യുഎസിലെ മിസൗറിയില്‍ വെടിവെപ്പ്; ഒരു മരണം, 22 പേർക്ക് പരുക്ക്, മൂന്ന് പേർ കസ്റ്റഡിയിൽ
അമേരിക്കയിലെ മിസൗറിയിൽ കാന്‍സസ് സിറ്റിയിൽ നടന്ന റാലിയ്ക്കിടെ വെടിവെപ്പില്‍ ഒരു മരണം. പതിനൊന്ന് കുട്ടികളടക്കം നിരവധി പേർക്ക് പരുക്കേറ്റു. ബുധനാഴ്ച നടന്ന ചീഫ്‌സ് സൂപ്പർ ബൗൾ വിജയത്തിന് പിന്നാലെ നടന്ന പരേഡിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി അന്താരഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവസ്ഥലത്തുനിന്ന് ഒരു തോക്ക് പോലീസ് കണ്ടെടുത്തു. പരുക്കേറ്റ കുട്ടികളിലധികവും ആറ് വയസിന് താഴെയുള്ളവരാണ്.
ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അമേരിക്കയിൽ ഏറെ പ്രചാരമുള്ള കായികയിനമായ സൂപ്പർ ബോളിൽ കാന്‍സസ് സിറ്റി ചീഫ് ടീമിന്‍റെ തുടര്‍ച്ചയായ രണ്ടാം ജയം ആഘോഷിച്ചുള്ള റാലിയിലാണ് ആക്രമണമുണ്ടായത്. യൂണിയൻ സ്‌റ്റേഷന്‍റെ പടിഞ്ഞാറ് ഭാഗത്തായി കൻസാസ് സിറ്റി ചീഫ് ആരാധകർ നീങ്ങുന്നതിനിടെയായിരുന്നു വെടിവെപ്പ്.
കൻസാസ് സിറ്റി ചീഫ് പ്രമുഖ താരം ട്രാവിസ് കെൽസെ സമൂഹമാധ്യമത്തിലൂടെ സംഭവത്തിൽ അനുശോചനം അറിയിച്ചു.
വെടിവെപ്പിൽ പരുക്കേറ്റവരുടെ നില ഗുരുതരമാണെന്നും അതിൽ എട്ട് പേർക്ക് ജീവന് ഭീഷണിയുള്ള തരത്തിൽ പരുക്കുണ്ടെന്നും പോലീസ് അധികൃതർ പറഞ്ഞതായി 'ദ ഗാർഡിയൻ' റിപ്പോർട്ട് ചെയ്‌തു.
സൂപ്പർ ബൗൾ വിജയാഘോഷത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് കാൻസസ് സിറ്റി ചീഫ്‌സ് ആരാധകരാണ് റാലിയ്ക്കായി എത്തിയത്. അഞ്ച് വർഷത്തിനിടെ കൻസാസ് സിറ്റി ചീഫ്‌സിന്റെ മൂന്നാമത്തെ എന്‍എഫ്‌എല്‍ ചാമ്പ്യൻഷിപ്പ് ആഘോഷമാണിത്. റാലി മുന്നോട്ടുനീങ്ങുന്നതിനിടെ നിരവധി പേർക്ക് വെടിയേറ്റതായി പൊലീസ് അറിയിച്ചതിനെത്തുടർന്ന് ആഘോഷങ്ങൾ അവസാനിപ്പിക്കുകയായിരുന്നു. തിരക്ക് മുൻനിർത്തി റാലി നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി എണ്ണൂറിലധികം പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
എവരിടൗൺ ഫോർ ഗൺ സേഫ്റ്റി പ്രകാരം അമേരിക്കയിൽ 38-ാം സ്ഥാനത്തുള്ള മിസൗറിയിൽ ആയുധങ്ങൾ പൊതുജനങ്ങൾ കൈയിലെടുക്കുന്നതിനെതിരെ വളരെ ദുർബലമായ നിയമങ്ങളാണ് നിലവിലുള്ളത്. തോക്കുകളുടെ ഉടമസ്ഥാവകാശത്തിന്റെ എണ്ണത്തിലും വെടിവെപ്പ് മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തിലും മിസൗറി മുന്നിലാണ്.