ഇസ്രയേലിൻ്റെ കൊടുക്രൂരതയിൽ കണ്ണടച്ച് അമേരിക്ക; കുട്ടികളെ അടക്കം കൊന്നൊടുക്കിയിട്ടും അപകടരേഖ മറികടന്നില്ലെന്ന് ബൈഡൻ
''റഫായില്‍ അധിനിവേശം നടത്തിയാല്‍ ഇസ്രയേലിനു ഞാന്‍ ആയുധങ്ങള്‍ നല്‍കില്ല,'' മേയ് ഒൻപതിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണിത്. ഇസ്രയേലിനു പതിവുപോലെ ആയുധങ്ങൾ നല്‍കുമെങ്കിലും റഫായെ ആക്രമിക്കുന്നതിനെ പിന്തുണയ്ക്കില്ലെന്നും അതിനുവേണ്ടി ബോംബുകളോ പീരങ്കികളോ നൽകില്ലെന്നുമായിരുന്നു ബൈഡൻ സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചത്.
എന്നാൽ, ബൈഡന്റെ ഈ വാക്കുകൾ പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിൽ ഇസ്രയേല്‍ റഫായെ തീകുണ്ഡമാക്കിയിരിക്കുന്നു. റഫായെ ആക്രമിക്കുന്നതിനെ പിന്തുണയ്ക്കില്ലെന്നു പറഞ്ഞ ബൈഡൻ നിലപാടിൽനിന്ന് മലക്കം മറിയുകയും ചെയ്തിരിക്കുന്നു.
ഗാസയിൽനിന്ന് ഇസ്രയേൽ പിൻവാങ്ങണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവ് വന്നത് മേയ് 24നാണ്. പിന്നാലെ നരനായാട്ടാണ് റഫായില്‍ ഇസ്രയേൽ നടത്തുന്നത്. ഒക്ടോബര്‍ ഏഴിനു ഇസ്രേയൽ അധിനിവേശം ആരംഭിച്ചതു മുതല്‍ സുരക്ഷിത സ്ഥാനമെന്നു പറഞ്ഞ് തെക്കന്‍ ഗാസയിലെയും വടക്കന്‍ ഗാസയിലെയും ആളുകള്‍ അഭയം പ്രാപിച്ചതു റഫായിലായിരുന്നു. എന്നാല്‍ റഫായിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്കുള്ള ഇസ്രയേല്‍ ക്രൂരകൃത്യത്തിനാണു ഞായറാഴ്ച രാത്രി ലോകം സാക്ഷ്യംവഹിച്ചത്. റഫായ്ക്കു സമീപമുള്ള ടാല്‍ അസ് സുല്‍ത്താന്‍ പ്രദേശത്തെ ക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളും മുതിര്‍ന്ന പൗരന്മാരുമടക്കം 45 പേരാണ് കൊല്ലപ്പെട്ടത്.
കലിയടങ്ങാത്ത ഇസ്രയേല്‍, സുരക്ഷിതമേഖലയെന്ന് പ്രഖ്യാപിച്ചിരിക്കുന്ന റഫായുടെ പടിഞ്ഞാറ് ഭാഗത്ത് കഴിഞ്ഞദിവസം നടത്തിയ ഷെല്ലാക്രമണത്തില്‍ 13 സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 23 പലസ്തീനികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന അല്‍ മവാസിയിലെ ടെന്റ് ക്യാമ്പിനുനേരെയായിരുന്നു ആക്രമണം. അഭയാര്‍ത്ഥി ക്യാമ്പിനുനേരെ രണ്ടു ദിവസം തുടർച്ചയായി നടത്തിയ ആക്രമണത്തെക്കുറിച്ച് ലോകം മുഴുവന്‍ ആശങ്കയിലാണെങ്കിലും അന്ന് പറഞ്ഞതില്‍നിന്നു മലക്കം മറിഞ്ഞിരിക്കുകയാണ് അമേരിക്ക.
