'പുരുഷന്മാര്‍ക്ക് പ്രവേശനമില്ല';  സ്ത്രീകള്‍ക്ക് മാത്രമായുള്ള കെനിയയിലെ ഒരു ഗ്രാമം

'പുരുഷന്മാര്‍ക്ക് പ്രവേശനമില്ല'; സ്ത്രീകള്‍ക്ക് മാത്രമായുള്ള കെനിയയിലെ ഒരു ഗ്രാമം

ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഗോത്രവര്‍ഗ്ഗക്കാരെ പോലെ കുടിലുകളും പുല്‍മേടുകളുമുള്ള സാധാരണ ജീവിതം നയിക്കുന്ന ഒരു കൂട്ടം സ്ത്രീകളെയാണ് നമുക്ക് ഉമോജ ഗ്രാമത്തില്‍ കാണാന്‍ സാധിക്കുക
Updated on
2 min read

പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത സ്ത്രീകള്‍ക്ക് മാത്രമായൊരു സ്ഥലം. ലൈംഗികാതിക്രമത്തിനിരയായവരും, ശൈശവ വിവാഹത്തില്‍ നിന്ന് രക്ഷപ്പെട്ടവരും, ചൂഷണത്തിനിരയായവരും അഭയം പ്രാപിക്കുന്ന വടക്കന്‍ കെനിയയിലെ ഒരു ഗ്രാമം, ഉമോജ.

ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഗോത്രവര്‍ഗ്ഗക്കാരെ പോലെ കുടിലുകളും പുല്‍മേടുകളുമുള്ള സാധാരണ ജീവിതം നയിക്കുന്ന ഒരു കൂട്ടം സ്ത്രീകളെയാണ് നമുക്ക് ഉമോജ എന്ന ഗ്രാമത്തില്‍ കാണാന്‍ സാധിക്കുക. 1990 ല്‍ ആണ് ലൈംഗിക അക്രമങ്ങള്‍ക്ക് ഇരയായ സമ്പൂരിലെ സ്ത്രീകള്‍ക്ക് വേണ്ടി ഉമോജ എന്ന പ്രദേശം സ്ഥാപിതമായത്. ഇവിടേക്ക് എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമുണ്ട്.

ഘാനയിലെ പോള്‍ നിന്‍സണ്‍ എന്ന ഫോട്ടോഗ്രാഫറാണ് ഉമോജയിലെ സ്ത്രീകള്‍ക്ക് മാത്രമായുള്ള ഉമോജ ഗ്രാമത്തെ പുറം ലോകത്തെ അറിയിക്കുന്നത്. സ്ത്രീകള്‍ നയിക്കുന്ന പ്രദേശത്തെ കുറിച്ച് ലോകം അറിയണമെന്ന ഉദ്ദേശത്തോടെയാണ് പോള്‍ നില്‍സണ്‍ 2017 ല്‍ ഉമോജയിലേക്ക് യാത്ര നടത്താന്‍ തീരുമാനിക്കുന്നത്. റിഫ്റ്റ് വാലിയിലെ സമ്പൂര ഗ്രാമത്തിലുള്ള സ്ത്രീകളാണ് ഉമോജ ഗ്രാമത്തിലെ ആദ്യ കുടുംബങ്ങൾ.

സ്ത്രീകളും അവരുടെ കുട്ടികളും അടങ്ങുന്ന 50 ഓളം കുടുംബങ്ങളാണ് ഇപ്പോള്‍ ഈ ഗ്രാമത്തിലുള്ളത്. സത്രീകളുടെ അവകാശങ്ങളെപ്പറ്റിയും, ലൈംഗിക അതിക്രമങ്ങളെപ്പറ്റിയുമുള്ള ബോധവത്ക്കരണം ഇപ്പോഴും ഈ ഗ്രാമത്തില്‍ തുടരുന്നുവെന്നതും ശ്രദ്ധേയമാണ്. അവിടെ താമസിക്കുന്ന സ്ത്രീകളുടെ ആണ്‍കുട്ടികള്‍ക്ക് 18 വയസ്സ് വരെ അവിടെ താമസിക്കാനുള്ള അനുമതിയും ഗ്രാമത്തില്‍ നല്‍കുന്നുണ്ട്.

