ജപ്പാനിലെ യാനഹ ദ്വീപ് ചൈനീസ് യുവതി വാങ്ങി

ജപ്പാനിലെ യാനഹ ദ്വീപ് ചൈനീസ് യുവതി വാങ്ങി

ടീന ഴാങ് എന്ന 34 കാരിയുടെ ഭൂമിവാങ്ങലിപ്പോൾ ലോകത്ത് തന്നെ വലിയ ചർച്ചയാണ്
Updated on
1 min read

ജപ്പാനിലെ ഒകിനാവ പ്രിഫെക്‌ചറിലെ ഏറ്റവും വലിയ ജനവാസമില്ലാത്ത യാനഹ ദ്വീപ് ചൈനീസ് യുവതി വാങ്ങിയത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഷാൻഡോംഗ് പ്രവിശ്യയിലെ ക്വിംഗ്‌ദാവോയിൽ നിന്നുള്ള ടീന ഴാങ് എന്ന 34 കാരിയാണ് ദ്വീപ് വാങ്ങിയത്. യാനഹ ദ്വീപിൽ നിന്നും ടീന സംസാരിക്കുന്നതിൻ്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ജപ്പാൻ ടൈംസിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എന്നാൽ, യാനഹ ദ്വീപിലെ ബന്ധു നടത്തുന്ന കമ്പനിയാണ് വാങ്ങിയതെന്ന് അവർ ചൈനീസ് മാധ്യമങ്ങളോട് പറഞ്ഞു. ഒകിനാവയുടെ വടക്കാണ് യാനഹ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇതിൻ്റെ ഒരു ഭാഗം ടോക്കിയോ ആസ്ഥാനമായുള്ള ഒരു കൺസൾട്ടിംഗ് സ്ഥാപനത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്നും റിപ്പോർട്ട് പറയുന്നു. പൊതുരേഖകൾ പ്രകാരം, 2021 ഫെബ്രുവരി മുതൽ ദ്വീപിൻ്റെ 50 ശതമാനവും ചൈനീസ് ബിസിനസുകളിൽ വൈദഗ്ദ്ധ്യം നേടിയ ഈ കൺസൾട്ടിംഗ് സ്ഥാപനത്തിൻ്റെ ഉടമസ്ഥതയിലാണ്. എന്നാൽ, ഇവിടത്തെ ബീച്ചുകൾ കൂടുതലും പ്രാദേശിക സർക്കാരിൻ്റെ നിയന്ത്രണത്തിലാണ്. കൂടാതെ, ദ്വീപ് ഒരു പ്രശസ്തമായ മത്സ്യബന്ധന കേന്ദ്രം കൂടിയാണ്.

ജനുവരി അവസാനം ആദ്യമായി ടീന , ദ്വീപിലെത്തിയപ്പോഴുളള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. ദ്വീപ് വാങ്ങിയതിന് പിന്നിൽ ചൈനയുടെ ​ഗൂഢമായ നീക്കമുണ്ടെന്ന് പോലുംവിമർശനങ്ങൾ ഉയരുന്നു. ഇസെന ദ്വീപ് നിവാസിയാണ് ടീനയെയും മറ്റൊരു സ്ത്രീയെയും ബോട്ടിൽ യാനഹ ദ്വീപിലേക്ക് എത്തിച്ചത്. മണിക്കൂറോളം അവിടെ ചെലവഴിച്ച ടീന ദ്വീപിൽ നിന്നും വീഡിയോയും ചിത്രങ്ങളും എടുക്കുകയുണ്ടായി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, കമ്പനി യാനഹ ദ്വീപ് സ്വന്തമാക്കിയെന്നുളള രേഖയും കാണിച്ചിട്ടുണ്ട്.

പൊതു രേഖകൾ പ്രകാരം യാനഹ ദ്വീപിന്റെ ഉടമസ്ഥാവകാശം പലതവണ കൈമാറിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. മറ്റ് രാജ്യങ്ങളിലെ ജനങ്ങൾക്ക് ചൈനയിൽ ഭൂമി സ്വന്തമാക്കാൻ കഴിയാതിരിക്കുമ്പോഴാണ് ഒരു ചൈനീസ് യുവതി ജപ്പാനിൽ ഭൂമി വാങ്ങിയിരിക്കുന്നതെന്നും ശ്രദ്ധേയം.

logo
The Fourth
www.thefourthnews.in