വിസ നിയന്ത്രണത്തിൽ അയവില്ലാതെ ഇന്ത്യ; അഫ്ഗാൻ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ

വിസ നിയന്ത്രണത്തിൽ അയവില്ലാതെ ഇന്ത്യ; അഫ്ഗാൻ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ

ഏകദേശം 2,500-ലധികം അഫ്ഗാൻ വിദ്യാർഥികളാണ് വിസ ലഭിക്കാത്തതിനാല്‍ അഫ്ഗാനിസ്ഥാനിൽ തുടരുന്നത്
Updated on
2 min read

താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ പൗരന്‍മാര്‍ക്ക് വിസ അനുവദിക്കുന്നത് നിര്‍ത്തിയ ഇന്ത്യന്‍ നടപടി പിന്‍വലിക്കാത്തതില്‍ ദുരിതത്തിലായി വിദ്യാര്‍ഥികള്‍. വിവിധ ഇന്ത്യന്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന അഫ്ഗാൻ വിദ്യാർത്ഥികളാണ് പഠനം തുടരാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഏകദേശം 2,500-ലധികം അഫ്ഗാൻ വിദ്യാർത്ഥികളാണ് വിസ ലഭിക്കാത്തതിനാല്‍ അഫ്ഗാനിസ്ഥാനിൽ തുടരുന്നതെന്ന് ഡൽഹിയിലെ അഫ്ഗാൻ എംബസി അറിയിച്ചു.

വിസ നിയന്ത്രണത്തിൽ അയവില്ലാതെ ഇന്ത്യ; അഫ്ഗാൻ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ
വ്യാജ വിസ രേഖകൾ; 700 ഇന്ത്യൻ വിദ്യ‍ാർഥികളെ നാടുകടത്താൻ കാനഡ

2021 ഓഗസ്റ്റിലാണ് താലിബാൻ അഫ്ഗാനില്‍ അധികാരം പിടിച്ചത്. പിന്നാലെ സ്റ്റുഡന്റ് വിസ ഉൾപ്പെടെ നിലവിലുള്ള എല്ലാ അഫ്ഗാൻ വിസകളും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ഇക്കാലയളവില്‍ എംബസികളും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ, ന്യൂഡൽഹിയിലെ എംബസിയിൽ പരിമിതമായ പ്രവർത്തനങ്ങൾ പുനരാരംഭിച്ചെങ്കിലും വിസ അനുവദിക്കുന്നത് സംബന്ധിച്ച് നടപടി ഉണ്ടായില്ല.

അഫ്ഗാൻ പൗരന്മാരോട് ഇ-വിസ പ്രോഗ്രാമിന് കീഴിൽ അപേക്ഷിക്കാൻ ഇന്ത്യൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ആറ് മാസത്തേക്ക് മാത്രം സാധുതയുള്ള ഇ-വിസ അപൂർവ സാഹചര്യങ്ങളിൽ മാത്രമാണ് അനുവദിക്കുക. കഴിഞ്ഞ വർഷം, ഇ-വിസ നൽകിയത് 300 അഫ്ഗാനികൾക്ക് മാത്രമാണ്. ഇതേത്തുടർന്ന് പഠനത്തിനും ചികിത്സയിക്കുമായി കാത്തിരിക്കുന്ന ആയിരങ്ങളുടെ ജീവിതം പ്രതിസന്ധിയിൽ തുടരുകയാണ്.

വിസ നിയന്ത്രണത്തിൽ അയവില്ലാതെ ഇന്ത്യ; അഫ്ഗാൻ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ
നിയന്ത്രണങ്ങള്‍ നീക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും ചൈനീസ് വിസ, തീരുമാനം രണ്ടു വര്‍ഷത്തിനുശേഷം

സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി 1950-ൽ സ്ഥാപിതമായ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) 2001-ന് ശേഷം, ഇന്ത്യയിൽ ബിരുദ, ബിരുദാനന്തര പഠനങ്ങൾ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർക്ക് 1,000 വാർഷിക സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്തിരുന്നു. സ്‌കോളർഷിപ്പ് സ്‌കീമിൽ നിന്ന് ആയിരക്കണക്കിന് അഫ്ഗാൻ വിദ്യാർത്ഥികൾക്ക് പഠനം സാധ്യമായിരുന്നു. ഇതിൽ, സ്‌റ്റൈപ്പൻഡായി 25,000 ഇന്ത്യൻ രൂപയും ഓരോ വിദ്യാർത്ഥിക്കും പ്രതിമാസം ഏകദേശം 6,500 രൂപയും താമസസൗകര്യവും ലഭ്യമാക്കിയിരുന്നു.

ഇന്ത്യയിലുടനീളമുള്ള വിവിധ സർവകലാശാലകളിലായി പതിനായിരത്തിലധികം അഫ്ഗാൻ വിദ്യാർത്ഥികളാണ് പഠനത്തിനായി അഡ്മിഷൻ എടുത്തിരുന്നത്. 2021 ജനുവരിയിൽ, ചണ്ഡീഗഡ് സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് പഠിക്കാനുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമിൽ പ്രവേശനം ലഭിച്ച യാസ്മിൻ അസിമി വിസ നേടാനായി രണ്ട് വർഷമായി ശ്രമിക്കുകയാണ്. വിസ നടപടിക്രമങ്ങൾ നീണ്ടു പോയതിനാൽ, ഒടുവിൽ അസിമി അവളുടെ കോഴ്‌സിന് ഓൺലൈനായി ശ്രമിച്ചെങ്കിലും ഇന്റർനെറ്റ് പതിവായി തകരാറിലായതിനാൽ പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ആദ്യ വർഷത്തേക്കുള്ള കോഴ്‌സ് ഫീസായി നിസാമി ഏകദേശം 60,000 രൂപയാണ് അടച്ചിരുന്നത്. ഇത് തിരികെ ലഭിച്ചതുമില്ല പഠനം തുടരാനുമായില്ല. അപ്രതീക്ഷിതമായ ഈ തിരിച്ചടി നിന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നും വിദ്യാര്‍ഥി ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ തുടര്‍ പഠനത്തിന് അവസരം ലഭിക്കാത്ത സാഹചര്യത്തില്‍ മറ്റ് വിദേശ രാജ്യങ്ങളെ ആശ്രയിക്കുകയാണ് വിദ്യാര്‍ഥികള്‍. യൂറോപ്പ്, തുർക്കി, ഇറാൻ, പാകിസ്ഥാൻ അടക്കമുളള രാജ്യങ്ങളിലെ സർവകലാശാലകളെയാണ് ഇപ്പോള്‍ ഇവര്‍ ആശ്രയിക്കുന്നത്. 2022-ൽ പാകിസ്താൻ അഫ്ഗാൻ വിദ്യാർത്ഥികൾക്കായി 4,500 സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 7,000-ലധികം അഫ്ഗാനികൾ പാകിസ്താനിലെ വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ എൻറോൾ ചെയ്തിട്ടുണ്ടെന്ന് പാകിസ്ഥാൻ സർക്കാർ അറിയിച്ചു.

logo
The Fourth
www.thefourthnews.in