അലെസ് ബിയാലറ്റ്‌സ്‌കി ജയിലില്‍
അലെസ് ബിയാലറ്റ്‌സ്‌കി ജയിലില്‍

രണ്ട് വര്‍ഷമായി ജയിലില്‍ ; സമാധാനത്തിനുള്ള നൊബേല്‍ നേടിയ അലെസ് ബിയാലറ്റ്സ്‌കി ആരാണ് ?

വിയസ്‌ന എന്ന മനുഷ്യാവകാശ സംരക്ഷണ സംഘടനയുടെ സ്ഥാപകനാണ് 60-കാരനായ ബിയാലറ്റ്‌സ്‌കി
Updated on
1 min read

രണ്ട് വര്‍ഷമായി ജയിലിലുള്ള ബെലറൂസിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലെസ് ബിയാലറ്റ്‌സ്‌കിക്കാണ് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. 60-കാരനായ ബിയാലറ്റ്‌സ്‌കി 'വിയസ്‌ന' (വസന്തം) എന്ന മനുഷ്യാവകാശ സംരക്ഷണ സംഘടനയുടെ സ്ഥാപകനാണ്. ബെലറൂസിലെ ഏകാധിപത്യ ഭരണാധികാരിയായ അലക്‌സാണ്ടര്‍ ലുക്കാഷെങ്കോവിനെതിരായ പോരാട്ടങ്ങളുടെ ഭാഗമായി 1996-ല്‍ സ്ഥാപിച്ചതാണ് വിയസ്‌ന. സര്‍ക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധത്തെ ക്രൂരമായി അടിച്ചമര്‍ത്തിയ ലുക്കാഷെങ്കോയുടെ നടപടിക്കെതിരെ പ്രതികരിച്ചു കൊണ്ടായിരുന്നു സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ തുടക്കം. പോലീസ് അറസ്റ്റ് ചെയ്ത പ്രതിഷേധക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിയസ്‌ന പിന്തുണ നല്‍കി. രാഷ്ടീയ തടവുകാരെ ശാരീരികമായി പീഡിപ്പിക്കുന്നതിനെതിരെ സംഘടന നിയമ പോരാട്ടവും നടത്തി.

സ്വന്തം രാജ്യത്ത് സമാധാനവും ജനാധിപത്യവും പുലരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെച്ചതാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന് നൊബേല്‍ കമ്മിറ്റി അധ്യക്ഷ ബെറിറ്റ് ആന്‍ഡേഴ്‌സണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു. 2011ല്‍ നികുതി അടച്ചില്ലെന്ന് ആരോപിച്ച് ജയിലിലടയ്ക്കപ്പെട്ട ബിയാലറ്റ്‌സ്‌കി മൂന്ന് വര്‍ഷം കഴിഞ്ഞാണ് സ്വതന്ത്രനാക്കപ്പെടുന്നത്. 2020-ല്‍ ബിയാലറ്റ്സ്‌കി വീണ്ടും വിചാരണ കൂടാതെ ജയിലിലടയ്ക്കപ്പെട്ടു. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് ലുക്കാഷെങ്കോ 2020-ല്‍ വീണ്ടും അധികാരത്തിലെത്തിയത് എന്നാരോപിച്ച് നടന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനായിരുന്നു അറസ്റ്റ്.

'ഒരുപാട് പ്രതിസന്ധികള്‍ക്കിടയിലും ജനാധിപത്യത്തിനും സമാധാനത്തിനുമുള്ള തന്റെ പോരാട്ടങ്ങളില്‍ നിന്ന് ഒരടി പോലും ബിയാലറ്റ്‌സ്‌കി പിന്നോട്ട് പോയിട്ടില്ല', കമ്മിറ്റി നിരീക്ഷിച്ചു. ബെലറൂസിയന്‍ ഭരണകൂടം അടിച്ചമര്‍ത്തലുകളിലൂടെ പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് തന്റെ അറസ്റ്റിന് അല്‍പ്പം മുന്‍പ് 2020-ല്‍ ബിയാലറ്റ്സ്‌കി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രാജ്യത്തുടനീളം ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

യൂറോപ്പിന്റെ അവസാന ഏകാധിപതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലുക്കാഷെങ്കോ 1994-ല്‍ രാജ്യം സ്താപിതമായപ്പോള്‍ മുതല്‍ ബെലറൂസിന്റെ ഭരണാധികാരിയാണ്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെ പരസ്യമായി പിന്തുണച്ച ലുക്കാഷെങ്കോയുടെ നിലപാട് ആഗോള തലത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in