ഗാസയില്‍നിന്ന് പലായനം ചെയ്യുന്നവര്‍ക്കുനേരെയും ഇസ്രയേല്‍ വ്യോമാക്രമണം; എഴുപതിലേറെപ്പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍നിന്ന് പലായനം ചെയ്യുന്നവര്‍ക്കുനേരെയും ഇസ്രയേല്‍ വ്യോമാക്രമണം; എഴുപതിലേറെപ്പേര്‍ കൊല്ലപ്പെട്ടു

ഇസ്രയേല്‍ ആക്രമണത്തില്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ വീഡിയോ ജേണലിസ്റ്റ് ഇസ്സാം അബ്ദുള്ള കൊല്ലപ്പെട്ടു
Updated on
2 min read

ഇരുപത്തിനാല് മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന് അന്ത്യശാസനം നല്‍കിയതിനെത്തുടര്‍ന്ന് ഗാസയില്‍നിന്ന് പലായനം ചെയ്ത പലസ്തീനി അഭയാര്‍ഥികള്‍ക്കു നേരേ വ്യോമാക്രണം നടത്തി ഇസ്രയേല്‍. സ്വന്തം മണ്ണില്‍നിന്ന് കാറുകളിലും ട്രക്കുകളിലുമായി ജീവനും കൊണ്ടു രക്ഷപ്പെടുകയായിരുന്ന കുട്ടികളടക്കമുള്ള സംഘത്തിനുനേര്‍ക്കാണ് ആക്രമണം നടന്നത്. കുട്ടികളടക്കം എഴുപതിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഗാസയില്‍ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കവിഞ്ഞു.

തെക്കന്‍ ലെബനനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തി. ആക്രമണത്തില്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ വീഡിയോ ജേണലിസ്റ്റ് ഇസ്സാം അബ്ദുള്ള കൊല്ലപ്പെട്ടു. ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. റോയിട്ടേഴ്‌സിനെ കൂടാതെ അല്‍ ജസീറയും ഏജന്‍സ് ഫ്രാന്‍സ് പ്രസും(എഎഫ്പി) ഉള്‍പ്പെടെയുള്ള മാധ്യമസംഘം ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്നള്ള അല്‍മ അല്‍ ഷാബില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ദാരുണ സംഭവം. അതിര്‍ത്തിയില്‍ ഹിസ്ബുള്ളയും ഇസ്രയേല്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷത്തിനിടയിലാണ് ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തിയത്.

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു ഇസ്സാം അബ്ദുള്ള കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. താര്‍ അല്‍ സുഡാനി, മഹര്‍ നസേ എന്നീ റോയിട്ടേഴ്‌സിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പ് പ്രസ് എന്ന് എഴുതിയ ഹെല്‍മെറ്റും ഫ്‌ളാക്ക് ജാക്കറ്റും ധരിച്ചിരിക്കുന്ന ഫോട്ടോ ഇസ്സാം തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

ഗാസയില്‍നിന്ന് പലായനം ചെയ്യുന്നവര്‍ക്കുനേരെയും ഇസ്രയേല്‍ വ്യോമാക്രമണം; എഴുപതിലേറെപ്പേര്‍ കൊല്ലപ്പെട്ടു
ഇസ്രയേൽ- ഹമാസ് സംഘർഷം: ഇന്ത്യയിലെ ജൂത സ്ഥാപനങ്ങൾക്ക് കനത്ത സുരക്ഷ, സംസ്ഥാനങ്ങളിൽ പോലീസിന്റെ പ്രത്യേക പട്രോളിംഗ്

