കമല ഹാരിസ് ട്രംപായി, സെലെൻസ്കി പുടിനും; വീണ്ടും വെട്ടിലായി ബൈഡൻ, സ്ഥാനാർഥിത്വത്തില്‍ ആശങ്ക ശക്തം

കമല ഹാരിസ് ട്രംപായി, സെലെൻസ്കി പുടിനും; വീണ്ടും വെട്ടിലായി ബൈഡൻ, സ്ഥാനാർഥിത്വത്തില്‍ ആശങ്ക ശക്തം

രണ്ട് വാരം മുൻപ് ട്രംപിനെതിരെ നടന്ന സംവാദത്തിലും ബൈഡൻ പിന്നോട്ടായിരുന്നു. ഇതിന് ശേഷമാണ് ബൈഡന്റെ പ്രായവും ആരോഗ്യസ്ഥിതിയും സംബന്ധിച്ച് ആശങ്കകള്‍ വർധിച്ചത്
Updated on
1 min read

സ്ഥാനാർഥിത്വത്തിലും ശാരീരിക ക്ഷമതയിലും ആശങ്ക ഉയരുന്ന പശ്ചാത്തലത്തിലും അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ തന്നെ എത്തുമെന്ന് ആവർത്തിച്ച് ജോ ബൈഡൻ. വാഷിങ്ടണില്‍ നടന്ന നാറ്റൊ ഉച്ചകോടിക്ക് ശേഷമുള്ള പത്രസമ്മേളനത്തില്‍ ബൈഡൻ നടത്തിയ പരാമർശങ്ങളാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

യുക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെന്നും, അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ വൈസ് പ്രസിഡന്റ് ട്രംപ് എന്നുമാണ് ബൈഡൻ അഭിസംബോധന ചെയ്തത്.

രണ്ട് വാരം മുൻപ് ട്രംപിനെതിരെ നടന്ന സംവാദത്തിലും ബൈഡൻ പിന്നോട്ടായിരുന്നു. ഇതിന് ശേഷമാണ് ബൈഡന്റെ പ്രായവും ആരോഗ്യസ്ഥിതിയും സംബന്ധിച്ച് ആശങ്കകള്‍ വർധിച്ചത്.

"പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താൻ ഏറ്റവും അനുയോജ്യനായ വ്യക്തി ഞാനാണ്. ഞാൻ ട്രംപിനെ ഒരു തവണ പരാജയപ്പെടുത്തി, അത് ആവർത്തിക്കും," ബൈഡൻ പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റായ ബൈഡൻ താൻ ഈ ചരിത്രം തുടരാനല്ല ആരംഭിച്ച ജോലി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി.

കമല ഹാരിസ് ട്രംപായി, സെലെൻസ്കി പുടിനും; വീണ്ടും വെട്ടിലായി ബൈഡൻ, സ്ഥാനാർഥിത്വത്തില്‍ ആശങ്ക ശക്തം
കുട്ടികളോട് കണ്ണില്ലാത്ത ക്രൂരത തുടർന്ന് ഇസ്രയേൽ; ഗാസയിൽ ഉപയോഗിക്കുന്നത് 'ഫ്രാഗ്മെൻ്റേഷൻ സ്ലീവ്' ആയുധങ്ങൾ

ബൈഡൻ സ്ഥാനാർഥിത്വം ഉപേക്ഷിക്കണമെന്ന് ഡ്രെമൊക്രാറ്റ്സിനിടയില്‍ നിന്ന് തന്നെ ആവശ്യം ശക്തമാണ്. ട്രംപിന് മുൻതൂക്കം ലഭിക്കുന്നുവെന്ന ഭയംകൂടി ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തലുകള്‍. വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ കമല ചുമതലയേല്‍ക്കുന്നതില്‍ പൂർണ പിന്തുണയാണ് ബൈഡൻ പ്രഖ്യാപിച്ചിട്ടുള്ളത്.

പ്രചാരണത്തില്‍ ബൈഡൻ നേരിടുന്ന തിരിച്ചടികള്‍ കമലയ്ക്ക് ട്രംപിനെ നേരിടാൻ കഴിയുമോയെന്ന പരീക്ഷണം കൂടിയാവുകയാണ്. പ്രസിഡന്റാകാനുള്ള യോഗ്യതയില്ലായിരുന്നെങ്കില്‍ ഒരിക്കലും കമലയെ തിരഞ്ഞെടുക്കില്ലായിരുന്നെന്നും ബൈഡൻ പറയുന്നു. രാത്രി എട്ട് മണിയോടെ ഉറങ്ങണമെന്നുള്ള നിർദേശങ്ങള്‍ തനിക്ക് ആരും നല്‍കിയിട്ടില്ലെന്നും ബൈഡൻ വ്യക്തമാക്കി. വ്യാഴാഴ്ച എട്ട് മണിക്ക് ശേഷമായിരുന്നു ബൈഡന്റെ വാർത്താസമ്മേളനം നടന്നത്.

സംവാദത്തിലുണ്ടായ തിരിച്ചടി ജെറ്റ് ലാഗും പനിയും മൂലമായിരുന്നെന്നായിരുന്നു ബൈഡന്റെ പക്ഷം. പരിശോധനയില്‍ താൻ പൂർണആരോഗ്യവാനാണെന്ന് തെളിഞ്ഞതായും ഡോക്ടർമാർ മറ്റ് നിർദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും ബൈഡൻ പറയുന്നു. പുടിനേയും ചൈനയും ഷി ജിൻപിങ്ങിനേയും പോലുള്ള നേതാക്കളെ നേരിടാൻ തനിക്ക് കഴിയുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in