ടെലിവിഷന്‍ ടോക്ക് ഷോകളെ പൊളിച്ചെഴുതിയ അവതാരകന്‍; ജെറി സ്പ്രിങ്ങര്‍ അന്തരിച്ചു

ടെലിവിഷന്‍ ടോക്ക് ഷോകളെ പൊളിച്ചെഴുതിയ അവതാരകന്‍; ജെറി സ്പ്രിങ്ങര്‍ അന്തരിച്ചു

മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന Jerry Springer ഷോ എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധേയനാകുന്നത്
Updated on
1 min read

അമേരിക്കൻ ടെലിവിഷൻ അവതാരകൻ ജെറി സ്പ്രിങ്ങ‍ർ അന്തരിച്ചു. ചിക്കാഗോയിലെ വസതിയിലായിരുന്നു അന്ത്യം. 79കാരനായ ജെറി സ്പ്രിങ്ങ‍ർ പാൻക്രിയാറ്റിക് കാൻസർ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന ജെറി സ്പ്രിങ്ങ‍ർ ഷോ എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. മാധ്യമപ്രവർത്തകൻ, നടൻ, നിർമാതാവ്, അഭിഭാഷകൻ, രാഷ്ട്രീയക്കാരൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

അമേരിക്കയിലെ രാഷ്ട്രീയവും വിവാദങ്ങളും അഴിമതികളുമൊക്കെ ചർച്ച ചെയ്യുന്ന പരിപാടിയായിരുന്നു ജെറി സ്പ്രിങ്ങര്‍ ഷോ. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഷോയുടെ 5000 എപ്പിസോഡുകളാണ് 27 സീസണുകളിലായി ടെലിവിഷനിൽ സംപ്രേഷണം ചെയ്തത്.

രണ്ടാം ലോകമഹായുദ്ധ സമയത്ത് 1944ൽ ലണ്ടനിലെ ഹൈഗേറ്റിലാണ് സ്പ്രിങ്ങർ ജനിച്ചത്. ബ്രിട്ടീഷ് വംശജനായ അദ്ദേഹം നാലാം വയസില്‍ മാതാപിതാക്കൾക്കൊപ്പം യുഎസിലേക്ക് കുടിയേറി. ജർമനിയില്‍ നിന്നുള്ള ജൂത അഭയാർത്ഥികളായിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കൾ. പൊളിറ്റിക്കൽ സയൻസും നിയമവും പഠിച്ച അദ്ദേഹം രാഷ്ട്രീയത്തിലൂടെയാണ് ഔദ്യോ​ഗിക ജീവിതത്തിലേക്ക് കടന്നത്.

മുൻ അമേരിക്കൻ അറ്റോർണി ജനറൽ റോബർട്ട് എഫ് കെന്നഡിയുടെ ഉപദേശകനായിരുന്ന അദ്ദേഹം 1977-78 വരെ സിൻസിനാറ്റി മേയറായി സേവനമനുഷ്ഠിച്ചു. ഒഹായോ ഗവർണറാകാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മാധ്യമപ്രവര്‍ത്തനത്തിലേക്ക് ചുവടുമാറ്റി.

ജെറി സ്പ്രിങ്ങ‍ർ ഷോ
ജെറി സ്പ്രിങ്ങ‍ർ ഷോ

1991ൽ ആരംഭിച്ച ജെറി സ്പ്രിങ്ങ‍ർ ഷോ, ആദ്യ കാലങ്ങളിൽ അന്നത്തെ സാമൂഹിക വിഷയങ്ങളിലും യുഎസ് രാഷ്ട്രീയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സാധാരണ ടോക്ക് ഷോ മാത്രമായിരുന്നു. എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം, റേറ്റിങ് കൂട്ടുക എന്ന ഉദ്ദേശ്യത്തോടെ വിവാദം സൃഷ്ടിക്കാൻ സാധിക്കുന്ന രീതിയിലുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കാൻ തുടങ്ങി.

തുടർന്ന് മിക്ക എപ്പിസോഡുകളിലും അതിഥികൾ കുടുംബ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാനും വിവാഹേതര ബന്ധം, അതിക്രമങ്ങള്‍ എന്നിവയെല്ലാം തുറന്നുകാട്ടാനും തുടങ്ങി. സ്പ്രിങ്ങർ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുമായിരുന്നെങ്കിലും ചർച്ച പലപ്പോഴും ഏറ്റുമുട്ടലുകളിൽ കലാശിക്കുകയും അതിഥികളെ സുരക്ഷാ ഗാർഡുകൾ പിടിച്ചുകൊണ്ടു പോകേണ്ട അവസ്ഥ വരെയുമുണ്ടായി.

സ്പ്രിങ്ങ‍ർ തന്റെ ഷോയെ “എസ്‌കേപ്പിസ്റ്റ് എന്റർടൈൻമെന്റ്” എന്ന് വിശേഷിപ്പിച്ചെങ്കിലും പലരും സാമൂഹിക മൂല്യങ്ങളുടെ തകർച്ചയ്ക്ക് കാരണമായ പരിപാടിയായാണ് വിലയിരുത്തിയത്. റേറ്റിങ് കുറഞ്ഞതിനെ തുടർന്ന് 2018ല്‍ ഷോ അവസാനിപ്പിച്ചു. 'ദി മാസ്ക്ഡ് സിങ്ങർ' എന്ന പരിപാടിയിലൂടെ കഴിഞ്ഞ ഒക്ടോബറിലാണ് സ്പ്രിങ്ങർ അവസാനമായി പ്രേക്ഷകർക്ക് മുൻപിലെത്തിയത്.

logo
The Fourth
www.thefourthnews.in