ചരിത്രമെഴുതി അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനം; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരൻ
ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി. ദക്ഷിണാഫ്രിക്കന്‍ വനിത കിര്‍സ്റ്റൻ ന്യൂഷാഫറിനാണ് ഇത്തവണത്തെ ഗോൾഡന്‍ ഗ്ലോബ് റേസ് കിരീടം. ശനിയാഴ്ച രാവിലെ ഇന്ത്യൻ സമയം 10.30 ഓടെയാണ് അഭിലാഷിന്റെ വഞ്ചി 'ബയാനത്' ഫ്രഞ്ച് തീരം തൊട്ടത്. കിര്‍സ്റ്റണ്‍ നോയിഷെയ്ഫറിന്റെ വ്യാഴാഴ്ച്ച രാത്രി തന്നെ തീരത്തെത്തി.
236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമാണ് അഭിലാഷിന് ഫിനിഷ് ചെയ്യാൻ വേണ്ടിവന്നത്. 28,000 നോട്ടിക്കൽ മൈൽ പിന്നിട്ടാണ് അഭിലാഷ് ഫിനിഷിങ് പോയിന്റിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ നാലിന് ആണ് അഭിലാഷ് ഫ്രാന്‍സിലെ ലെ സാബ്ലെ ദെലോന്‍ തീരത്തുനിന്നും യാത്ര തിരിച്ചത്. നഗരത്തില്‍ അഭിലാഷ് ടോമിയെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് നടക്കുന്നത്. 2018ല്‍ ജീവന് ഭീഷണിയാകുന്ന തരത്തില്‍ അപകടത്തില്‍ പെട്ട അഭിലാഷ് അതേ മത്സരത്തിലാണ് വർഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി നേട്ടം കൊയ്തത്.
ലോകത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹസിക കായിക മത്സരമായ പായ് വഞ്ചിയോട്ടത്തില്‍ കാറ്റിന്റെ മാത്രം സഹായത്തില്‍ ഒറ്റയാന്മാരായാണ് മത്സരാര്‍ഥികള്‍ ഫിനിഷ് ചെയ്യുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സ് നേടുന്ന ആദ്യ വനിതയാണ് കിര്‍സ്റ്റണ്‍. 235 ദിവസങ്ങളെടുത്താണ് കിര്‍സ്റ്റണിന്റെ വഞ്ചി 'മിനോഹാഹ' ലക്ഷ്യം പൂര്‍ത്തിയാക്കിയത്. ലൈന്‍ ക്രോസിങ്ങിന് ശേഷം കിര്‍സ്റ്റണ് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
അഭിലാഷിനും ഇതേ രീതിയിലുള്ള സ്വീകരണമാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകര്‍ പറഞ്ഞു. ഇവിടെ കാലാവസ്ഥയില്‍ പെട്ടന്നുണ്ടാകുന്ന മാറ്റങ്ങളാണ് കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നത്. 16 പേര്‍ ചേര്‍ന്ന് ആരംഭിച്ച മത്സരത്തില്‍ മൂന്ന് പേരാണ് അവശേഷിച്ചത്. ഓസ്ട്രിയന്‍ നാവികന്‍ മൈക്കല്‍ ഗുഗന്‍ബര്‍ഗര്‍ ആണ് ഇനി മത്സരം പൂർത്തിയാക്കാൻ ഉള്ളത്. അദ്ദേഹം ഫിനിഷ് ചെയ്യാന്‍ ഇനിയും 15ലേറെ ദിവസമെടുക്കും.
2018 ല്‍ അപകടത്തിൽ പെട്ട അഭിലാഷിന് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. അന്നത്തെ മത്സരത്തില്‍ കൂറ്റന്‍ തിരമാലകളെ നേരിടാന്‍ 'തുരിയ' എന്ന അഭിലാഷിന്റെ ബോട്ടിന് സാധിച്ചില്ല. ബോട്ടിന്റെ കൊടിമരത്തില്‍ നിന്ന് 30 അടി താഴ്ചയിലേയ്ക്ക് അഭിലാഷ് വീഴുകയായിരുന്നു. പരുക്കേറ്റ് സമുദ്രത്തില്‍ ഒറ്റപ്പെട്ടു പോയ അഭിലാഷിനെ ഫ്രഞ്ച്- ഓസ്‌ട്രേലിയന്‍ - ഇന്ത്യന്‍ നാവിക സേനകൾ സംയുക്തമായി നടത്തിയ 70 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് രക്ഷിച്ചത്. മരിച്ചെന്ന് തീര്‍ച്ചപ്പെടുത്തിയ ഇടത്തു നിന്നാണ് അഭിലാഷിനെ ഫ്രഞ്ച് മത്സ്യ ബന്ധന ബോട്ട് കണ്ടെത്തുന്നത്. നട്ടെല്ലിൽ ടൈറ്റാനിയം ദണ്ഡ് ഘടിപ്പിച്ചാണ് അദ്ദേഹം ഇപ്പോൾ ഈവിക്കുന്നത്.
സാഹസികതയുടെ മത്സരമാണ് ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചിയോട്ടം. ലോകത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കായിക മത്സരമായാണ് ഇത് കണക്കാക്കപ്പെടുന്നത്. 26,000 മൈല്‍ (ഏകദേശം 48,000 കിലോമീറ്റര്‍) നീണ്ട കടല്‍ യാത്രയാണിത്. പായ് വഞ്ചിയില്‍ എവിടെയും നിര്‍ത്താതെ, കാറ്റിന്റെ ഗതിയനുസരിച്ച് ആരുടെയും സഹായം തേടാതെയാണ് യാത്ര. ആധുനിക യന്ത്രസംവിധാനങ്ങള്‍ ഒന്നും ഉപയോഗിക്കാന്‍ പാടില്ല. ദിശ അറിയാന്‍ വടക്കുനോക്കി യന്ത്രവും ഭൂപടവും മാത്രമുണ്ടാകും. 1968ല്‍ മത്സരം ആരംഭിച്ചകാലത്ത് നാവികര്‍ ഉപയോഗിച്ചിരുന്ന അതേരീതി പിന്തുടരണമെന്നാണ് നിയമം.