സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും തമ്മിലുള്ള സംഘർഷം; 56 പേർ കൊല്ലപ്പെട്ടു, 500ലധികം പേർക്ക് പരുക്ക്
സുഡാനിൽ സൈന്യവും അർധസൈനികവിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ 56 സാധാരണക്കാർ കൊല്ലപ്പെട്ടു. 500 ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും സൈന്യവും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പ്രസിഡൻഷ്യൽ കൊട്ടാരം, സ്റ്റേറ്റ് ടിവി, സൈനിക ആസ്ഥാനം എന്നിവിടങ്ങളിൽ ഇരു വിഭാഗവും ഏറ്റുമുട്ടുകയും തലസ്ഥാനമായ ഖാർത്തൂമിൽ ഉൾപ്പടെ നിരവധി തവണ വെടിയുതിർക്കുകയും ചെയ്തു.
എല്ലാ സൈനിക താവളങ്ങളും പിടിച്ചെടുക്കുന്നത് വരെ തന്റെ സൈന്യം പോരാട്ടം തുടരുമെന്ന് അർധസൈനിക കമാൻഡറായ ജനറൽ ഡാഗ്ലോ പറഞ്ഞു
രാജ്യത്തെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇരുവിഭാഗവും നടത്തുന്ന വെടിവയ്പിനെ തുടർന്ന് പ്രദേശത്തെ ആളുകൾക്ക് ഭക്ഷ്യസഹായം നൽകാൻ എത്തിയ യുഎൻ ബോഡിയായ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (ഡബ്ല്യുഎഫ്പി) മൂന്ന് ജീവനക്കാരും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. വിമാനത്താവളത്തിന്റെയും മറ്റ് സുപ്രധാന നഗരങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ ഇരുകൂട്ടരും ശ്രമിച്ചതോടെ രാത്രി വൈകിയും സംഘർഷം രൂക്ഷമായി തുടർന്നു.
2021 ഒക്ടോബറിലെ സൈനിക അട്ടിമറിക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങൾ കഴിഞ്ഞ കുറഞ്ഞു മാസങ്ങളായി രാജ്യത്ത് നിലനിൽക്കുന്നുണ്ട്. സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ധ സൈനിക കമാന്‍ഡറായ മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. വിവിധയിടങ്ങളിൽ കനത്ത വെടിവയ്പുണ്ടായതായി സുഡാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആർഎസ്‌എഫ് താവളങ്ങളിൽ ജെറ്റുകൾ ആക്രമണം നടത്തുന്നതിനാൽ ഇന്നലെ രാത്രി മുഴുവൻ ആളുകളോട് വീടുകളിൽ തുടരാൻ സൈന്യം ആവശ്യപ്പെട്ടിരുന്നു. അർധസൈനിക വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ വ്യോമസേന നിരീക്ഷിക്കുന്നുണ്ടെന്നും അറിയിച്ചിരുന്നു.
എല്ലാ സൈനിക താവളങ്ങളും പിടിച്ചെടുക്കുന്നത് വരെ തന്റെ സൈന്യം പോരാട്ടം തുടരുമെന്ന് അർധസൈനിക കമാൻഡറായ ജനറൽ ഡാഗ്ലോ പറഞ്ഞു. എന്നാൽ അർധസൈനിക വിഭാഗത്തെ പിരിച്ചുവിടുന്നത് വരെ ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് സൈന്യം.
2000-ത്തിന്‍റെ തുടക്കത്തില്‍ പടിഞ്ഞാറന്‍ഡാര്‍ഫൂര്‍ മേഖലയെ അടിച്ചമര്‍ത്തിയ സുഡാന്റെ അന്നത്തെ പ്രസിഡന്റ് ഒമര്‍അല്‍ ബാഷിറിന്റെ ജന്‍ജാവീദ് സൈനിക സംഘത്തില്‍ നിന്നാണ് ആര്‍എസ്എഫ് ഉടലെടുത്തത്. എങ്കിലും 2019 ലെ ബാഷിറിന്റെ പുറത്താക്കല്‍ ആര്‍എസ്എഫിനെ ഇല്ലാതാക്കിയില്ല. ബാഷിറിനു ശേഷമുള്ള സുഡാനിലെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളായി മാറിയിരിക്കുകയാണ് ആര്‍എസ്എഫിന്റെ ഇപ്പോഴത്തെ തലവൻ ഡാഗ്ലോ.സ്ഥിതി ആശങ്കാജനകമായ സാഹചര്യത്തിൽ ഇന്ത്യക്കാരോട് വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് സുഡാനിലെ ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.