ബംഗ്ലാദേശിനെ വിറപ്പിച്ച് സിട്രാങ് ചുഴലിക്കാറ്റ്; 9 മരണം, നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് റെഡ് അലർട്ട്

ബംഗ്ലാദേശിനെ വിറപ്പിച്ച് സിട്രാങ് ചുഴലിക്കാറ്റ്; 9 മരണം, നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് റെഡ് അലർട്ട്

അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ റെഡ് അല‍ർട്ട് പ്രഖ്യാപിച്ചു
Updated on
2 min read

ബംഗ്ലാദേശില്‍ ദുരിതം വിതച്ച് സിട്രാങ് ചുഴലിക്കാറ്റ്. ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ 9 പേർ മരിച്ചു. ധാക്ക, കുമില്ല ദൗലത്ഖാനിലെ നാഗൽകോട്ട്, ഭോലയിലെ ചാർഫെസൺ, നാരയിലിലെ ലോഹഗര എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്. ബർഗുന, നരയിൽ, സിരാജ്ഗഞ്ച്, ദ്വീപ് ജില്ലയായ ഭോല എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കോക്‌സ് ബസാർ തീരത്തെ ആയിരക്കണക്കിന് ആളുകളെയും കന്നുകാലികളെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 576 ക്യാമ്പുകളിലായി 28,000 ആളുകളെയാണ് മാറ്റി പാര്‍പ്പിച്ചത്.

സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകളാക്കാനും സജ്ജമാണെന്ന് കോക്സ് ബസാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മാമുനൂര്‍ റഷീദ് അറിയിച്ചു. കൂടുതൽ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്ന നടപടി പുരോഗമിക്കുകയാണ്. അടിയന്തര സാഹചര്യം നേരിടാൻ 104 മെഡിക്കൽ സംഘങ്ങൾ സജ്ജമാണ്. 323 ടൺ അരി, 8 ലക്ഷം രൂപയിലധികം, 1,198 പൊതി ഉണങ്ങിയ ഭക്ഷണം, 350 കാർട്ടൺ ഡ്രൈ കേക്കുകൾ, 400 കാർട്ടൺ ഡൈജസ്റ്റീവ് ബിസ്‌ക്കറ്റുകൾ എന്നിവ സംഭരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളായ സൗത്ത് 24 പർഗാനാസ്, നോർത്ത് 24 പർഗാനാസ്, കിഴക്കൻ മിഡ്‌നാപൂർ എന്നിവിടങ്ങളിലും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നൂറ് കണക്കിന് ദുരിതാശ്വാസ കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു. ബംഗാൾ ഉൾക്കടലിന്റെ വടക്കൻ തീരത്തും പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് മൽസ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സിട്രാങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ റെഡ് അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ത്രിപുരയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മേഘാലയയിലെ ദുരന്ത നിവാരണ അതോറിറ്റി ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

logo
The Fourth
www.thefourthnews.in