ഇത് താലിബാനുള്ള മറുപടി; ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി അഫ്ഗാൻ യുവതി
താലിബാൻ സർക്കാർ പെൺകുട്ടികൾക്ക് വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയ അഫ്ഗാനില്‍ നിന്ന് ഗുജറാത്തിലെത്തി ബിരുദാനന്തര ബിരുദം കരസ്ഥമാക്കി അഫ്ഗാൻ യുവതി. റസിയ മുറാദിയെന്ന അഫ്ഗാൻ യുവതിയാണ് ഇന്ത്യയിലെത്തി ഗോള്‍ഡ് മെഡലോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാലയിൽ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനിലാണ് റസിയ ബിരുദാനന്തര ബിരുദം നേടിയത്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സ്ത്രീകളുടെ പ്രതിനിധിയാണ് താനെന്നും അവസരം ലഭിച്ചാൽ സ്ത്രീകൾക്ക് ഏത് മേഖലയിലും മികവ് പുലർത്താൻ കഴിയുമെന്ന് താലിബാനെ അറിയിക്കാൻ ആഗ്രഹിക്കുകയാണെന്നും റസിയ മുറാദി പറഞ്ഞു.
2022 ഏപ്രിലിലാണ് റസിയ മുറാദി എം എ പൂർത്തിയാക്കിയത്. വിഷയത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് മുറാദി ഗോള്‍ഡ് മെഡലിന് അര്‍ഹയായത്. 8.60 ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ശരാശരി (സിജിപിഎ)യാണ് റസിയയ്‌ക്ക് വിഷയത്തിൽ ലഭിച്ചത്. നിലവിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ പിഎച്ച്ഡി ചെയ്യുകയാണ്. അതേസമയം കഴിഞ്ഞ മൂന്ന് വർഷമായി റസിയയ്ക്ക് തന്റെ കുടുംബത്തെ കാണാൻ കഴിഞ്ഞിട്ടില്ല. റസിയയുടെ മാതാപിതാക്കളെല്ലാം അഫ്ഗാനിസ്ഥാനിലാണ്. ''മെഡൽ ലഭിച്ചതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. എന്നാൽ, കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ എന്റെ കുടുംബത്തെ കണ്ടിട്ടില്ല. അതിൽ എനിക്ക് ദുഃഖമുണ്ട്. ഞാൻ അവരെ ഫോൺ വിളിച്ച് ഓരോ കാര്യവും അറിയിക്കും. അത് കേട്ട് അവർ സന്തോഷിക്കും''- റസിയ പറയുന്നു. 2020ലാണ് റസിയ ഇന്ത്യയിലെത്തിയത്. ഒരു വർഷത്തിന് ശേഷം, താലിബാൻ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തു.
സ്വര്‍ണ മെഡലിന് പുറമേ ശാരദാ അംബേലാല്‍ ദേശായി പുരസ്‌കാരവും റസിയ സ്വന്തമാക്കിയിട്ടുണ്ട്. താലിബാൻ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നിഷേധിച്ചത് നാണക്കേടാണ് എന്നാണ് റസിയ പറഞ്ഞത്. വിദ്യാഭ്യാസം നേടാന്‍ തന്നെ സഹായിച്ചത് ഇന്ത്യയാണ്. കോളേജിലെ സഹപ്രവര്‍ത്തകരോടും അധ്യാപകരോടും ഒരുപാട് നന്ദിയുണ്ടെന്നും അവർ പറഞ്ഞു.
''ഞാൻ എന്റെ പിഎച്ച്ഡി പൂർത്തിയാക്കുമ്പോഴേക്കും അഫ്ഗാനിസ്ഥാനിലെ സ്ഥിതി മെച്ചപ്പെടുമെന്നും എനിക്ക് എന്റെ രാജ്യത്തേക്ക് മടങ്ങാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ രാജ്യത്ത് മാറ്റം കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു, വികസനത്തിനും പുനരധിവാസത്തിനും വേണ്ടി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്ത്രീകൾക്ക് അവസരം ലഭിച്ചാൽ ഏത് മേഖലയിലും വ്യക്തിമുദ്ര പതിപ്പിക്കാനാകും''- റസിയ പറയുന്നു.
ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) സ്‌കോളർഷിപ്പ് വഴിയാണ് റസിയ ഇന്ത്യയിൽ പഠിക്കാനെത്തിയത്. ഐസിസിആർ സ്‌കോളർഷിപ്പോടെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 14,000 വിദ്യാർത്ഥികളാണ് ഇന്ത്യയിൽ പഠിക്കുന്നത്. പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് വിലക്കിയ താലിബാന്റെ നടപടി ലജ്ജാകരമാണെന്ന് പറഞ്ഞ റസിയ, തിനിക്ക് ഈ അവസരം നൽകിയതിന് ഇന്ത്യൻ ഗവൺമെന്റ്, ഐസിസിആർ, വിഎൻഎസ്ജിയു, ഇന്ത്യയിലെ ജനങ്ങൾ എന്നിവരോട് കടപ്പെട്ടിരിക്കുന്നുവെന്നും വ്യക്തമാക്കി.
അന്താരാഷ്ട്ര സമൂഹം ഇടപെട്ട് മറ്റുള്ള രാജ്യങ്ങളിലേത് പോലെ അഫ്ഗാനിലെ ജീവിത സാഹചര്യവും മാറ്റണമെന്നും റസിയ ആവശ്യപ്പെടുന്നു. രാജ്യത്തെ എല്ലാ ജനങ്ങളും സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നനും അതിനായി പ്രവര്‍ത്തിക്കുമെന്നും റസിയ പറയുന്നു.