews.in