രുചിക്കൂട്ടിന്റെ സുൽത്താന് വിട;ചിക്കൻ ടിക്ക മസാല കണ്ടുപിടിച്ച ഷെഫ് അലി അഹമ്മദ് അസ്ലം അന്തരിച്ചു
ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയവും രുചി മുകുളങ്ങളും കീഴടക്കിയ ഒരു വിഭവമാണ് ചിക്കൻ ടിക്ക മസാല. അമേരിക്കയിലെ ഏതൊരു ഇന്ത്യൻ മെനുവിലും നമുക്ക് കണ്ടെത്താനാകുന്ന ഏറ്റവും ജനപ്രിയമായ ഇന്ത്യൻ വിഭവങ്ങളിൽ ഒന്നാണത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ, അമേരിക്കൻ ഐക്യനാടുകളിൽ ഇന്ത്യൻ പാചകരീതി ക്രമാനുഗതമായി പ്രചാരത്തിലുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യൻ പാചകരീതികളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും ഉപയോഗം കണക്കിലെടുക്കുമ്പോൾ, ചിക്കൻ ടിക്ക മസാല ഉണ്ടാക്കാൻ ഉപയോഗിച്ച ഗരം മസാല പോലെ തന്നെ അതൊരു ഇന്ത്യൻ വിഭവമാണെന്ന് വിചാരിക്കും. എന്നാൽ അതല്ല സത്യം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സ്കോട്ട്ലൻഡിലാണ് ചിക്കൻ ടിക്ക മസാല യഥാർത്ഥത്തിൽ പിറവിയെടുത്തതെന്നാണ് റിപ്പോർട്ടുകൾ. 1964-ൽ ഗ്ലാസ്‌ഗോയിലെ ഷിഷ് മഹൽ റെസ്റ്റോറന്റ് സ്ഥാപിച്ച പാകിസ്താൻ വംശജനായ ഷെഫ് അലി അഹമ്മദ് അസ്ലം ആണ് ചിക്കൻ ടിക്ക മസാല എന്ന വിഭവം കണ്ടുപിടിച്ചത് എന്നാണ് പറയപ്പെടുന്നത്.
ഒരു കസ്റ്റമർ ചിക്കൻ ടിക്കയെ വരണ്ടതല്ലാതാക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചതിന് ശേഷമാണ് അലി ചിക്കൻ ടിക്ക മസാല എന്ന വിഭവവുമായി എത്തിയത്. അലി അഹമ്മദിന്റെ തന്നെ വാക്കുകളെടുത്താൽ, ഗ്ലാസ്‌ഗോയിലെ തന്റെ ഷിഷ് മഹൽ റസ്റ്റോറന്റിലെത്തിയ ഒരു ബ്രിട്ടീഷുകാരൻ ചിക്കൻ ടിക്ക ഓർഡർ ചെയ്തു. എന്നാൽ ടിക്ക വളരെ ഡ്രൈ ആണെന്ന് അയാൾ പരാതി പറഞ്ഞു. അയാളെ പ്രീതിപ്പെടുത്താൻ, അലി തക്കാളി സൂപ്പിൽ കുറച്ച് സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് അത് ചിക്കന് മേൽ ഒഴിച്ചു. അങ്ങനെയാണ് ചിക്കൻ ടിക്ക മസാല ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. തുടർന്ന് റസ്റ്റോറന്റിലെ മെനുവിലെ പ്രധാന വിഭവമായി ചിക്കൻ ടിക്ക മസാല മാറി.
തിങ്കളാഴ്ച ഷിഷ് മഹൽ റെസ്റ്റോറന്റ് ജീവനക്കാർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അലി അഹമ്മദ് അസ്ലമിന്റെ മരണം ലോകത്തെ അറിയിച്ചത്. സംസ്‌കാരം ചൊവ്വാഴ്ച ഗ്ലാസ്‌ഗോ സെൻട്രൽ മോസ്‌കിൽ നടന്നു.
ചെറുപ്പത്തിൽ പാകിസ്താനിൽ നിന്ന് സ്കോട്ട്ലൻഡിലേക്ക് കുടിയേറിയ അലി, 1964ൽ വെസ്റ്റ് എൻഡിലെ ഷിഷ് മഹൽ റസ്റ്റോറന്റ് ആരംഭിക്കന്നതിന് മുൻപ് ബസ് കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നു. 2009ൽ, ഷാംപെയ്ൻ, പാർമ ഹാം, ഗ്രീക്ക് ഫെറ്റ ചീസ് എന്നിവയ്‌ക്കൊപ്പം യൂറോപ്യൻ യൂണിയൻ ഈ വിഭവത്തിന് 'പ്രൊട്ടക്റ്റഡ് ഡിസിഗ്നേഷൻ ഓഫ് ഒറിജിൻ' പദവി നൽകണമെന്ന് അലി ക്യാമ്പെയിനുകൾ സംഘടിപ്പിച്ചെങ്കിലും പരാജയപ്പെട്ടു.