'ഗാസയിൽ നടത്തുന്ന ആക്രമണങ്ങളുടെ തീവ്രത കുറയ്ക്കണം'; ഇസ്രയേലിന് മേൽ വീണ്ടും സമ്മർദവുമായി അമേരിക്ക
ഗാസയിൽ സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്ന് ഇസ്രയേലിനോട് വീണ്ടും ആവശ്യപ്പെട്ട് അമേരിക്ക. ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തിന്റെ തീവ്രത കുറയ്ക്കണമെന്നും സിവിലിയന്മാരുടെ ജീവൻ രക്ഷിക്കുന്ന തരത്തിലേക്ക് ഇസ്രയേലിന്റെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടണമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അമേരിക്കൻ വിദേശകാര്യ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ ഇസ്രയേലിലെത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ബൈഡന്റെ പ്രസ്താവന.
ഗാസയിൽ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തുന്ന ആളുകളുടെ എണ്ണം വർധിച്ചതോടെ ഇസ്രയേലിനും അവരെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കും മേൽ അന്താരാഷ്ട്ര സമ്മർദ്ദം വർധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, ആക്രമണത്തിന്റെ തോത് കുറയ്ക്കണമെന്ന് അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. “സിവിലിയൻ ജീവൻ എങ്ങനെ രക്ഷിക്കാം എന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഹമാസിനെ തകർക്കാനുള്ള നടപടികൾ നിർത്തരുത്, പക്ഷേ കൂടുതൽ ശ്രദ്ധാലുവായിരിക്കണം” - ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടി പിൻവലിക്കണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബൈഡൻ.
ഇസ്രയേലിന്റെ വിവേചനരഹിതമായ ബോംബാക്രമണം അന്താരാഷ്ട്ര പിന്തുണ നഷ്ടപ്പെടുത്താൻ കാരണമാകുമെന്ന് ചൊവ്വാഴ്ച ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു
ഹമാസിനെ കേന്ദ്രീകരിച്ച് കൃത്യതയോടെയുള്ള ആക്രമണങ്ങളിലേക്ക് ഇസ്രയേൽ മാറണമെന്നാണ് നെതന്യാഹുവുമായുള്ള ചർച്ചയിൽ സുള്ളിവൻ ആവശ്യപ്പെട്ടതെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സമീപഭാവിയിൽ അങ്ങനെയൊരു മാറ്റമുണ്ടാകാനുള്ള കാര്യങ്ങളാണ് ചർച്ചയാണ് നടത്തിയത്. എന്നാൽ അതിനൊരു സമയപരിധി നിശ്ചയിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു. എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനുള്ള ആത്യന്തിക ഉത്തരവാദിത്തം ഹമാസിനാണെന്നും അമേരിക്കൻ ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു.
ഗാസയിലെ മരണസംഖ്യയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമയപരിധിയും സംബന്ധിച്ച് ബൈഡനും നെതന്യാഹുവും തമ്മിൽ വർദ്ധിച്ചുവരുന്ന ഭിന്നതയുടെ റിപ്പോർട്ടിനിടെയാണ് സുള്ളിവന്റെ ഇസ്രായേൽ സന്ദർശനം. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഉൾപ്പെടെയുള്ള ഉയർന്ന ഇസ്രയേലി ഉദ്യോഗസ്ഥരുമായുള്ള സുള്ളിവന്റെ കൂടിക്കാഴ്ച്ച വെള്ളിയാഴ്ചയും തുടരുമെന്നാണ് വിവരം.
ഇസ്രയേലിന്റെ വിവേചനരഹിതമായ ബോംബാക്രമണം അന്താരാഷ്ട്ര പിന്തുണ നഷ്ടപ്പെടുത്താൻ കാരണമാകുമെന്ന് ചൊവ്വാഴ്ച ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അന്താരാഷ്ട്ര പിന്തുണ ഇല്ലാതെയാണെങ്കിലും ഹമാസിനോടുള്ള യുദ്ധം തുടരുമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി എലി കോഹൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഇതുവരെ 18787 ആളുകളാണ് ഗാസയിൽ ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 7700 പേരും കുട്ടികളാണ്. ചൊവ്വാഴ്ച, യുഎൻ ജനറൽ അസംബ്ലി ഗാസയിൽ "ഉടനടി മാനുഷിക വെടിനിർത്തൽ" ആവശ്യപ്പെട്ടുകൊണ്ട് നോൺ-ബൈൻഡിങ് പ്രമേയം പാസാക്കിയിരുന്നു.