ചൈനയിൽ വീണ്ടും കിൻഡർഗാർട്ടനിൽ ആക്രമണം: മൂന്ന് കുട്ടികളടക്കം ആറുപേർ കൊല്ലപ്പെട്ടു
ചൈനയിൽ വീണ്ടും കിന്റർഗാർട്ടനിൽ ആക്രമണം. തെക്ക് - കിഴക്കൻ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ കിന്റർഗാർട്ടനിലുണ്ടായ ആക്രമണത്തിൽ മൂന്ന് കുട്ടികളും രണ്ട് രക്ഷിതാക്കളും ഒരു അധ്യാപികയുമടക്കം ആറുപേരാണ് കുത്തേറ്റ് മരിച്ചത്. പ്രാദേശിക സമയം രാവിലെ എട്ടിനായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണം ആസൂത്രിതമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആക്രമണം നടന്ന് 20 മിനിറ്റിനുള്ളിൽ തന്നെ പ്രതിയെ പിടികൂടാനായി. സ്കൂളിന് ചുറ്റുമുള്ള പ്രദേശങ്ങൾ അടച്ചുപൂട്ടി. ആക്രമണത്തിന്റെ ഞെട്ടലിലാണ് മേഖലയിലെ ജനങ്ങൾ. കുറ്റകൃത്യത്തെ അപലപിച്ച് നിരവധിപേർ സാമൂഹ മാധ്യമമായ വെയ്‌ബോയിൽ പ്രതികരിച്ചു. കുറ്റകൃത്യങ്ങൾ താരതമ്യേന അപൂർവമായിരുന്ന ചൈനയിൽ സമീപ വർഷങ്ങളിലാണ് ആക്രമണങ്ങൾ വ്യാപകമായി തുടങ്ങിയത്.
ചൈനയിൽ പൗരന്മാർ തോക്കുകൾ കൈവശം വയ്ക്കുന്നതിന് കർശനമായ വിലക്കുണ്ട്. അതിനാൽ സമീപവർഷങ്ങളായി മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് വ്യാപകമാകുന്നത്. സ്കൂളുകളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളും കൂടുതലാണ്. 2010 മുതൽ രാജ്യത്തെ സ്‌കൂളുകൾക്ക് ചുറ്റും അധികൃതർ സുരക്ഷ ശക്തമാക്കിയിരുന്നു. സുരക്ഷ കൂടുതൽ കർശനമാക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
2022 ഓഗസ്റ്റിൽ, ജിയാങ്‌സി പ്രവിശ്യയിലെ ഒരു കിന്റർഗാർട്ടനിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കുത്തേറ്റ് കൊല്ലപ്പെടുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 2021 ഏപ്രിലിൽ, ഗുവാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശമായ ബെയ്‌ലിയു സിറ്റിയിൽ നടന്ന ആക്രമണത്തിനിടെ രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 2018 ഒക്ടോബറിൽ, തെക്ക്-പടിഞ്ഞാറൻ ചൈനയിലെ ചോങ്‌കിങ്ങിലെ ഒരു കിന്റർ ഗാർഡനിൽ ഉണ്ടായ കത്തി ആക്രമണത്തിൽ 14 കുട്ടികൾക്ക് പരുക്കേറ്റിരുന്നു. ഈ ആക്രമണത്തിന് ശേഷം, ചൈനീസ് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ അടിയന്തര ഒഴിപ്പിക്കൽ പരിശീലനമുൾപ്പെടെ നിർബന്ധമാക്കിയിരുന്നു.