ഒടുവിൽ നിത്യശാന്തി; നവാൽനിയുടെ സംസ്കാരം മാർച്ച് ഒന്നിന്

ഒടുവിൽ നിത്യശാന്തി; നവാൽനിയുടെ സംസ്കാരം മാർച്ച് ഒന്നിന്

നവാൽനിയുടെ മരണം സ്ഥിരീകരിച്ച് ഒൻപത് ദിവസത്തിന് ശേഷമാണ് മൃതദേഹം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും അനുയായികളും കുടുംബത്തിന് വിട്ടുനല്‍കുന്നത്
Updated on
1 min read

ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ സംസ്കാരം മാർച്ച് ഒന്നിന് മോസ്കോയിലെ മേരിനോ ജില്ലയിൽ നടത്തുമെന്ന് നവാല്‍നിയുടെ വക്താവ് കിര യർമിഷ് അറിയിച്ചു. നവാൽനിയുടെ മരണം സ്ഥിരീകരിച്ച് ഒൻപത് ദിവസത്തിനുശേഷമാണ് നവാല്‍നിയുടെ മൃതദേഹം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും അനുയായികളും മാതാവിന് വിട്ടുനല്‍കുന്നത്. മകന്റെ മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നവാൽനിയുടെ മാതാവായ ല്യൂഡ്‌മില നവാല്‍നയ റഷ്യൻ കോടതിയെ സമീപിച്ചിരുന്നു.

രണ്ട് ദിവസമായി നവാൽനിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനായി പലയിടങ്ങളിലേക്കും വിളിച്ചിരുന്നതായും എന്നാൽ മിക്കവരും 'നവാൽനി' എന്ന പേര് കേൾക്കുമ്പോൾതന്നെ ആവശ്യം നിരസിക്കുകയായിരുന്നെന്നും കഴിഞ്ഞ ദിവസം കിര യർമിഷ് എക്‌സിൽ കുറിച്ചിരുന്നു.

ഒടുവിൽ നിത്യശാന്തി; നവാൽനിയുടെ സംസ്കാരം മാർച്ച് ഒന്നിന്
ഒമ്പത് ദിവസങ്ങള്‍ക്കു ശേഷം പുടിന്‍ വഴങ്ങി; നവാല്‍നിയുടെ മൃതദേഹം മാതാവിന് വിട്ടുനല്‍കി

നവാൽനിയുടെ മൃതദേഹം രഹസ്യമായി സംസ്കരിക്കാനുള്ള നീക്കത്തിലായിരുന്നു റഷ്യൻ ഭരണകൂടം. ഇതിന്റെ ഭാഗമായി നവാല്‍നിയുടെ സംസ്‌കാരം രഹസ്യമായി നടത്തണമെന്ന് ആവശ്യപ്പെട്ട് നവാൽനിയുടെ മാതാവിനെ അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി നവാൽനിയുടെ അനുയായികൾ വെളിപ്പെടുത്തിയിരുന്നു. മൃതദേഹം വിട്ടുനൽകാതെയുള്ള റഷ്യൻ അധികാരികളുടെ സമീപനത്തിനെതിരെ വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു. മൃതശരീരത്തെ പോലും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പരിഹസിക്കുകയാണെന്നാണ് നവാല്‍നിയുടെ പങ്കാളി യൂലിയ നവാല്‍നയ പ്രതികരിച്ചത്. ഒടുവിൽ മൃതദേഹം വിട്ടുകിട്ടിയ സാഹചര്യത്തിലും സാധാരണ രീതിയിലുള്ള സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ അധികാരികള്‍ അനുവദിക്കുമോയെന്ന് അറിയില്ലെന്ന ആശങ്കയും നവാൽനിയുടെ കുടുംബം പങ്കുവെച്ചിരുന്നു.

നവാൽനിയുടെ മരണവാർത്തയെ തുടർന്ന് മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ല്യൂഡ്‌മിലയെ റഷ്യന്‍ പ്രിസണ്‍സ് ഉദ്യോഗസ്ഥര്‍ പ്രധാന കവാടത്തില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മൃതദേഹം വിട്ടുനല്‍കുകയുള്ളുവെന്നാണ് അധികാരികൾ അറിയിച്ചത്.

മകന്റെ മൃതദേഹം ഒരുനോക്ക് കാണാന്‍ പോലും റഷ്യന്‍ ഉദ്യോഗസ്ഥര്‍ ല്യുഡ്മിലിയയെ അനുവദിച്ചിരുന്നില്ല. ഇതേത്തുടർന്ന് നവാല്‍നിയുടെ അനുയായികള്‍ ജയിലിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. അമ്മയ്ക്ക് മകന്റെ മൃതദേഹം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് നിരവധി റഷ്യൻ സാംസ്കാരിക പ്രമുഖരും പ്രവർത്തകരും രംഗത്തെത്തി. തുടർന്ന് ഫെബ്രുവരി 24നാണ് നവാല്‍നിയുടെ മൃതദേഹം അധികാരികൾ കുടുംബത്തിന് വിട്ടുനല്‍കിയത്.

ഒടുവിൽ നിത്യശാന്തി; നവാൽനിയുടെ സംസ്കാരം മാർച്ച് ഒന്നിന്
അഭിഭാഷകനില്‍നിന്ന് പുടിന്‌റെ നിരന്തര വിമര്‍ശകനിലേക്ക്, ഒടുവില്‍ ജയിലില്‍ അന്ത്യം; അലക്‌സി നവാല്‍നി എന്ന പ്രതിപക്ഷ ശബ്ദം

ഫെബ്രുവരി 16നാണ് പുടിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷനേതാവുമായിരുന്ന അലക്‌സി നവാല്‍നി ജയിലിൽ മരിച്ചതായി വാർത്തകൾ പുറത്തുവന്നത്. മോസ്‌കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്ക് വ്ളാദിമിര്‍ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനല്‍ കോളനി നമ്പര്‍ 6 അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്ന നവാല്‍നി നടന്നുകഴിഞ്ഞ് എത്തിയപ്പോള്‍ അസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധം മറയുകയുമായിരുന്നെന്നാണ് മരണത്തിനു കാരണമായി ജയിലധികൃതര്‍ നല്‍കിയ വിശദീകരണം.

logo
The Fourth
www.thefourthnews.in