ലെബനീസ് പ്രധാനമന്ത്രി നജീബ് മികാതിയും ഹിസ്ബുള്ള ജനപ്രതിനിധിയും സംഭവത്തില്‍ ഇസ്രയേലിനെ കുറ്റപ്പെടുത്തി. എന്നാല്‍ ഇസ്രേയല്‍ പ്രതിരോധ സേന വിഷയത്തില്‍ മറുപടി നല്‍കിയില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം തങ്ങള്‍ക്ക് ജോലി ചെയ്തുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ തല്ലാനോ, കൊല്ലാനോ, വെടിവയ്ക്കാനോ ആഗ്രഹമില്ലെന്ന് ഇസ്രയേലിന്റെ യുഎന്‍ പ്രതിനിധി ഗിലാഡ് എര്‍ഡന്‍ പറഞ്ഞു. പക്ഷേ യുദ്ധസാഹചര്യത്തിൽ തന്നെ ഇങ്ങനെ സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവിലിയന്‍ ആക്രമണങ്ങള്‍ ഇല്ലാതാക്കാനും തങ്ങള്‍ എല്ലായ്‌പ്പോഴും ശ്രമിക്കുന്നുണ്ട്. സംഭവത്തില്‍ ഖേദമുണ്ടെന്നും അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍- ഹമാസ് യുദ്ധം ആരംഭിച്ചത് മുതല്‍ അല്‍മ അല്‍ ഷാബില്‍ സംഘര്‍ഷങ്ങള്‍ സ്ഥിരമാണ്. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഇതുവരെ 2100 പലസ്തീനികള്‍ കൊല്ലപ്പെടുകയും 7,696 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ മാത്രം ഇന്നലെ 12 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. യുദ്ധം തുടങ്ങിയത് മുതല്‍ 51 പേരാണ് ഇവിടെ മരിച്ചത്. ഇസ്രയേലില്‍ 1300 പേര്‍ കൊല്ലപ്പെടുകയും 2800 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൂടാതെ ഗാസയിലും ലെബനനിലും ഇസ്രയേല്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അതേസമയം ഇസ്രയേലിലെയും ഗാസയിലെയും സംഘര്‍ഷത്തെക്കുറിച്ച് പശ്ചിമേഷ്യയിലെ ചൈന പ്രതിനിധി ചൈനയിലെ അറബ് ലീഗുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പലസ്തീന്‍ വിഷയത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന 22 അംഗ അറബ് ലീഗിനെ പിന്തുണയ്ക്കുന്നുവെന്നും പലസ്തീന്‍ ജനതയ്ക്ക് മാനുഷിക സഹായം നല്‍കുമെന്നും ഷായ് ജുന്നിനെ ഉദ്ധരിച്ച് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പലസ്തീനിന്റെയും ഇസ്രയേലിന്റെയും സമാധാനപരമായ സഹവര്‍ത്തിത്വം സാക്ഷാത്കരിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ശരിയായ ദിശയിലേക്ക് മടങ്ങാനുള്ള അടിയന്തര ബോധം അന്താരാഷ്ട്ര സമൂഹം ആത്മാര്‍ത്ഥമായി വര്‍ധിപ്പിക്കണമെന്നും അതില്‍ പറഞ്ഞു.

ഗാസയിലെ അഭയാര്‍ഥികള്‍ അവരുടെ വീട് വിട്ട് ഈജിപ്തിലെ സിനായ് മരുഭൂമിയില്‍ പലായനം ചെയ്യണമെന്നും അവിടെ അവര്‍ക്ക് കൂടാരങ്ങളുള്ള നഗരം പണിയുമെന്നും ഇസ്രയേല്‍ മുന്‍ ഉപ വിദേശകാര്യ മന്ത്രി ഡാന്നി അയലന്‍ പറഞ്ഞു. ഹമാസിനെ പുറത്താക്കാന്‍ വേണ്ടി ഗാസയിലെ ജനങ്ങളോട് താല്‍ക്കാലികമായി സ്ഥലം വിട്ട് പോകണമെന്നും അതിനുശേഷം അവര്‍ക്ക് തിരികെ വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഗാസയുടെ മറുവശത്തുള്ള സിനായ് മരുഭൂമിയില്‍ അനന്തമായ സ്ഥലമുണ്ട്. സിറിയന്‍ അഭയാര്‍ഥികളെപ്പോലെ ഞങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹങ്ങള്‍ക്കും ഭക്ഷണവും വെള്ളവുമടങ്ങുന്ന അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കുന്ന തുറസായ സ്ഥലങ്ങളിലേക്ക് ഗാസയിലെ ജനങ്ങളെ തുറന്നുവിടലാണ് ഉദ്ദേശ്യം,'' അദ്ദേഹം പറയുന്നു.

logo
The Fourth
www.thefourthnews.in