'ഭയാനകം, ഒളിക്കാൻ ഒരിടമുണ്ടായിരുന്നില്ല'; സംഗീതവേദിയിലെ ഹമാസ് ആക്രമണത്തെക്കുറിച്ച് ദൃക്‌സാക്ഷികൾ, മരിച്ചത് 260 പേർ
പലസ്തീൻ സായുധസംഘം ഹമാസ് ഇസ്രായേലിൽ ആദ്യം ആക്രമണം നടത്തിയ സംഗീതവേദിയിൽനിന്ന് കണ്ടെടുത്തത് 260 പേരുടെ മൃതദേഹം. ജൂതരുടെ ഉത്സവമായ സുക്കോട്ടിനോട് അനുബന്ധിച്ച് തെക്കൻ ഇസ്രയേലിലെ മരുഭൂമിയിൽ നടക്കുന്ന സൂപ്പർനോവ ഫെസ്റ്റിവലാണ് ഹമാസ് ലക്ഷ്യംവച്ചത്. കൊല്ലപ്പെട്ടവർക്ക് പുറമെ ചിലരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.
സൂപ്പർനോവ ഫെസ്റ്റിവലിനായി ഇസ്രയേലിലെ സംഗീത പ്രേമികൾ വളരെ ആവേശത്തോടെയാണ് കാത്തിരുന്നത്. ഗാസ-ഇസ്രയേൽ അതിർത്തിക്കടുത്തുള്ള ഗ്രാമീണമേഖലയിലെ ഔട്ട്ഡോർ നോവ ഫെസ്റ്റിവൽ ഇവന്റ് രാത്രി മുഴുവൻ ഗാനങ്ങളും നൃത്തവുമായി ആഘോഷിക്കുകയായിരുന്നു അവർ. "കുടുംബം മുഴുവനും വീണ്ടും ഒത്തുചേരാൻ പോകുന്ന സമയം വന്നിരിക്കുന്നു, എന്ത് രസമായിരിക്കുമത്," പരിപാടി ആരംഭിക്കുന്നതിന് മുൻപ് സംഘാടകർ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെയാണ്.
എന്നാൽ സംഗീതപരിപാടി ആരംഭിച്ചതിനുപിന്നാലെ ഇസ്രയേലിനെതിരായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായി. റോക്കറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി പുലർച്ചെ ഒരു സൈറൺ മുഴങ്ങിയതാണ് ആക്രമണത്തിന്റെ ആദ്യ സൂചന. പുലർച്ചെ ആറരയോടെ സൈറണുകൾക്കൊപ്പം റോക്കറ്റുകളുടെ ശബ്ദവും കേൾക്കാൻ തുടങ്ങി.
"അവർ വൈദ്യുതി ഓഫാക്കി, പെട്ടെന്ന് സായുധസംഘം എല്ലാ ദിശകളിൽനിന്നും വെടിയുതിർത്തു കൊണ്ട് അകത്തേക്ക് വരികയായിരുന്നു," ദൃസാക്ഷികളെ ഉദ്ധരിച്ച് ഇസ്രായേൽ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരുഭൂമിയിലെ സംഗീതവേദിയെ ലക്ഷ്യമിട്ട് മിസലുകൾ പാഞ്ഞുവന്നു. രക്ഷപ്പെടാൻ ശ്രമിച്ചവർക്കുനേരെ ഹമാസ് വെടിയുതിർത്തു. സൈനിക യൂണിഫോം ധരിച്ചാണ് അമ്പതോളം പേർ വാനുകളിൽ എത്തിയത്.
“തുറസായ സ്ഥലത്തായിരുന്നതിനാൽ ഞങ്ങൾക്ക് ഒളിക്കാൻ പോലും സ്ഥലമില്ലായിരുന്നു,” ഗിബ്ലി എന്ന ദൃക്സാക്ഷി സി എൻ എന്നിനോട് പറഞ്ഞു. "എല്ലാവരും പരിഭ്രാന്തരായി, അവരുടെ സാധനങ്ങൾ പോലും ഉപേക്ഷിച്ച് ഓടാന്‍ തുടങ്ങി. ആളുകൾ കാറുകളിൽ രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ റോഡുകൾ അടച്ചതോടെ അവർ എങ്ങോട്ടും നീങ്ങാൻ കഴിയാത്ത വിധം അവിടെ കുടുങ്ങി. സംഗീത പരിപാടിയിൽ നിന്നുള്ള നിരവധി വീഡിയോകളിൽ ആളുകൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നത് കാണാം. പശ്ചാത്തലത്തിൽ ഹമാസിന്റെ വെടിയൊച്ചകളും കേൾക്കാം.''
"ഞാൻ അടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചു. ഒരുപാട് ഭീകര ദൃശ്യങ്ങൾ അവിടെ കണ്ടിരുന്നു. ഒരാൾ വാനിന് പുറത്ത് മരിച്ചുകിടക്കുന്നു. ഒരാൾ വാഹനത്തിനുള്ളിലും. അത് വളരെ ഭയാനകരമായിരുന്നു. ആക്രമണം നടത്തുന്ന ആളുകളെ കണ്ടുമുട്ടാതിരിക്കാൻ എങ്ങോട്ടാണ് വാഹനം ഓടിക്കേണ്ടതെന്ന് ആർക്കും അറിവില്ലായിരുന്നു. എന്റെ ധാരാളം സുഹൃത്തുക്കൾക്ക് കാട്ടിൽ മണിക്കൂറുകളോളം വഴി തെറ്റി. എന്നാൽ പുറത്തുവന്നശേഷം അവർക്ക് വെടിയേറ്റു," ഗിബ്ലി സി എൻ എന്നിനോട് വിവരിച്ചു.