"ഞാൻ വൈറ്റ് ഹൗസിലെത്തുമ്പോൾ അമേരിക്ക വീണ്ടും സ്വതന്ത്രമാകും"; തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ പൊതുജന റാലിയിൽ ട്രംപ്

"ഞാൻ വൈറ്റ് ഹൗസിലെത്തുമ്പോൾ അമേരിക്ക വീണ്ടും സ്വതന്ത്രമാകും"; തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ പൊതുജന റാലിയിൽ ട്രംപ്

തന്റെ റിപ്പബ്ലിക്കൻ എതിരാളി റോൺഡി സാന്റിസിനെയും കടന്നാക്രമിച്ച ട്രംപ്, തനിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ നീക്കം നടത്തുന്ന പ്രോസിക്യൂട്ടർമാരെ കുറ്റപ്പെടുത്താനും മറന്നില്ല
Updated on
1 min read

2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ആദ്യ പൊതുജന റാലിയിൽ ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ആവർത്തിച്ച് അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. താൻ വിജയിച്ച് വീണ്ടും പ്രസിഡന്റ് ആകുമ്പോൾ അമേരിക്ക വീണ്ടും സ്വതന്ത്രമാകുമെന്ന് ട്രംപ് പറഞ്ഞു.

അമേരിക്കയിലെ ഇടതുപക്ഷത്തേയും സർക്കാരിനെയും തന്റെ റിപ്പബ്ലിക്കൻ എതിരാളി റോൺഡി സാന്റിസിനെയും കടന്നാക്രമിച്ച ട്രംപ്, തനിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ നീക്കം നടത്തുന്ന പ്രോസിക്യൂട്ടർമാരെ കുറ്റപ്പെടുത്താനും മറന്നില്ല. അതേസമയം, റാലി ജനാധിപത്യ വിരുദ്ധവും അമേരിക്കയുടെ മൂല്യങ്ങൾക്കെതിരുമാണെന്ന് ട്രംപിന്റെ വിമർശകർ അഭിപ്രായപ്പെട്ടു.

"എന്നെ തളർത്താനുള്ള തീവ്ര ശ്രമമാണ് ശത്രുക്കൾ നടത്തുന്നത്, നമ്മുടെ ആത്മവിശ്വാസത്തെ തകർക്കാൻ അവരെക്കൊണ്ട് കഴിയുന്ന സകലതും അവർ ചെയ്‌തു. എന്നാൽ ഇതെല്ലാം നമ്മളെ കൂടുതൽ ശക്തരാക്കി. 2024ലേതാണ് അവസാന യുദ്ധം, നിങ്ങൾ എന്നെ തിരികെ വൈറ്റ് ഹൗസിൽ എത്തിക്കണം. അതോടെ അവരുടെ ഭരണം അവസാനിക്കുകയും അമേരിക്ക ഒരിക്കൽ കൂടി സ്വതന്ത്ര രാഷ്ട്രമാകുകയും ചെയ്യും" ട്രംപ് പറഞ്ഞു.

താൻ കാരണമാണ് തിരഞ്ഞെടുപ്പിൽ റോൺ ഡി സാന്റിസ് വിജയിച്ചതെന്നും എന്നിട്ട് രണ്ട് വർഷങ്ങൾക്ക് ശേഷം തനിക്കെതിരെ മത്സരിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി

പ്രസംഗത്തിനൊപ്പം തന്നെ റാലി നടത്താൻ തിരഞ്ഞെടുത്ത സ്ഥലവും സന്ദർഭവുമെല്ലാം ഒട്ടേറെ വിമർശനങ്ങൾക്കാണ് കാരണമായിരിക്കുന്നത്. ആധുനിക അമേരിക്കയുടെ ചരിത്രത്തിലെ രക്തരൂഷിത അധ്യായമായ 'വാക്കോ ആക്രമണത്തി'ന്റെ 30-ാം വാർഷിക ദിനത്തിലാണ് അതേ സ്ഥലത്ത് ട്രംപ് റാലി സംഘടിപ്പിച്ചത്. 'ബ്രാഞ്ച് ഡേവിഡിയൻ' എന്ന തീവ്ര മതവിഭാഗവും അമേരിക്കൻ സുരക്ഷാ സൈന്യവും ഏറ്റുമുട്ടുകയും 75ഓളം പേരുടെ മരണത്തിന് കാരണവുമായ സംഭവമായിരുന്നു അത്. അത്തരമൊരു സംഭവത്തിന്റെ വാർഷികത്തിൽ റാലി സംഘടിപ്പിച്ചത് തന്റെ അനുയായികളിലെ തീവ്ര വിഭാഗത്തെ സന്തോഷിപ്പിക്കാനാണെന്നാണ് വിമർശനമുയരുന്നത്.

2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന വാദം, റാലിയില്‍ ട്രംപ് വീണ്ടും ഉന്നയിച്ചു. ഒപ്പം ജനുവരി ആറിലെ ക്യാപിറ്റോൾ കലാപത്തിലെ അക്രമികളെ പ്രശംസിക്കുകയും ചെയ്തു. റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർഥിത്വത്തിനുള്ള തന്റെ ഏറ്റവും ശക്തനായ എതിരാളിയായ റോൺ ഡിസാന്റിസ്, ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ തന്റെ പിന്തുണയ്ക്കായി യാചിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. താൻ കാരണമാണ് തിരഞ്ഞെടുപ്പിൽ റോൺ ഡി സാന്റിസ് വിജയിച്ചതെന്നും എന്നിട്ട് രണ്ട് വർഷങ്ങൾക്ക് ശേഷം തനിക്കെതിരെ മത്സരിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in