ഒരുമണിക്കൂറില്‍ 23 ബംഗീ ജംപ് : ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി 50കാരി
ഉയരം പേടിയുള്ളവരാണ് നമ്മളില്‍ പലരും. അതുകൊണ്ടു തന്നെ ബംഗീ ജംപ് എന്ന് കേട്ടാല്‍ 'നോ' എന്ന് പറയുന്നവരാണ് ഏറെയും. എന്നാല്‍, സാഹസികത വിനോദമാക്കി തന്റെ അന്‍പതാം വയസില്‍ ഗിന്നസ് റെക്കോര്‍ഡിട്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്കക്കാരിയായ ലിന്‍ഡ പോട്ട്ഗീറ്റര്‍. ഒരു മണിക്കൂറില്‍ 23 തവണ ബംഗീ ജംപ് പൂര്‍ത്തിയാക്കിയാണ് ലിന്‍ഡയുടെ ഗിന്നസ് നേട്ടം.
ദക്ഷിണാഫ്രിക്കയിലെ ബ്ലൂക്രാന്‍സ് നദിക്ക് കുറുകെ 216 മീറ്റര്‍ ഉയരത്തിലുള്ള പാലത്തില്‍ നിന്ന് ചാടിയാണ് ലിന്‍ഡ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 19 വര്‍ഷം മുന്‍പ് ദക്ഷിണാഫ്രിക്കക്കാരിയായ വെറോണിക്ക ഡീന്‍ സ്വന്തം പേരിലാക്കിയ നേട്ടമാണ് ലിന്‍ഡ മറികടന്നത്. മണിക്കൂറില്‍ 20 തവണ ബംഗീ ജംപ് എന്നതായിരുന്നു വെറോണിക്കയുടെ റെക്കോര്‍ഡ്.
കൃത്യമായ പരിശീലനത്തിന് ശേഷമാണ് ലിന്‍ഡ പോട്ട്ഗീറ്റര്‍ സാഹസത്തിന് മുതിര്‍ന്നത്. മനസിന്റെ ശക്തിയാണ് ലിന്‍ഡയെ റെക്കോര്‍ഡ് നേട്ടത്തിലേക്ക് എത്തിച്ചതെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ടീം പറയുന്നു. പേടിയോ, മടിയോ, മടുപ്പോ ഇല്ലാതെ പ്രകടനം നടത്തി എന്നതാണ് മത്സരാര്‍ഥിയുടെ മികവായി കാണുന്നതെന്നും ഗിന്നസ് സമിതി വിലയിരുത്തി. പ്രകടനത്തിലേക്ക് കടന്ന് 23-ാം മിനിറ്റിലാണ് ലിന്‍ഡ തന്റെ പത്താമത്തെ ചാട്ടം പൂര്‍ത്തിയാക്കിയത്. ആദ്യ 10 ചാട്ടം വരെ ഓരോ കുതിപ്പിനും മുന്‍പായി ഓരോ മിനിറ്റ് ഇടവേള മാത്രമാണ് അവര്‍ എടുത്തതെന്നതും ശ്രദ്ധേയമാണ്.
ബംഗീ ജംപിങ് പോലൊരു സാഹസിക കായിക വിനോദം ഒരുമണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിന് വലിയ കഠിനാധ്വാനം വേണം. മാനസികാരോഗ്യവും ശാരീരികക്ഷമതയുമാണ് ലിന്‍ഡയുടെ കുതിപ്പിന് കരുത്തായതെന്ന് പരിശീലകന്‍ യൂജിന്‍ എലോഫിന്‍ പറഞ്ഞു. സമയപരിധിയായ ഒരു മണിക്കൂറില്‍ വെറും ഒരു മിനിറ്റ് ശേഷിക്കെയാണ് ലിന്‍ഡ 23-ാം ചാട്ടം പൂര്‍ത്തിയാക്കിയത്.