എയർ കൂളര്‍, ടിവി; ജയിലില്‍ ഇമ്രാന്‍ ഖാന് 'സുഖവാസ'മെന്ന് പാക് സർക്കാർ
ഓഗസ്റ്റ് മൂന്ന് മുതൽ തടവിൽ കഴിയുന്ന് പാക് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് അറ്റോക്ക് ജില്ല ജയിലിൽ ഒരുക്കിയിരിക്കുന്നത് മികച്ച സൗകര്യങ്ങളെന്ന് പാകിസ്താൻ സർക്കാർ. പാകിസ്താൻ സുപ്രീംകോടതിയിൽ അറ്റോർണി ജനറൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇമ്രാനായി ഒരുക്കിയ വിശേഷമായ സംവിധാനങ്ങളെ കുറിച്ച് വിവരിക്കുന്നത്. എയർ കൂളര്‍, കിടക്ക, ടിവി അടക്കം വലിയ സൗകര്യങ്ങളാണ് ഇമ്രാന് ജയിലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സർക്കാരിന്റെ വാദം.
ജയിലിൽ ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ ഇമ്രാന്റെ ഭാര്യയും തെഹരീഖ് ഇ ഇൻസാഫാ പാർട്ടിയും ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് സാഹചര്യം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി അറ്റോർണി ജനറൽ മൻസൂർ അവാന് നിർദേശം നൽകുകയായിരുന്നു. അറ്റോക്ക് ജയിലിൽ വച്ച് ഭർത്താവിനെ വിഷം കൊടുത്തു കൊല്ലാൻ സാധ്യതയുണ്ടെന്ന് ആരോപിച്ച് ഭാര്യ ബുഷ്‌റബീവി പഞ്ചാബ് ആഭ്യന്തരസെക്രട്ടറിക്കും കത്തയച്ചിരുന്നു.
ഏറ്റവും സുരക്ഷിതമായ ഹൈ ഒബ്‌സർവേഷൻ ബ്ലോക്കിലാണ് ഇമ്രാൻ ഖാനെ താമസിപ്പിച്ചിരിക്കുന്നതെന്നും സുരക്ഷയ്ക്കായി സമീപ ബ്ലോക്കുകൾ ഒഴിപ്പിച്ചെന്നും റിപ്പോർട്ടിലുണ്ട്. ഇമ്രാൻ ഖാനെ പാർപ്പിച്ചിരിക്കുന്ന സെല്ലിന്റെ ചുവര്‍ വൈറ്റ് വാഷ് ചെയ്ത് വെടിപ്പാക്കി, നിലം സിമന്റ് ഉപയോഗിച്ച് മിനുസപ്പെടുത്തി സീലിങ് ഫാനും ഘടിപ്പിച്ചുട്ടുണ്ട്. സെല്ലിനകത്ത് ഫൈബർ ഡോർ ഘടിപ്പിച്ചിട്ടുണ്ടെന്നും ഇമ്രാന് പുതിയ ബ്രാൻഡഡ് കമോഡ്, ഹാൻഡ് വാഷ്, സ്റ്റെയിൻലെസ് സ്റ്റീൽ ടാപ്പ് എന്നിവയും നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
വലിയ കണ്ണാടിയുള്ള വാഷ് ബേസിൻ സെല്ലിൽ സ്ഥാപിച്ചിട്ടുണ്ട്. കിടക്കയും നാല് തലയണയും, നിസ്കാരപ്പായയും എയർ കൂളറും സജ്ജീകരിച്ചിട്ടുണ്ട്. ഖുറാന്റെ ഇംഗ്ലീഷ് പരിഭാഷയും , ഇസ്ലാമിക ചരിത്രം പറയുന്ന 25 പുസ്തകങ്ങളും ഒരു പത്രവും സെല്ലിലുണ്ടാകും. 21 ഇഞ്ചുള്ള എൽഇഡി ടിവി സൗകര്യവും ഇമ്രാനൊരുക്കിയിട്ടുണ്ട്. ഇമ്രാനെ പാർപ്പിച്ചിരിക്കുന്ന സെല്ലിൽ ദിവസവും രണ്ട് തവണ വൃത്തിയാക്കാനും വസ്ത്രങ്ങൾ അലക്കുന്നതിനും ആളെയും ഏർപ്പെടുത്തിയിട്ടുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മൂന്ന് മണിക്കൂർ വച്ച് കുടുംബാംഗങ്ങളെ കാണാം, രണ്ട് മണിക്കൂർ മുതൽ മൂന്ന് മണക്കൂർ വരെ അഭിഭാഷകനെ കാണാനും അവസരമുണ്ട്. ഓഗസ്റ്റ് ഏഴ് മുതൽ 23 വരെ ഇമ്രാൻ ഖാന്റെ ഭാര്യയും അഭിഭാഷകനും അദ്ദേഹത്തെ മൂന്ന് തവണ സന്ദർശിച്ചു. അഞ്ച് ഡോക്ടർമാരടങ്ങുന്ന സംഘമാണ് ഇമ്രാൻ ഖാനെ ശുശ്രൂഷിക്കുന്നത്.
ബ്രെഡ് ഓമ്ലറ്റ്,തൈര്,ചായ എന്നിവയാണ് പ്രഭാത ഭക്ഷണം. പഴങ്ങൾ, പച്ചക്കറികൾ,പയറുവർഗങ്ങൾ,ചോറ് എന്നിവയാണ് ഉച്ചയ്ക്കും രാത്രിയും ഭക്ഷണമായി നൽകാറ്. ആഴ്ചയിൽ രണ്ട് ദിവസം ചിക്കൻ, മട്ടൺ, നെയ്യ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ 53 അധിക സുരക്ഷാ ഉദ്യോഗസ്ഥരെ താത്കാലികമായി നിയമിച്ചിട്ടുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പോലീസിനെ വിന്യസിച്ചിരിക്കുന്നത്. ഇമ്രാൻ ഖാന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ മൂന്ന് ക്യാമറകാളാണ് സ്ട്രോളിങ് ഷെഡിൽ വിന്യസിച്ചിരിക്കുന്നത്. സ്വകാര്യത മാനിച്ച് സെല്ലിന് ഏതാണ് 12 മുതൽ 14 അടി വരെ മാറിയാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. സെല്ലിനകത്ത് ഒരു ക്യാമറയും വിന്യസിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. സെല്ലിൽ നിയോഗിക്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർക്ക് വയർലെസ് സെറ്റുകളും നൽകിയിട്ടുണ്ട്. പവർകട്ട് ഇല്ലാതിരിക്കാൻ 63KV ജനറേറ്റർ സൗകര്യവും ജയിലിൽ ഒരുക്കിയിട്ടുണ്ടെന്നും അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ ഇമ്രാൻ തൃപ്തനെന്നാണ് സർക്കാരിന്റെ അവകാശവാദം.
തോഷഖാന കേസിൽ ഇമ്രാൻ ഖാനെതിരായ വിധി ഇസ്ലാമബാദ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയിരുന്നു. എന്നാൽ ഔദ്യോഗിക രഹസ്യ നിയമപ്രകാരം എടുത്ത സിഫർ കസ് നിലനിൽക്കുന്നതിനാൽ ഇമ്രാൻ ജയിലിൽ തുടരുകയാണ്. സൈഫർ കേസിൽ ഇമ്രാൻ ഖാനെ നാളെ കോടതിയിൽ ഹാജരാക്കുന്നുണ്ട്.