ഗാസയിലെ വെടിനിർത്തൽ; ചട്ടക്കൂടിന് ഇസ്രയേൽ സമ്മതിച്ചതായി റിപ്പോർട്ട്, ഇനി ഹമാസ് തീരുമാനിക്കണമെന്ന് അമേരിക്ക
ഗാസയിലെ ആക്രമണങ്ങൾക്ക് താത്കാലിക വിരാമമെന്ന നിലയിൽ ആറാഴ്ചത്തെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ സമ്മതിച്ചതായി റിപ്പോർട്ട്. സഹായവിതരണം വാങ്ങാൻ കാത്തുനിന്നവർക്ക് നേരെ നടത്തിയ വെടിവയ്പ്പിൽ നൂറിലധികം പലസ്തീനികൾ മരിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ കരാർ അംഗീകരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മുതിർന്ന ഉദ്യോഗസ്ഥനാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്.
നാലുമാസത്തെ നിരന്തര ബോംബാക്രമണത്തിൽ തകർന്ന ഗാസ മുനമ്പിലേക്ക് സഹായങ്ങൾ എത്തിക്കുക, ഹമാസിന്റെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കുക എന്നീ ഉപാധികൾ അടങ്ങിയ ചട്ടക്കൂടിന് ഇസ്രയേൽ സമ്മതം അറിയിച്ചുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രാരംഭ വെടിനിർത്തൽ സമയത്ത് കൂടുതൽ ശാശ്വതമായ പരിഹാരത്തിലേക്ക് എത്തിക്കാനുള്ള രണ്ടാം ഘട്ട പ്രവർത്തനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് പത്തിന് ആരംഭിക്കുന്ന റംസാന്‍ വ്രതാരംഭത്തിന് മുന്നോടിയായി ആക്രമണങ്ങൾ അവസാനിപ്പിക്കുന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നതെന്ന് വെള്ളിയാഴ്ച വാർത്തകൾ ഉണ്ടായിരുന്നു. ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. പാരീസ്, ദോഹ എന്നിവിടങ്ങളിൽ വച്ചായിരുന്നു ഇസ്രയേൽ പ്രതിനിധി ഉൾപ്പെടെ പങ്കെടുത്ത ചർച്ച. കെയ്‌റോയിൽ വച്ച് ഞായറാഴ്ച ആരംഭിക്കുന്ന സമാധാന ചർച്ചയിൽ ഹമാസിന്റെ പ്രതികരണം അറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു മുതിർന്ന ഈജിപ്ഷ്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
രോഗികളും പരുക്കേറ്റവരും പ്രായമായവരും സ്ത്രീകളും ഉൾപ്പെടുന്ന 'ദുർബലരായ' തടവുകാരെ ആദ്യം മോചിപ്പിക്കണമെന്നാണ് ചട്ടക്കൂട് നിർദേശിക്കുന്നത്. ഒപ്പം വടക്കൻ ഗാസയിലെ നിരാലംബരായ ലക്ഷകണക്കിന് മനുഷ്യർക്ക് ആവശ്യമായ സഹായം എത്തിക്കാനും കരാർ വഴിയൊരുക്കും. 2023 ഒക്ടോബർ ഏഴിന് ആക്രമണങ്ങൾ ആരംഭിച്ച ശേഷം ഇസ്രയേൽ, മുനമ്പിലേക്ക് ഭക്ഷണം, മരുന്ന് എന്നിവയുടെ പ്രവേശനം വിലക്കിയിരുന്നു.
ഇനി തീരുമാനമെടുക്കേണ്ടത് ഹമാസാണെന്നും എല്ലാം അവരുടെ കൈകളിലാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. ബന്ദികളാക്കിയവരുടെ പട്ടികയും അതിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരുടെയും പേരുകൾ എന്നിവ ഹമാസ് ഹാജരാക്കണമെന്നും അതുവരെ വെടിനിർത്തൽ ചർച്ചകൾ ഫലപ്രാപ്തിയിലേക്ക് എത്തില്ലെന്ന് ഇസ്രയേൽ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഉടൻ വെടിനിർത്തൽ ഉണ്ടാകുമെന്നാണ് ബൈഡന്റെ ആഹ്വാനത്തിന് തൊട്ടുപിന്നാലെ ഗാസയിൽ അമേരിക്ക ഭക്ഷണം എയർഡ്രോപ് ചെയ്യാൻ ആരംഭിച്ചിരുന്നു. ഗാസയിലെത്തുന്ന സഹായം പര്യാപ്തമല്ലെന്നും കൂടുതൽ സഹായം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ മാർഗങ്ങളും തേടുമെന്നും ബൈഡൻ പറഞ്ഞിരുന്നു.
നേരത്തെ നവംബറിൽ ഖത്തറിൻ്റെ മധ്യസ്ഥതയിൽ നടപ്പിലാക്കിയ ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തൽ കരാറിലൂടെ ഇസ്രയേലി ജയിലുകളിൽ കഴിഞ്ഞിരുന്ന 150 പലസ്തീൻ സ്ത്രീകൾക്കും കുട്ടികൾക്കും പകരമായി 105 ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു.