പ്രസംഗത്തിനിടെ ബോംബ് ആക്രമണം; ജപ്പാൻ പ്രധാനമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു, പ്രതി അറസ്റ്റിൽ

പ്രസംഗത്തിനിടെ ബോംബ് ആക്രമണം; ജപ്പാൻ പ്രധാനമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു, പ്രതി അറസ്റ്റിൽ

ഫുമിയോ കിഷിദ പങ്കെടുത്ത പരിപാടിക്ക് നേരെ പൈപ്പിന് സമാനമായ സ്ഫോടകവസ്തു എറിഞ്ഞതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
Updated on
1 min read

ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്ക് നേരെ ബോംബ് ആക്രമണം. ഫുമിയോ കിഷിദ പങ്കെടുത്ത പരിപാടിക്ക് നേരെ പൈപ്പിന് സമാനമായ സ്ഫോടകവസ്തു എറിഞ്ഞതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫുമിയോ കിഷിദ പരുക്കേൽക്കാതെ രക്ഷപ്പെട്ടെന്നാണ് വിവരം. പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.

പടിഞ്ഞാറൻ ജപ്പാനിലെ വാകയാമയിൽ തുറമുഖം സന്ദർശിക്കുമ്പോഴായിരുന്നു ആക്രമണം. അദ്ദേഹം പ്രസംഗം നടത്താൻ ഒരുങ്ങുന്നതിന് തൊട്ടുമുൻപാണ് സ്ഫോടനം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവ സ്ഥലത്ത് സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായി പബ്ലിക് പ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു.

സംഭവ സ്ഥലത്തുനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ മാറ്റുന്നതിന്റെയും ഒരാളെ പിടിച്ചുകൊണ്ട് പോകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വകയാമ നമ്പര്‍ 1 ജില്ലയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, കിഷിദ ശനിയാഴ്ച ഉച്ചതിരിഞ്ഞ് പ്രചാരണ പരിപാടികൾ തുടരുമെന്ന് എൽഡിപി ട്വിറ്ററിലൂടെ അറിയിച്ചു.

അടുത്ത മാസം ഹിരോഷിമയിൽ ജി7 ഉച്ചകോടിക്ക് കിഷിദ ആതിഥേയത്വം വഹിക്കാനിരിക്കയാണ് സംഭവം. പടിഞ്ഞാറൻ നഗരമായ നാരയിൽ പ്രചാരണ പ്രസംഗത്തിനിടെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ട് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് സംഭവം. ഷിൻസോ ആബെയുടെ കൊലപാതകത്തിന് ശേഷം ജപ്പാൻ രാജ്യത്ത് സുരക്ഷ വർധിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in