കിഴക്കൻ യുക്രെയ്നിൽ റഷ്യയുടെ റോക്കറ്റ് ആക്രമണം ; എഎഫ്പി മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
കിഴക്കൻ യുക്രെയ്നിലെ ബാഖ്‌മൂത് നഗരത്തിന് സമീപം റഷ്യ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഫ്രഞ്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ഫ്രാൻസ്-പ്രെസിന്റെ വീഡിയോ ജേണലിസ്റ്റായ അർമൻ സോൾഡിൻ ആണ് ഗ്രേഡ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിന് ദൃക്സാക്ഷികളായ മറ്റ് മാധ്യമപ്രവർത്തകരെ ഉദ്ധരിച്ച് എഎഫ്പി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അർമാനോടൊപ്പം മറ്റ് 4 സഹപ്രവർത്തകരും അപകടസ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും മറ്റാർക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെയാണ് ആക്രമണം ഉണ്ടായത്. യുക്രെയ്ൻ സൈന്യത്തോടൊപ്പമാണ് റിപ്പോർട്ടിങ് ടീം ഉണ്ടായിരുന്നത്. ബോസ്നിയൻ വംശജനും ഫ്രഞ്ച് പൗരനുമായ സോൾഡിൻ സ്ഥിരമായി യുദ്ധത്തിന്റെ മുൻനിരയിൽ നിന്ന് ജോലി ചെയ്തിരുന്ന, പരിചയസമ്പന്നനായ റിപ്പോർട്ടറായിരുന്നുവെന്ന് വാർത്താ ഏജൻസി പറഞ്ഞു.
“ധൈര്യവും സർഗ്ഗാത്മകതയുമുള്ള സ്ഥിരോത്സാഹിയായിരുന്നു സോൾഡിൻ. എല്ലാറ്റിനുമുപരിയായി അദ്ദേഹം ജോലിയോട് പൂർണ്ണമായും പ്രതിജ്ഞാബദ്ധനായ ഒരു മികച്ച പത്രപ്രവർത്തകനായിരുന്നു, ” എഎഫ്‌പിയുടെ ഗ്ലോബൽ ന്യൂസ് ഡയറക്ടർ ഫിൽ ചെറ്റ്‌വിൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
2022 സെപ്തംബർ മുതൽ യുക്രെയ്നിൽ എഎഫ്‌പിയുടെ വീഡിയോ കോർഡിനേറ്ററാണ് അദ്ദേഹം. റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രെയ്‌നിലെത്തിയ ഏജൻസിയുടെ ആദ്യത്തെ മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു സോൾഡിൻ.
യുക്രെയ്നിലെ റിപ്പോർട്ടിങ് അനുഭവങ്ങൾ തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവെക്കാറുണ്ട്. ബഖ്മുത്തിന് സമീപം കിടങ്ങുകൾ കുഴിക്കുന്ന സൈനികരെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെ കഴിഞ്ഞയാഴ്ച ഉണ്ടായ റോക്കറ്റ് ആക്രമണത്തിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടിരുന്നു. 2015-ൽ റോമിൽ നിന്നാണ് അർമൻ സോൾഡിൻ എഎഫ്‌പിയിൽ ചേർന്നത്.
കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ് റിപ്പോർട്ട് പ്രകാരം അധിനിവേശം ആരംഭിച്ചത് മുതൽ യുക്രെയ്നിൽ കൊല്ലപ്പെടുന്ന 17ആമത്തെ മാധ്യമപ്രവർത്തകനാണ് 32 കാരനായ അർമൻ സോൾഡിൻ.
ഫോക്‌സ് ന്യൂസ് ഫോട്ടോ ജേണലിസ്റ്റ് പിയറി സക്രസെവ്‌സ്‌കി , പത്രപ്രവർത്തകനും ഡോക്യുമെന്റേറിയനുമായ ബ്രെന്റ് റെനൗഡ് , ഫോട്ടോ ജേണലിസ്റ്റ് മാക്‌സ് ലെവിൻ എന്നിവരുൾപ്പെടെയാണിത്. രണ്ടാഴ്ചക്ക് മുൻപ് യുക്രെയ്‌നിലെ കേഴ്‌സൺ നഗരത്തിലേക്കുള്ള യാത്രാമധ്യേ ഒരു യുക്രേനിയൻ മാധ്യമപ്രവർത്തകൻ കൊല്ലപ്പെടുകയും ഒരു ഇറ്റാലിയൻ മാധ്യമപ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ അർമാൻ സോൾഡിന് ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.