നാടകീയം ഇമ്രാൻ ഖാന്റെ അറസ്റ്റ്; വഴിവച്ച അൽ ഖാദിർ ട്രസ്റ്റ് കേസ് എന്താണ്?

നാടകീയം ഇമ്രാൻ ഖാന്റെ അറസ്റ്റ്; വഴിവച്ച അൽ ഖാദിർ ട്രസ്റ്റ് കേസ് എന്താണ്?

ഇടപാടിന്റെ ഭാഗമായി ബഹ്‌രിയ ടൗണിൽ നിന്ന് 458 കനാൽ, 4 മാർല, 58 ചതുരശ്ര അടി ഭൂമി എന്നിവ ട്രസ്റ്റിന് ലഭിച്ചു
Updated on
2 min read

പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാനെ നാടകീയമായി അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. ഇസ്ലാമബാദ് ഹൈക്കോടതി വളപ്പിൽ വച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അൽ-ഖാദിർ ട്രസ്റ്റ് കേസിലാണ് ഇമ്രാൻ ഖാൻ പാകിസ്താനിലെ പോലീസ് സേനയായ റേഞ്ചേഴ്സ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍  ഹാജരാകാന്‍ നിരവധി തവണ സമന്‍സ് അയച്ചിട്ടും ഇമ്രാന്‍ ഹാജരായിരുന്നില്ല.  

എന്താണ് അൽ ഖാദിർ ട്രസ്റ്റ് കേസ്?

അൽ ഖാദിർ സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസാണ് അൽ ഖാദിർ ട്രസ്റ്റ് കേസ്. 2021ൽ സ്ഥാപിതമായ അൽ ഖാദിർ സർവകലാശാല ഇമ്രാൻ ഖാന്റെ സ്വപ്ന പദ്ധതിയായിരുന്നു.

സർവകലാശാല സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിയും അവരുടെ അടുത്ത അനുയായികളായ സുൽഫിക്കർ ബുഖാരിയും ബാബർ അവാനും ചേ‍ർന്ന് അൽ ഖാദിർ പ്രോജക്ട് ട്രസ്റ്റ് രൂപീകരിച്ചത്. ഇവരെല്ലാം ട്രസ്റ്റിൽ പങ്കാളികളാണ്. പഞ്ചാബിലെ ഝലം ജില്ലയിലെ തെഹ്‌സിൽ സൊഹാവയിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനാണ് ഇത് സ്ഥാപിച്ചത്.

നാടകീയം ഇമ്രാൻ ഖാന്റെ അറസ്റ്റ്; വഴിവച്ച അൽ ഖാദിർ ട്രസ്റ്റ് കേസ് എന്താണ്?
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍

രേഖകളിൽ ട്രസ്റ്റിന്റെ ഓഫീസ് വിലാസം "ബനി ഗാല ഹൗസ്, ഇസ്ലാമാബാദ്" എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് 2019ൽ ബുഷ്‌റ ബീബി ബഹ്‌രിയ ടൗൺ എന്ന സ്വകാര്യ റിയൽ എസ്റ്റേറ്റ് സ്ഥാപനവുമായി കരാർ ഒപ്പുവച്ചു. ഇടപാടിന്റെ ഭാഗമായി ബഹ്‌രിയ ടൗണിൽ നിന്ന് 458 കനാൽ, 4 മാർല 58 ചതുരശ്ര അടി ഭൂമി എന്നിവ ട്രസ്റ്റിന് ലഭിച്ചു. പാകിസ്താനിൽ പ്രചാരത്തിലുള്ള ഭൂമി അളവാണ് കനാലും മാർലയും.

458 കനാൽ ഭൂമിയിൽ 240 കനാൽ ബുഷ്‌റ ബീബിയുടെ അടുത്ത സുഹൃത്തായ ഫറാ ഗോഗിയുടെ പേരിലേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രി റാണാ സനാഉല്ല ആരോപിച്ചു. ഈ ഭൂമിയുടെ വില കുറച്ചുകാണിക്കുകയും ഇമ്രാൻ ഖാൻ തന്റെ വിഹിതം സർവകലാശാലയുടെ പേരിൽ സ്വീകരിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

ട്രസ്റ്റായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികളിൽനിന്ന് ഫീസും ഈടാക്കിയിരുന്നു. ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ സ‍ർക്കാരിലെ മറ്റ് ചില മന്ത്രിമാരും ബ്രിട്ടനിലെ നാഷണൽ ക്രൈം ഏജൻസി (എൻസിഎ) സർക്കാരിന് അയച്ച 5000 കോടി രൂപ തട്ടിയെടുത്തതായാണ് ആരോപണം.

സർവകലാശാല സ്ഥാപിക്കുന്നതിനായി സൊഹാവയിലെ മൗസ ബക്രലയിൽ 458 കനാൽ ഭൂമിയുടെ രൂപത്തിൽ അനർഹമായ ആനുകൂല്യം നേടിയതായും ഇവർക്കെതിരെ ആരോപണമുണ്ട്. പിന്നീട് ബ്രിട്ടനിൽ തനിക്കെതിരായ കേസ് ഒതുക്കി തീർക്കുന്നതിനായി റിയൽ എസ്റ്റേറ്റ് വ്യവസായിയായ മാലിക് റിയാസിന് ഇമ്രാൻ ഖാൻ 190 മില്യൺ പൗണ്ട് നൽകിയതായും പാക് മുൻ ധനമന്ത്രി മിഫ്താ ഇസ്മായിൽ ആരോപിച്ചു. മാലിക് റിയാസും അൽ ഖാദിർ ട്രസ്റ്റിനായി 100 ഏക്കറോളം സംഭവന നൽകിയിരുന്നു. ദേശീയ ഖജനാവിൽനിന്നാണ് ഈ പണം നൽകിയതെന്നാണ് റിപ്പോർട്ട്.

എന്നാൽ നിർമാണത്തിലിരിക്കുന്ന അൽ-ഖാദിർ സർവകലാശാലയ്ക്കായി 2021-ൽ ട്രസ്റ്റിന് ദശലക്ഷക്കണക്കിന് തുക സംഭാവനയായി ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 2019 മെയ് അഞ്ചിന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപേഴ്‌സണായ ഇമ്രാൻ ഖാൻ തന്നെയാണ് സർവകലാശാല ഉദ്ഘാടനം ചെയ്തത്.

ട്രസ്റ്റിന് 18 കോടി പാകിസ്താൻ രൂപ ലഭിച്ചതായി പാക് മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചതോടെയാണ് അഴിമതി പുറത്തായത്. രേഖകളിൽ ഏകദേശം 85.2 ലക്ഷം പാകിസ്താൻ രൂപ മാത്രമാണ് ചെലവ് രേഖപ്പെടുത്തിയത്. ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്തിട്ടും വിദ്യാർഥികളിൽനിന്ന് പണം ഈടാക്കുന്നത് എന്തിനെന്നും ചോദ്യമുയർന്നിരുന്നു.

logo
The Fourth
www.thefourthnews.in