ഇസ്രയേലിനെ കൈവിടാത്ത അമേരിക്ക
റഫായില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം അമേരിക്കയുടെ 'ക്രോസ് ലൈന്‍' ഭേദിക്കുന്നതല്ലെന്നാണു ബൈഡൻ ഭരണകൂടം നല്‍കുന്ന വിശദീകരണം. ഞായറാഴ്ച നടന്ന ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം നിരീക്ഷിക്കുകയാണെന്ന് ബൈഡന്‍ ഭരണകൂടം അറിയിക്കുന്നു. പലസ്തീനിലെ സാധാരണക്കാര്‍ക്കെതിരെ അമേരിക്ക കണ്ണ് അടച്ചുപിടിക്കുന്നില്ലെന്ന് ദേശീയ സുരക്ഷാ സമിതി വക്താവ് ജോണ്‍ കിര്‍ബി പറയുന്നുമുണ്ട്. ഇതൊരു ദാരുണമായ തെറ്റാണെന്ന് ഇസ്രയേൽ തന്നെ സമ്മതിച്ചതായും ഞായറാഴ്ചത്തെ ആക്രമണത്തെ വിലയിരുത്തി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''വലിയ നാശനഷ്ടങ്ങളും മരണങ്ങളും ഉണ്ടാക്കാതെ ഇസ്രയേലികള്‍ക്കു ഹമാസിന്റെ പിന്നാലെ പോകാന്‍ ബുദ്ധിമുട്ടായതിനാല്‍ റഫായില്‍ വലിയൊരു കരയാക്രമണം പാടില്ലെന്നു ഞങ്ങള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ആക്രമണം ഇതുവരെ ഞങ്ങള്‍ കണ്ടിട്ടില്ല,'' അദ്ദേഹം വിശദീകരിക്കുന്നു. റഫായിലെ ഇന്ന് കണ്ട ഇസ്രയേലി ടാങ്കുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സമാന രീതിയിലുള്ള മറുപടിയാണ് അദ്ദേഹം നല്‍കിയത്. വലിയ അളവില്‍ ഇസ്രയേലി ടാങ്കുകളോ വലിയ അളവില്‍ സൈനികരെയോ തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ലോകരാജ്യങ്ങളില്‍നിന്ന് ഇസ്രയേല്‍ ഒറ്റപ്പെടുന്നത് അമേരിക്കയ്ക്കു താല്പര്യമുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖാന്‍ യൂനുസിലും ഗാസ സിറ്റിയിലും നടന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ ഇവിടെ കാണാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാത്യു മില്ലര്‍ വ്യക്തമാക്കുന്നു. കൂട്ടക്കൊലയെ ഹൃദയം തകര്‍ന്നതെന്നാണ് മില്ലര്‍ വിശേഷിപ്പിച്ചതെങ്കിലും മറ്റിടങ്ങളിലുള്ള പോലുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ റഫായിലുണ്ടായില്ലെന്നാണ് അവകാശപ്പെടുന്നത്.
അതായത് രണ്ട് ദിവസമായി ലോകത്തിലെ എല്ലാ കണ്ണുകളും ഗാസയിലാണെങ്കിലും അമേരിക്കയ്ക്കു മാത്രം കുട്ടികളടക്കമുള്ളവരുടെ മരണം ബാധിക്കുന്നില്ലെന്ന് സാരം. ഈ മാസമാദ്യം റഫായെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഇസ്രയേലിലേക്കുള്ള ബോംബ് കയറ്റുമതി അമേരിക്ക നിര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് നിരവധി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇസ്രയേലിനെ പിന്തുണയ്ക്കുകയും നൂറു കോടിയോളം ആയുധങ്ങള്‍ കൈമാറുകയും ചെയ്തു.
ഇസ്രയേലിനു പ്രതിവര്‍ഷം 380 കോടി ഡോളറെങ്കിലും അമേരിക്കന്‍ സൈനിക സഹായം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം 1400 കോടി ഡോളറിന്റെ അധിക സഹായത്തിനുള്ള കരാറിലും ബൈഡന്‍ ഒപ്പുവച്ചിരുന്നു.
ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ ലോകം
കഴിഞ്ഞ രണ്ട് ദിവസത്തെ സംഭവങ്ങളെ മുന്‍നിര്‍ത്തി ഇസ്രയേലിനെയും അമേരിക്കയെയും വിമര്‍ശിച്ച് നിരവധി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ശിക്ഷാരഹിതമായി പ്രവര്‍ത്തിക്കാന്‍ ഇസ്രയേലിനെ അനുവദിക്കുന്ന ബൈഡന്റെ പ്രവര്‍ത്തിയില്‍ നിരാശ തോന്നുന്നുവെന്ന് യുഎസ് കാംപയിന്‍ ഫോര്‍ പലസ്തീന്‍ റൈറ്റ്‌സ് (യുഎസ്‌സിപിആർ) ഡയറക്ടര്‍ അഹ്‌മദ് അബൂസ് നെയ്ഡ് വ്യക്തമാക്കി. ''പാലിക്കില്ലെന്ന് അറിയാവുന്ന റെഡ് ലൈന്‍ സ്ഥാപിക്കുന്നതിലൂടെ വംശഹത്യ തുടരുകയാണ്. അദ്ദേഹം ഒരു ദുര്‍ബലനായ രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നാണ് ഇത് വ്യക്തമാക്കുന്നത്,'' അഹ്‌മദ് അബൂസ് വ്യക്തമാക്കുന്നു.
ബൈഡന്‍ പറയുന്ന റഫായിലെ റെഡ് ലൈന്‍ അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹത്തിന്റെ ഹൃദയശൂന്യമായ നയമാണ് ഇത് വെളിപ്പെടുത്തുന്നതെന്നും പവര്‍ ചേഞ്ച് ആക്ഷന്‍ എന്ന അഭിഭാഷക സംഘത്തിന്റെ നിയമനിര്‍മാണ, രാഷ്ട്രീയ ഡയറക്ടര്‍ യാസ്മിന്‍ തയേബ് പറഞ്ഞു. ''ഇസ്രയേല്‍ അന്താരാഷ്ട്ര മാനുഷികനിയമത്തെയും അമേരിക്കന്‍ നിയമങ്ങളെയും നയങ്ങളെയും ലംഘിക്കുന്നു. അമേരിക്കന്‍ നിയമങ്ങള്‍ നടപ്പിലാക്കാനും ഇസ്രയേലിനുള്ള ആയുധങ്ങള്‍ നല്‍കുന്നത് ഇല്ലാതാക്കാനുമുള്ള തത്വാധിഷ്ഠിതവും സ്ഥിരതയുള്ളതുമായ നിലപാട് സ്വീകരിക്കാന്‍ ഗാസയില്‍ എട്ട് മാസമായി നിലനില്‍ക്കുന്ന കൂട്ടക്കൊലകള്‍ ബൈഡന് പര്യാപ്തമല്ല,'' അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ മുതല്‍ ഇസ്രയേലിനെ നിയന്ത്രിക്കുന്നതിൽ ബൈഡന്‍ ഭരണകൂടം പരാജയപ്പെട്ടുവെന്നും ഓരോ ദിവസവും പുതിയ കൂട്ടക്കൊലയാണ് നടക്കുന്നതെന്നും അമേരിക്കന്‍ മുസ്‌ലിം ഫോര്‍ പലസ്തീന്റെ ഡയറക്ടര്‍ മുഹമ്മദ് ഹബേയും പ്രതികരിച്ചു. ഗാസയില്‍ 6,00,000 കുട്ടികള്‍ അപകടത്തിലാണെന്നാണ് യൂണിസെഫ് അറിയിക്കുന്നത്. മേയ് ഒന്നിന് റഫായില്‍ ഇസ്രയേല്‍ ആരംഭിച്ച അധിനിവേശത്തില്‍ പത്ത് ലക്ഷത്തോളം പേരാണ് പലായനം ചെയ്തത്. പലസ്തീനില്‍ ഇതുവരെ 36,096 പേര്‍ കൊല്ലപ്പെടുകയും 81,136 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാരണങ്ങളൊന്നും ഇസ്രയേലിന് ആയുധസഹായം നിരസിക്കാൻ പര്യാപ്തമല്ലെന്നാണ് അമേരിക്ക പ്രവൃത്തിയിലൂടെ തെളിയിക്കുന്നത്.