'സ്ത്രീകളോടുള്ള അവകാശ ലംഘനം തുടർന്നാല്‍ താലിബാൻ കൂടുതൽ ഒറ്റപ്പെടും'; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ
സ്ത്രീകളോടുള്ള അവകാശ ലംഘനം തുടർന്നാല്‍ അഫ്ഗാനിസ്ഥാൻ കൂടുതൽ ഒറ്റപ്പെടുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. യുഎൻ ഉന്നതതല സംഘം താലിബാൻ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുന്നറിയിപ്പ് നൽകിയത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംഘം കഴിഞ്ഞയാഴ്ചയാണ് അഫ്ഗാൻ സന്ദർശനം നടത്തിയത്.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് എപ്പോഴും മുൻഗണന നൽകണമെന്ന് യുഎൻ നിയമ വിദഗ്ധർ താലിബാനോട് ആവശ്യപ്പെട്ടു. ആവശ്യമുള്ള സമയങ്ങളിൽ പിന്തുണയുമായി സ്ത്രീകളോടൊപ്പം ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു. യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന മുഹമ്മദ്, യുഎൻ വനിതാ എക്സിക്യൂട്ടീവ് ഡയറക്ടർ സിമ ബഹൗസ്, യുഎൻ രാഷ്ട്രീയ, സമാധാന പ്രവർത്തനങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഖാലെദ് ഖ്യാഹി എന്നിവരും കാബുൾ സന്ദർശിച്ച യുഎൻ സംഘത്തിന്റെ ഭാഗമായിരുന്നു.
സന്ദർശനത്തിൽ കണ്ടെത്തിയ കാര്യങ്ങളും ശുപാർശകളും അംഗരാജ്യങ്ങളുമായി പങ്കുവെയ്ക്കും
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുക, അധികാരികളുമായി സംവദിക്കുക, അഫ്ഗാൻ ജനതയുമായുള്ള യുഎൻ ഐക്യദാർഢ്യം ഉയർത്തിക്കാട്ടുക എന്നിവയായിരുന്നു നാല് ദിവസത്തെ സന്ദർശനത്തിന്റെ ലക്ഷ്യം. സന്ദർശനത്തിൽ കണ്ടെത്തിയ കാര്യങ്ങളും ശുപാർശകളും അംഗരാജ്യങ്ങളുമായി പങ്കുവയ്ക്കാനാണ് തീരുമാനം. ഭാവിയിൽ അഫ്ഗാനിസ്ഥാനുമായുള്ള ആഗോള നയങ്ങൾ തീരുമാനിക്കുന്നതിൽ ഇത് സ്വാധീനിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും സ്ത്രീകളെയും പെൺകുട്ടികളെയും നിയന്ത്രിച്ചുകൊണ്ട് താലിബാൻ സർക്കാർ അടുത്തിടെ പുറപ്പെടുവിച്ച നിരോധനങ്ങൾ യുഎന്നിനെ സംബന്ധിച്ചിടത്തോളം വളരെയധികം ആശങ്കാജനകമാണെന്ന് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന മുഹമ്മദ് പറഞ്ഞു. ഇത്തരം നിയന്ത്രണങ്ങളാണ് വാസ്തവത്തിൽ അഫ്ഗാനിസ്ഥാനെ ഒറ്റപ്പെടുത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു. സന്നദ്ധ സംഘനകളില്‍ നിന്ന് സ്ത്രീകളെ വിലക്കിയ താലിബാന്റെ പുതിയ നടപടി രാജ്യത്തുടനീളമുള്ള വിദ്യാർഥിനികളുടെയും വനിതാ പ്രവർത്തകരുടെയും പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു.
നിരോധനങ്ങൾ ആശങ്കാജനകമാണെന്ന് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന മുഹമ്മദ്
സ്ത്രീകൾക്കെതിരായ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ഗ്രൂപ്പിന്റെ മുൻഗണനയല്ലെന്ന് താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് അടുത്തിടെ ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇസ്ലാമിക നിയമം ലംഘിക്കുന്ന ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്നും സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച ആശങ്കകൾ നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുമെന്നുമാണ് പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.