ഇന്ത്യയുമായുള്ള ബന്ധം വളരെ പ്രധാനം, പങ്കാളിത്ത പ്രവർത്തനങ്ങളില്‍ മാറ്റമുണ്ടാകില്ല; നയം വ്യക്തമാക്കി കാനഡ
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വളരെ പ്രധാനമെന്ന് കാനഡ പ്രതിരോധമന്ത്രി ബിൽ ബ്ലെയർ. നിജ്ജാർ കൊലപാതകവുമായി ബന്ധപ്പെട്ട്, ഇരുരാജ്യങ്ങൾക്കും ഇടയിലെ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിലാണ് കാനഡ നയം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മില്‍ വർധിച്ചുവരുന്ന നയതന്ത്ര പിരിമുറുക്കങ്ങളുടെ അടിസ്ഥാനത്തില്‍, കനേഡിയൻ സർക്കാരിന്റെ നയതന്ത്രം പുനഃവിചിന്തനം ചെയ്യാനുള്ള സാധ്യതയെപ്പറ്റി പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. എന്നാല്‍, ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുമ്പോഴും ഇന്ത്യ- കാനഡ പങ്കാളിത്ത പ്രവർത്തനങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് ഗ്ലോബൽ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
കാനഡയിൽ തീവ്രവാദി സംഘടനകൾ ഉയർത്തുന്ന ഭീഷണികളെത്തുടർന്ന് ഹിന്ദു കനേഡിയൻ ജനതയ്ക്ക് വേണ്ടി, സ്വന്തം പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ലിബറൽ പാർട്ടി എംപി ചന്ദ്ര ആര്യ രംഗത്തെത്തി
"ഇന്ത്യയുമായുള്ള ബന്ധത്തെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ സാഹചര്യം വലിയ വെല്ലുവിളി തന്നെയാണ്. എന്നാല്‍, നിയമാനുസൃതവും സുതാര്യവുമായ അന്വേഷണം നടത്തുന്നതിനും രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാനും ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ, കനേഡിയന്‍ മണ്ണില്‍ വച്ചുണ്ടായ കനേഡിയന്‍ പൗരന്റെ കൊലപാതകം, ഞങ്ങളുടെ പരമാധികാരത്തിന്മേൽ ഉള്ള കടന്നുകയറ്റമായി കാണേണ്ടിവരും. ഇത് ആശങ്കയുയർത്തും." ബിൽ ബ്ലെയർ പറഞ്ഞു. ഇന്ത്യയുമായി ആഴത്തിലുള്ള വ്യാപാര, പ്രതിരോധ, കുടിയേറ്റ ബന്ധങ്ങൾ കാനഡ തേടുന്നതിനിടയിലാണ് ആരോപണങ്ങൾ ശക്തിപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിൽ തീവ്രവാദി സംഘടനകൾ ഉയർത്തുന്ന ഭീഷണികളെത്തുടർന്ന് ഹിന്ദു കനേഡിയൻ ജനത ആശങ്കയിലാണെന്നും ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരായ നിഷ്ക്രിയത്വത്തിന് സ്വന്തം പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉത്തരവാദികളാണെന്നും ലിബറൽ പാർട്ടി എംപി ചന്ദ്ര ആര്യ പറഞ്ഞു. കാനേഡിയൻ നിയമസഭാംഗമായ ആര്യ, ഹിന്ദു കനേഡിയൻമാർക്കുവേണ്ടി ആവർത്തിച്ച് ശബ്ദമുയർത്തിയിരുന്നു. ഗുർപത്വന്ത് സിംഗ് പന്നുനും മറ്റ് തീവ്രവാദ ഘടകങ്ങളും കാനഡയിലെ ഹിന്ദുക്കളോട് ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് ഭീഷണിമുഴക്കിയ സാഹചര്യത്തിലാണ് ചന്ദ്ര ആര്യയുടെ പ്രതികരണം.
അന്വേഷണവുമായി സഹകരിക്കാൻ ഇന്ത്യ ആവശ്യപ്പെട്ട മതിയായ തെളിവുകൾ ഇതിനോടകം തന്നെ സമർപ്പിച്ചുകഴിഞ്ഞെന്ന് കഴിഞ്ഞ ദിവസം ജസ്റ്റിൻ ട്രൂഡോ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന യാതൊരു തെളിവും കാനഡ കൈമാറിയിട്ടില്ലെന്നാണ് ഇന്ത്യൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രതികരണം. ജി -20 ഉച്ചകോടിക്ക് മുമ്പ് കനേഡിയൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോഡി തോമസ് ഇന്ത്യൻ രഹസ്യാന്വേഷണ മേധാവിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും കൈമാറിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിൽ വച്ചാണ് ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു. ഇതിനെച്ചൊല്ലി കാനഡയിൽ ഹിന്ദുക്കൾക്ക് നേരെ പ്രതിഷേധങ്ങൾ ശക്തിപ്പെട്ടിരുന്നു. ഹിന്ദുക്കളും ഇന്ത്യൻ വംശജരും കാനഡ വിട്ട് പോകണമെന്ന് വിഘടനവാദി സംഘടനകൾ പ്രഖ്യാപനമിറക്കി. പൗരന്മാരുടെ സംരക്ഷണത്തിനായി കാനഡയോട് ഇന്ത്യ അഭ്യർഥിച്ചിട്ടും ട്രൂഡോ സർക്കാർ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇതിനിടയിൽ, രഹസ്യാന്വേഷണ സഖ്യത്തിന്റെ അന്വേഷണത്തിലാണ് ഇന്ത്യയുടെ പങ്ക് വെളിപ്പെട്ടതെന്ന് യുഎസ് ആരോപിച്ചു. വ്യക്തമായ തെളിവുകൾ നിരത്തിയിട്ടും ഇന്ത്യ സഹകരിക്കുന്നില്ലെന്ന് കാനഡയും പറഞ്ഞിരുന്നു. ഇരു രാജ്യങ്ങൾക്കും ഇടയിലെ നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടാകുന്നതിൽ യുഎസ് ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.