അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സൈന്യം
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സൈന്യം

താലിബാന്‍ കല്ലെറിഞ്ഞ് കൊല്ലും മുന്‍പ് ആത്മഹത്യ ചെയ്ത് യുവതി

വനിതാ ജയില്‍ ഇല്ലാത്തതിനാലാണ് യുവതിയെ പൊതുജനമധ്യത്തില്‍ കല്ലെറിഞ്ഞ് കൊല്ലാന്‍ ഉത്തരവിറക്കിയതെന്ന് താലിബാന്‍
Updated on
1 min read

അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവശ്യയില്‍ താലിബാന്‍ കല്ലെറിഞ്ഞ് കൊല്ലാന്‍ ഉത്തരവിട്ട യുവതി ആത്മഹത്യ ചെയ്തു. വിവാഹിതനോടൊപ്പം വീടുവിട്ട് ഇറങ്ങിപ്പോയതിനാണ് യുവതിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ താലിബാന്‍ തീരുമാനമെടുത്തത്. ശിക്ഷ നടപ്പാക്കും മുന്‍പ് ശിരോവസ്ത്രം ഉപയോഗിച്ച് യുവതി തൂങ്ങിമരിക്കുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുവതിയോടൊപ്പമുണ്ടായിരുന്ന പുരുഷനെ ഒക്ടോബര്‍ 13ന് തന്നെ താലിബാന്‍ വധിച്ചു. വനിതാ ജയില്‍ ഇല്ലാത്തതിനാലാണ് യുവതിയെ പൊതുജനമധ്യത്തില്‍ കല്ലെറിഞ്ഞ് കൊല്ലാന്‍ ഉത്തരവിറക്കിയതെന്നാണ് താലിബാന്റെ വിശദീകരണം.

രാജ്യത്ത് നിരവധി സ്ത്രീകള്‍ ഒളിച്ചോടുകയും വീട് വിട്ട് ഇറങ്ങിപ്പോകുകയും ചെയ്യുന്നത് പതിവായതോടെയാണ് കടുത്ത ശിക്ഷാ നടപടികളിലേക്ക് കടക്കുന്നതെന്ന് താലിബാന്‍ നിലപാട്. സ്ത്രീകള്‍ക്കെതിരായ ശിക്ഷകള്‍ കൂടുതല്‍ കടുപ്പിക്കുമെന്നും താലിബാന്‍ നേതൃത്വം പറയുന്നു. വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തുന്നത് പോലും സ്ത്രീകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണെന്നാണ് വിശദീകരണം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് അഫ്ഗാനില്‍ താലിബാന്‍ രണ്ടാമതും ഭരണം കയ്യാളുന്നത്. ഇതിന് പിന്നാലെ സ്ത്രീകളുടെ അവകാശങ്ങള്‍ തുടരെ നിഷേധിക്കപ്പെടുന്നതാണ് അഫ്ഗാനിലെ കാഴ്ച. വലിയ മനുഷ്യാവകാശ ലംഘനവും വിവേചനവുമാണ് രാജ്യത്തെ സ്ത്രീകള്‍ നേരിടുന്നത്. നിലവില്‍ ആറാംക്ലാസിന് മുകളില്‍ പഠനം തുടരാന്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ട്.

വിദ്യാഭ്യാസം, ജോലി, പൊതു പങ്കാളിത്തം, ആരോഗ്യം, എന്നിങ്ങനെ അഫ്ഗാന്‍ സ്ത്രീകളുടെ എല്ലാ അവകാശങ്ങളും ലംഘിക്കപ്പെടുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത ബന്ധുക്കളുടെ കൂടെ മാത്രമേ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദമുളളു. മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന 80 ശതമാനം സ്ത്രീകള്‍ക്കും ജോലി നഷ്ടപ്പെട്ടു. സമാനമായ രീതിയില്‍ സുരക്ഷാ രംഗത്ത് ജോലി ചെയുന്ന സ്ത്രീകള്‍ക്കും ജോലി നഷ്ടപ്പെട്ടു. രാജ്യത്തെ 18 ദശലക്ഷം സ്ത്രീകള്‍ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക അവകാശങ്ങള്‍ എന്നിവയ്ക്കായി പോരാടുകയാണ്.

logo
The Fourth
www.thefourthnews.in