വളരെ എളിമയോടെ സാധാരണ ജീവിതം നയിക്കുന്ന സ്ത്രീകളാണ് ഉമോജ ഗ്രാമത്തിലുള്ളതെന്നും പോള്‍ നില്‍സണ്‍ വ്യക്തമാക്കുന്നു

'ഗ്രാമത്തിലേക്ക് പുരുഷനെന്ന നിലയില്‍ പ്രവേശിക്കുക എന്നത് ദുഷ്‌കരമായി കാര്യമായിരുന്നെന്നും ഫോട്ടോഗ്രാഫര്‍ പോള്‍ നില്‍സണ്‍ വ്യക്തമാക്കുന്നുണ്ട്. എന്റെ ഉദ്ദേശ്യം എന്തെന്ന് വ്യക്തമാക്കിയതിന് ശേഷം മാത്രമാണ് ഗ്രാമത്തിലേക്ക് സ്ത്രീകള്‍ പ്രവേശനം നല്‍കിയത്. പിന്നീട് ഞാന്‍ എടുത്ത ചിത്രങ്ങള്‍ അവരെ കാണിച്ചപ്പോള്‍ അവര്‍ക്ക് ഒരുപാട് സന്തോഷമാവുകയാണ് ഉണ്ടായത്'. പോള്‍ നില്‍സണ്‍ പറഞ്ഞു.

വളരെ എളിമയോടെ സാധാരണ ജീവിതം നയിക്കുന്ന സ്ത്രീകളാണ് ഉമോജ ഗ്രാമത്തിലുള്ളതെന്നും പോള്‍ നില്‍സണ്‍ വ്യക്തമാക്കുന്നു. ഭൂരിഭാഗവും സ്വയംപര്യാപ്തരായ സ്ത്രീകളാണ് ഗ്രാമത്തിലുള്ളത്. ഭക്ഷണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി സ്ത്രീകള്‍ ജോലി ചെയ്യുന്നുമുണ്ട്. ഉമോജ ഗ്രാമത്തില്‍ നിന്ന് വെറും ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് പ്രശ്‌സ്തമായ മസായി മാര വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ അവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ ഉമോജ സന്ദര്‍ശിക്കാനെത്തുകയും അവരില്‍ നിന്ന് ചെറിയൊരു പ്രവേശന ഫീസ് ഈടാക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ഗ്രാമത്തിലെ സ്ത്രീകള്‍ നിര്‍മിച്ച കരകൗശല വസ്തുക്കളും ആഭരണങ്ങളും വില്‍പ്പനയ്ക്ക് വയ്ക്കുകയും ചെയ്യുന്നു. ഇതെല്ലാം ഉമോജ ഗ്രാമത്തിലെ സ്ത്രീകളുടെ ഒരു പ്രധാന വരുമാന സ്‌ത്രോതസ്സാണ്.

ബ്രിട്ടീഷ് പട്ടാളക്കാരുടെ ബലാത്സംഗത്തെ അതിജീവിച്ച 15 സ്ത്രീകളാണ് ഈ ഗ്രാമം സ്ഥാപിക്കുന്നത്. നിലവില്‍ 47 സ്ത്രീകളും 200 ഓളം കുട്ടികളുമാണ് ഉമോജയിലുള്ളത്. ഗ്രാമത്തിന്റെ സ്ഥാപകയില്‍ ഒരാളായ റെബേക്ക ലോലോസോലിക്ക് ഗ്രാമം സ്ഥാപിച്ചത് മുതല്‍ ഭീഷണികളും ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഗ്രാമത്തിന് പുറത്ത് പോയി വിവാഹം കഴിക്കാനും ഗര്‍ഭം ധരിക്കാനുമുള്ള അവകാശവും ഈ ഗ്രാമത്തിലുണ്ട്. പക്ഷേ പുരുഷന്മാര്‍ക്ക് ഗ്രാമത്തിലേക്ക് പ്രവേശനം അനുവദിക്കുകയില്ല.

ഫോട്ടോഗ്രഫിയിലൂടെ ലോകത്തുള്ള വിവിധ മനുഷ്യന്മാരെ ബന്ധിപ്പിക്കാനാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് പോള്‍ നില്‍സണ്‍ പലകുറി വ്യക്തമാക്കിയതാണ്

പുരുഷന്മാരില്ലാത്ത ഗ്രാമം പോള്‍ നില്‍സണ്ണിന്റെ നിരവധി ഫോട്ടോഗ്രാഫി സീരിസുകളിലൊന്നാണ്. ഫോട്ടോഗ്രഫിയിലൂടെ ലോകത്തുള്ള വിവിധ മനുഷ്യന്മാരെ ബന്ധിപ്പിക്കാനാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് പോള്‍ നില്‍സണ്‍ പലകുറി വ്യക്തമാക്കിയതാണ്. വിദ്യാര്‍ത്ഥിയായിരിക്കെ ന്യൂയോര്‍ക്ക് പര്യവേഷണം ചെയ്യുന്നതിനിടയിലാണ് പോള്‍ നില്‍സണ്‍ ആഫ്രിക്കാരെക്കുറിച്ചും അവരുടെ ഫോട്ടോകളെക്കുറിച്ചും ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

logo
The Fourth
www.thefourthnews.in