റഷ്യ- യുക്രെയ്ന്‍ യുദ്ധം
റഷ്യ- യുക്രെയ്ന്‍ യുദ്ധം

ബഖ്മുത്തില്‍ പ്രതിരോധം ശക്തമാക്കി യുക്രെയ്ന്‍; ചര്‍ച്ചകള്‍ക്കായി പ്രതിനിധിയെ അയക്കുമെന്ന് ചൈന

ബഖ്മുത്തില്‍ രണ്ട് കിലോമീറ്ററോളം വീണ്ടെടുത്തതായി യുക്രെയ്ന്‍
Updated on
1 min read

യുക്രെയ്നിലെ കിഴക്കന്‍ നഗരമായ ബഖ്മുത്തില്‍ റഷ്യന്‍ സൈന്യത്തിന് അടിപതറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഖലയില്‍ യുക്രെയ്ന്‍ സേന പ്രതിരോധം ശക്തമാക്കി. കഴിഞ്ഞ പത്ത് മാസത്തോളമായി റഷ്യ ശക്തമായ മുന്നേറ്റം നടത്തുന്ന മേഖലയാണ് ബഖ്മുത്ത്. രണ്ട് കിലോമീറ്ററിലേറെ ഭാഗം റഷ്യയില്‍ നിന്ന് പൂര്‍ണമായും വീണ്ടെടുത്തതായി യുക്രെയ്ന്‍ സൈന്യം അറിയിച്ചു.

റഷ്യയ്ക്ക് നിരവധി സൈനികരെ നഷ്ടമായതായും യുക്രെയ്ന്‍ അവകാശപ്പെടുന്നു. മേഖലയില്‍ യുക്രെയ്ന് തിരിച്ചടികളൊന്നും ഈ ആഴ്ചയുണ്ടായില്ലെന്ന് ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി ഹന്ന മാലിയര്‍ വ്യക്തമാക്കി. എന്നാല്‍ യുക്രെയ്നിയന്‍ പ്രത്യാക്രമണത്തിന് വ്യക്തമായ തെളിവുകളൊന്നുമില്ലെന്ന് ബിബിസി ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് കിലോമീറ്ററോളം ഭാഗത്ത് നിന്ന് റഷ്യന്‍ സൈന്യം പിന്മാറിയതായി യുക്രെയ്ന്‍ കരസേനാ മേധാവി വ്യക്തമാക്കി. റഷ്യന്‍ അതിര്‍ത്തി പ്രദേശമായ ബ്രയാന്‍സ്കയിലെ എണ്ണ സംഭരണ ഡിപ്പോയില്‍ യുക്രെയ്ന്‍ ആക്രമണം നടത്തിയതായി പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്കി വ്യക്തമാക്കി.

റഷ്യ- യുക്രെയ്ന്‍ യുദ്ധം
റഷ്യ-യുക്രെയ്ന്‍ യുദ്ധം: നാല് മാസത്തിനുള്ളില്‍ റഷ്യയ്ക്ക് നഷ്ടപ്പെട്ടത് 20,000 സൈനികരെ

അതിനിടെ, യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിനായി പ്രത്യേക പ്രതിനിധിയെ അയക്കുമെന്ന് ചൈന വ്യക്തമാക്കി. അടുത്താഴ്ച യുക്രെയിനിലും റഷ്യയിലും തങ്ങളുടെ പ്രതിനിധി സന്ദര്‍ശനം നടത്തുമെന്ന് ചൈന അറിയിച്ചു. ചൈനയുടെ യൂറേഷ്യന്‍ അഫയേഴ്‌സ് പ്രത്യേക പ്രതിനിധിയും റഷ്യയിലെ മുന്‍ അംബാസഡറുമായ ലീ ഹുയിയെ ആണ് ദൗത്യത്തിന് നിയോഗിച്ചിരിക്കുന്നത്. ചൈനീസ് പ്രതിനിധി പോളണ്ട്, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെത്തിയും ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

യുദ്ധം അവസാനിപ്പിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് 12 നിര്‍ദേശങ്ങളോട് കൂടിയ സമാധാന പദ്ധതി നേരത്തെ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ റഷ്യയുടെ താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പാശ്ചാത്യരാജ്യങ്ങള്‍ ഇത് തള്ളി. റഷ്യയുടെ സൈനിക പിന്മാറ്റത്തില്‍ കുറഞ്ഞ ചര്‍ച്ചകള്‍ക്കൊന്നും തയ്യാറല്ലെന്നാണ് യുക്രെയ്ന്റെ നിലപാട്. കഴിഞ്ഞ മാസം യുക്രെയിന്‍ പ്രസിഡന്റുമായി ഷി ജിന്‍പിങ് ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. അധിനിവേശം ആരംഭിച്ച ശേഷം ആദ്യമായാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്.

റഷ്യ- യുക്രെയ്ന്‍ യുദ്ധം
മുഴുവൻ പിന്തുണയും നൽകാമെന്ന് റഷ്യ; ബഖ്‌മുത്ത് നഗരത്തിൽ നിന്ന് പിന്മാറുമെന്ന തീരുമാനം മാറ്റി വാഗ്നർ ഗ്രൂപ്പ് തലവൻ

യുക്രെയ്‌ന് ദീര്‍ഘ ദൂര സ്‌റ്റോം ഷാഡോ ക്രൂയിസ് മിസൈലുകള്‍ നല്‍കിയിതിന് അമേരിക്കയെ പഴിചാരി റഷ്യ രംഗത്തെത്തി. സ്റ്റോം ഷാഡോ മിസൈലുകള്‍ യുക്രെയ്നിന് കൈമാറുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ശത്രുതാപരമായ പ്രവര്‍ത്തിയാണെന്നാണ് റഷ്യയുടെ പ്രതികരണം. റഷ്യന്‍ അധീനതയിലുള്ള ലുഹാന്‍സ്‌കില്‍ വെള്ളിയാഴ്ച രണ്ട് സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ യുക്രൈന്‍ യുദ്ധത്തിലെ ഏറ്റവും ശക്തമായ സംഘര്‍ഷത്തിന് സാക്ഷിയാകുന്ന നഗരമാണ് ബഖ്മുത്ത്. 20,000 ല്‍ താഴെ മാത്രമാണ് മേഖലയിലെ ഇപ്പോഴത്തെ ജനസംഖ്യ. ബഖ്മുത്ത് കീഴടക്കിയാല്‍ ക്രമാറ്റോസ്‌ക് ഉള്‍പ്പെടെയുള്ള യുക്രെയ്നിലെ മറ്റ് പ്രധാന നഗരങ്ങള്‍ കൂടി കീഴടക്കാനാകുമെന്ന് റഷ്യ വിലയിരുത്തുന്നു.

logo
The Fourth
www.thefourthnews.in